Murali Thummarukudi

Muralee Thummarukudy
– Chief of Disaster Risk Reduction in the UN Environment Programme.

എന്നാണ് ഞാൻ ആദ്യമായി നിർമ്മിത ബുദ്ധിയെപ്പറ്റി എഴുതിയത്? 2015 ൽ ഓക്സ്ഫോർഡ് മാർട്ടിൻ സ്‌കൂളിൽ നിന്നും “Future of Employment” വായിച്ചപ്പോൾ ആണെന്ന് തോന്നുന്നു. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും ഉൾപ്പെട്ട പുതിയ സാങ്കേതിക വിദ്യകൾ അതിവേഗതയിൽ ഇന്ന് നമുക്ക് പരിചയമുള്ള പകുതി തൊഴിലുകൾ ഇല്ലാതാക്കും (Artificial Intelligence and stability in workplaces) എന്ന് ആ പഠനം പറഞ്ഞിരുന്നു.

അതിന് ശേഷം അതേ വിഷയം ഞാൻ അനവധി തവണ എഴുതി, സ്റ്റേജുകളിൽ സംസാരിച്ചു. 2019 ജനുവരിയിൽ അബുദാബിയിൽ ഒരിക്കൽ നിർമ്മിത ബുദ്ധിയേയും തൊഴിലുകളേയും പറ്റി സംസാരിക്കുകയായിരുന്നു. സദസ്സിൽ നിന്നും ഒരാൾ എന്നോട് ചോദിച്ചു.

“സർ ജഡ്ജിയുടെ ജോലി ഇല്ലാതാകുമോ?”

മാനുഷിക പരിഗണകളും മൂല്യബോധവും വേണ്ട ഒന്നാണല്ലോ ജഡ്ജിയുടേത്. അത് കൊണ്ട് ആ തൊഴിൽ നിർമ്മിത ബുദ്ധി ഏറ്റെടുക്കാൻ സാധ്യത ഇല്ല എന്ന് ഞാൻ ഉത്തരവും നൽകി. രണ്ടു മാസം കഴിഞ്ഞില്ല, 2019 മാർച്ചിൽ എസ്റ്റോണിയ എ.ഐ. ജഡ്ജുമാരെ വികസിപ്പിക്കുകയാണെന്ന് വാർത്ത വന്നു (ഈ വാർത്ത ശരിയല്ല എന്നുള്ള തിരുത്തും പിന്നാലെ).

പക്ഷെ ആ വർഷം അവസാനിക്കുന്നതിന് മുൻപ് ചൈനയിൽ നിർമ്മിത ബുദ്ധി ന്യായാധിപന്മാർ കേസുകൾ തീരുമാനിച്ചു തുടങ്ങി!

Artificial Intelligence

Minister of Artificial Intelligence

2019 നവംബറിൽ ആണെന്ന് തോന്നുന്നു ഞാൻ യു.എ.ഇ. യിലെ നിർമ്മിത ബുദ്ധിയുടെ മന്ത്രിയെ പരിചയപ്പെട്ടു. ലോകത്ത് ആദ്യമായിട്ടാണ് നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രമായി ഒരു മന്ത്രാലയവും മന്ത്രിയും ഉണ്ടാകുന്നത്.

ദുബായ് സർക്കാർ അവരുടെ എല്ലാ വകുപ്പുകളിലും നിർമ്മിത ബുദ്ധി ഉപയോഗിക്കാൻ പോവുകയാണെന്നും അതിന് വേണ്ടി മാത്രമായി എല്ലാ വകുപ്പുകളിലെയും സീനിയർ ആയ ഉദ്യോഗസ്ഥർക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രത്യേക പരിശീലനം നല്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രം ഒരു യൂണിവേഴ്സിറ്റി അബുദാബിയിൽ സ്ഥാപിക്കാനുള്ള പദ്ധതിയും അദ്ദേഹം വിശദീകരിച്ചു.

