കൗമാരക്കാരായ കുട്ടികൾ ഉള്ള മാതാപിതാക്കളും സഹോദരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായ ഒരു കാര്യമാണിത്. ഒപ്പം അവരുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം കൊണ്ട് ആകുലപ്പെടുന്ന രക്ഷിതാക്കൾ മിക്കപ്പോഴും അവർ എന്ത് കൊണ്ട് അങ്ങിനെ പെരുമാറുന്നു എന്ന് ചിന്തിക്കാനോ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ശ്രമിക്കാത്തതാണ് യഥാർത്ഥ പ്രശ്നം. തങ്ങളും ഈ കാലഘട്ടം കഴിഞ്ഞാണ് ഇവിടെയെത്തിയത് എന്നെങ്കിലും രക്ഷിതാക്കൾ ഓർക്കേണ്ടതായിട്ടുണ്ട്.
ബ്ലൂ വെയിൽ ഗേയിമിനെ കുറിച്ച് ആശങ്കപ്പെടുന്നവരും വഴി തെറ്റിപ്പോവുമോ എന്ന ഭയപ്പെടുന്നവരുമായ മാതാപിതാക്കളുണ്ട്. തന്റെ കുട്ടി ഒരിക്കലും അരുതാത്തതൊന്നും ചെയ്യില്ല എന്നു ഉറച്ചു വിശ്വസിക്കുന്ന രക്ഷിതാക്കളുമുണ്ട്. ഈ വിശ്വാസമാണ് സർവ്വത്ര കുഴപ്പങ്ങൾക്കും കാരണം എന്നതാണ് വാസ്തവം. എന്തുകൊണ്ടെന്നാൽ ജീവ ശാസ്ത്രപരമായ കാര്യങ്ങളാണ് കൗമാരക്കാരുടെ പെരുമാറ്റ രീതിയുടെ അടിസ്ഥാനം. അതിൽ രക്ഷിതാക്കളുടെ വിശ്വാസത്തിനോ വിദ്യാഭ്യാസത്തിനോ ഒരു പങ്കുമില്ല എന്നറിയുക തന്നെ വേണം.
അതിവൈകാരികത, അമിത കോപം, എടുത്തു ചാട്ടം, സാഹസിക കാര്യങ്ങളോടുള്ള ആഭിമുഖ്യം, നിഷേധാത്മക സമീപനം തുടങ്ങി ഒരു പാട് പെരുമാറ്റ വൈകല്യങ്ങൾ കൗമാരക്കാരായ കുട്ടികളിൽ ഏറിയും കുറഞ്ഞും കാണപ്പെടാറുണ്ട്. ഇതിന്റെ കാരണം രക്ഷിതാക്കൾ നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. ഒരു വ്യക്തിയുടെ ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് മസ്തിഷ്ക്കമാണല്ലോ. കൗമാരകാലഘട്ടത്തിൽ മസ്തിഷ്ക്കത്തിന് ഉണ്ടാവുന്ന മാറ്റം എന്താണെന്ന് ലളിതമായി മനസ്സിലാക്കാൻ ശ്രമിക്കാം.
വികാരങ്ങളും ഓർമ്മയും പെരുമാറ്റ രീതികളും ഒക്കെ ഉത്പാദിപ്പിക്കപ്പെടുന്ന മസ്തിഷ്ക്ക ഭാഗമാണ് ലിമ്പിക് സിസ്റ്റം. വികാരങ്ങളുടെ ഉത്പാദനം നടക്കുന്ന അമിഗ്ഡല, ഓർമ്മയുടെ ഹിപ്പോകാമ്പസ് തുടങ്ങിയവ അടങ്ങിയ ഒരു ഭാഗമാണിത്. ലിംബിക് സിസ്റ്റത്തിന്റെ നിയന്ത്രണം PFC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രീ ഫ്രോൻറൽ കോർട്ടക്സിനാണ്. വീണ്ടുവിചാരം ഉണ്ടാക്കുന്നതും വരും വരായ്കകളെ അനലൈസ് ചെയ്യുന്നതും പ്രശ്നങ്ങളെ അപഗ്രഥിക്കുന്നതും പെരുമാറ്റ രീതികളെ നിയന്ത്രിക്കുന്നതും പക്വത നൽകുന്നതും ഈ PFC യുടെ ഉത്തരവാദിത്തമാണ്.
സാങ്കേതികത്വം ഒഴിവാക്കി ലളിതമായി പറയുകയാണെങ്കിൽ ലിംബിക് സിസ്റ്റം കുട്ടികളായും PFC യെ അധ്യാപകനുമായും സങ്കൽപ്പിക്കാം. കൗമാര കാലഘട്ടത്തിൽ വികാരങ്ങളുത്പാദിപ്പിക്കുന്ന ലിംബിക് സിസ്റ്റം ആദ്യം വളർച്ചയെത്തുകയും അതിനെ നിയന്ത്രിക്കേണ്ട PFC പതുക്കെ മാത്രം വളർച്ചയെത്തുകയും ചെയ്യുന്നു.( ഒരു പാട് ലളിതമാക്കിയതിന് ഡോക്ടർമാർ ക്ഷമിക്കുക. കുറഞ്ഞ പക്ഷം സിനാപ്റ്റിക് പ്രൂണിംഗ് കൂടി പരാമർശിക്കുന്നുണ്ട്)
അതായത്, അതായത് കുട്ടികൾ റെഡിയായി, പക്ഷെ അവരെ വഴികാട്ടുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട അധ്യാപകൻ പൂർണ്ണമായും റെഡിയായിട്ടില്ല. പിന്നെന്ത് നടക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. ഇതാണ് ഒന്നാമത്തെ പ്രശ്നം. PFC ജൈവീകമായി പൂർണ്ണ സജ്ജമല്ലാത്തത് കൊണ്ട് മാത്രം കോപം നിയന്ത്രിക്കാൻ കഴിയാത്ത കുട്ടിയെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് മുൻപ് ഒന്നാലോചിക്കുക. ഇത് കുട്ടിയുടെ കുറ്റമല്ല. ശിക്ഷണ നടപടികൾ മൂലം കൂടുതലായി വൈകാരികത സൃഷ്ടിക്കുക മാത്രമായിക്കും ഫലം. അതും അവന്റെ നിയന്ത്രണത്തിലല്ല എന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളു.