ആ വർഷം ഡിസംബറിൽ കേരളത്തിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി, കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ അവസരങ്ങളെ പറ്റി ഞാൻ എഴുതിയിരുന്നു. യു.എ.ഇ. യിലെ പോലെ എല്ലാ വകുപ്പുകളെയും ഒരുമിച്ച് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ചെയ്യാനുള്ള അവസരം, ആവശ്യം ഇതിനെയൊക്കെ പറ്റിയായിരിക്കും 2020 ൽ എഴുതുന്നതെന്നും അനാവശ്യമായ വിഷയങ്ങൾ ഒഴിവാക്കും എന്നുമൊക്കെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

നിർഭാഗ്യവശാൽ കൊറോണ പ്ലാനുകൾ മാറ്റിമറിച്ചു. ലോകത്ത് കൊറോണ നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും കൂടുതൽ പ്രയോഗത്തിൽ വന്നു. ചൈനയിലെ ആശുപത്രികളിൽ റോബോട്ടുകൾ മരുന്നും ഭക്ഷണവും വിതരണം ചെയ്യുന്ന വാർത്ത ലോകം കണ്ടു. സിംഗപ്പൂരിലെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ആയി.

ലോകം നാലാം വ്യവസായ വിപ്ലവത്തിൽ നിന്നും അഞ്ചാമെത്തേതിൽ എത്തി.

Artificial Intelligence

AI and Kerala 

കേരളത്തിൽ പക്ഷെ കാര്യങ്ങൾ നിന്ന നിലയിൽ പോലും നിന്നില്ല. കോവിഡ് കാലത്തെ ഒരു പദ്ധതിയോടെ നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനമായ ഡേറ്റ ഒരു ചീത്ത വാക്കായി മാറി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സോളാർ വിഷയം കേരളത്തിൽ സോളാർ സാങ്കേതിക വിദ്യയെ എങ്ങനെ പിന്നോട്ടടിച്ചോ അതുപോലെ ഡേറ്റ വിനിമയം ഉൾപ്പെടുന്ന ഒരു വിഷയവും അടുത്ത അഞ്ചു വർഷത്തേക്ക് കേരളത്തിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന നില വന്നു.

കേരളത്തിലെ സർക്കാരിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വരുത്താം എന്ന മോഹം അതോടെ പോയി. പിന്നെ ഞാൻ ഇക്കാര്യം സർക്കാരിൽ ആരോടും പറഞ്ഞില്ല.

2021 ൽ ദുബായ് എക്സ്പോയുടെ കാലത്ത് ഞാൻ വീണ്ടും അബുദാബിയിൽ എത്തി. നിർമ്മിത ബുദ്ധിയുടെ യൂണിവേഴ്സിറ്റി അപ്പോഴേക്കും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു !. ലോകത്തെവിടെനിന്നും നിർമ്മിത ബുദ്ധിയിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് ദുബായിലേക്ക് വിസ കിട്ടാൻ എളുപ്പമായി. ദുബായ് നിർമ്മിത ബുദ്ധിയുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

ലോകത്ത് അനവധി ഇടങ്ങളിൽ നിർമ്മിത ബുദ്ധി ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രത്യക്ഷത്തിലും അല്ലാതേയും കാണുന്നുണ്ടായിരുന്നു. ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകത്തെവിടെയും വിദ്യാർത്ഥികളോട് സംസാരിക്കുന്പോൾ നിർമ്മിതബുദ്ധിയാൽ മാറുന്ന ലോകത്തിന് തയ്യാറെടുക്കാൻ പറയാറുണ്ട്.

മുതിർന്നവരോട് പറയൽ നിർത്തി!

രണ്ടായിരത്തി ഇരുപത്തി മൂന്നിൽ പെട്ടെന്നാണ് chatGPT വരുന്നത്.

ആദ്യമായി എല്ലാവരും നിർമ്മിതബുദ്ധിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നേരിട്ട് കാണുകയാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ, ലേഖനം എഴുതാൻ, കഥ പറയാൻ, തിരക്കഥ തയ്യാറാക്കാൻ, കന്പ്യൂട്ടർ കോഡ് എഴുതാൻ, ഇങ്ങനെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വേണമെന്ന് നാം ചിന്തിച്ചിരുന്നതെല്ലാം ഒറ്റയടിക്ക് നിർമ്മിതബുദ്ധി ഏറ്റെടുത്തത് ജനം കാണാൻ തുടങ്ങുകയാണ്.

ഈ വളർച്ച ഒന്നും ശ്രദ്ധിക്കാതിരുന്നവർക്ക്, “എന്തൊക്കെയായായലും മനുഷ്യന്റെ ക്രിയേറ്റിവിറ്റിക്ക് മുകളിൽ കന്പ്യൂട്ടറിന് ഒന്നും ചെയ്യാൻ പറ്റില്ല” എന്നൊക്കെ ആശ്വസിച്ചിരുന്നവരുടെ ആശ്വാസം പോയി.

Artificial Intelligence

ഇതിന്റെ സംഭ്രമം ചുറ്റിലും കാണുന്നു. കുട്ടികൾ എഴുതിക്കൊണ്ടു വരുന്ന ഉപന്യാസം അവരാണോ എഴുതിയതെന്ന് എങ്ങനെ കണ്ടുപിടിക്കുമെന്ന് അധ്യാപകർ വേവലാതിപ്പെടുന്നു. കന്പ്യൂട്ടർ കഥ എഴുതുന്ന കാലത്ത് തിരക്കഥാകൃത്തുക്കളുടെ പണി പോകുമെന്ന് അവർ പേടിക്കുന്നു.

സർക്കാർ ഫയലുകളിൽ നോട്ടുണ്ടാക്കാൻ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ആവശ്യമില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ മനസിലാക്കുന്നു. കോടതിയിൽ കേസ് വാദിക്കാൻ വക്കീലന്മാരാവാൻ ഇനി മനുഷ്യർ വേണ്ട എന്നത് യാഥാർഥ്യമാകുന്നു.

ഒരു വർഷം ഇരുപതോളം റിസർച്ച് ഇന്റേൺഷിപ്പ് നടപ്പിലാക്കാറുള്ള എൻറെ ഓഫിസിൽ ഇനി അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ ചിന്തിക്കുന്നു. ഈ വർഷം ആദ്യത്തെ റോബോട്ട് ഇന്റേണിനെ നിയമിക്കാനുള്ള ശ്രമത്തിലാണ്. എൻറെ ജോലികൾ ഏതൊക്കെ തരത്തിൽ പുതിയ സാങ്കേതികവിദ്യകൊണ്ട് എളുപ്പമാക്കാമെന്ന് ചർച്ച തുടങ്ങുന്നു. (Artificial Intelligence and stability in workplaces)

ദന്തഗോപുരങ്ങൾ ലോകത്തെവിടെയും കുലുങ്ങി തുടങ്ങുകയാണ്. അവിടെ ബലം പിടിച്ചിരുന്നിട്ട് കാര്യമില്ല.

എങ്ങനെയാണ് പുതിയ സാങ്കേതിക വിദ്യ നമ്മുടെ തൊഴിൽ എളുപ്പമാക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് എന്ന് നാം അന്വേഷിച്ച പറ്റൂ. അങ്ങനെ ചെയ്തു കഴിയുന്പോൾ നമ്മുടെ തൊഴിൽ ബാക്കി ഉണ്ടാകുമോ എന്നും ഇല്ലെങ്കിൽ പുതിയതായി എന്ത് തൊഴിലിലേക്കാണ് നീങ്ങാൻ പറ്റുന്നതെന്നും ആലോചിക്കാൻ സമയമായി. chatGPT ഒരു തുടക്കം ആണ്. ആലോചനകൾ ഇപ്പോഴെങ്കിലും തുടങ്ങിയാൽ നല്ലത്.

Reference : ദന്ത ഗോപുരങ്ങൾ കുലുങ്ങുന്പോൾ..

Read More : നമ്മുടെ കുട്ടികൾ കാനഡക്ക് പോകുമ്പോൾ