അടുത്തത്, കൗമാര പ്രായത്തിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ സൃഷ്ടിക്കുന്ന ഫലങ്ങളാണ്. പ്രായപൂർത്തിയാവുന്നത് വരെ ഹോർമോണുകളുടെ കുത്തൊഴുക്കായിരിക്കും ഉണ്ടാവുക. അവയിൽ പലതും വൈകാരിക മാറ്റങ്ങൾ ഉളവാക്കുന്നതുമാണ്. പക്ഷെ നിയന്ത്രണ ഭാഗം പൂർണ്ണ സജ്ജമല്ലാത്തതിനാൽ ഫലം എന്തായിരിക്കും എന്നൂഹിക്കാമല്ലോ ?
മൂന്നാമത്തെ പ്രശ്നം മസ്തിഷ്കത്തിൽ നടക്കുന്ന Synaptic Pruning എന്ന പ്രക്രിയ ആണ്.
പൂന്തോട്ടത്തിലെ ചെടികളിലും മരങ്ങളിലും ഭംഗിയാക്കാനും ഷേപ്പ് ആക്കാനും മറ്റും നമ്മൾ നടത്തുന്ന കൊമ്പ് കോതൽ എന്നു പറയുന്ന പരിപാടി ഉണ്ടല്ലോ ? അതു തന്നെയാണ് പ്രൂണിംഗ് എന്ന സംഭവം. അതായത് ചെടിയുടെ അല്ലെങ്കിൽ മരത്തിന്റെ ആവശ്യമില്ലാത്ത ശിഖരങ്ങൾ വെട്ടി കോതിയൊതുക്കി ആവശ്യമുള്ളവയ്ക്ക് ആരോഗ്യത്തോടെ വളരാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഉദ്ധ്യേശം.
താത്പര്യമുള്ളവർക്കായി സിനാസ്റ്റിക് പ്രൂ ണിംഗ് വിശദമാക്കാം.
കോടിക്കണക്കിന് നാഡീകോശങ്ങളുടെ ശൃംഖലയാണ് മസ്തിഷ്ക്കം എന്നറിയാമല്ലോ. ഓരോ കോശങ്ങളും പരസ്പരം ചിന്തിക്കുന്നതിനപ്പുറത്തുള്ള വേഗതയിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. കോശത്തിലെ ആക്സോൺ എന്ന ഭാഗത്തിലൂടെ അടുത്ത കോശത്തിലെ ഡെൻഡ്രൈറ്റുകൾ എന്ന സ്വീകർത്താവിലേക്ക് സന്ദേശം കൈമാറുന്നത് Synapട എന്നറിയപ്പെടുന്ന വിടവിലൂടെയാണ്. അതായത് രാസമാറ്റത്തിലൂടെ ഒരു സിനാപ്സ് രൂപപ്പെടുന്നു. തുടർച്ചയായി ഒരു സിനാപ്സിലൂടെ സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവ ബലവത്താവുന്നു. ഇതിന്റെ ഫലമായാണ് നമുക്ക് പല സ്കില്ലുകളും സിദ്ധിക്കുന്നത്. ഡ്രൈവിംഗ് മുതൽ കീബോർഡ് വായന വരെ എന്തു കാര്യവും ഇങ്ങിനെയാണ് നമ്മുടെ മനസ്സിലുറക്കുന്നത്.
കൗമാരത്തിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരു പാട് സിനാപ്സ് നമ്മളിലുണ്ടാവും. ഏകദേശം 24 വയസ്സുവരെ ഇവയുടെ വെട്ടിയൊതുക്കൽ നടന്നുകൊണ്ടിരിക്കും. അതിനു മുൻപ് കുട്ടികളിൽ വേണ്ടാത്തതായ പല സ്വഭാവ ഗുണങ്ങളും ഉണ്ടായിരിക്കും എന്ന് നേരത്തെ പറഞ്ഞല്ലോ ? ഇതിൽ നിന്നും മാതാപിതാക്കൾ മനസ്സിലാക്കേണ്ടത്, കുട്ടികളിലുണ്ടാവുന്ന പെരുമാറ്റ വ്യത്യാസം ജൈവികമാണെന്നും അത് താൽക്കാലികമാണെന്നതുമാണ്. പക്വതയുടെ ആശാനായ PFC യിലെ വെട്ടിയൊതുക്കൽ പൂർത്തിയാവുന്നതോടെ അവർ പക്വതയുള്ളവരായി മാറും. പലർക്കും പല പ്രായത്തിലായിരിക്കും ഈ പക്വത ലഭിക്കുന്നത്.
അതു കൊണ്ട് കുട്ടികളുടെ കാര്യത്തിൽ എപ്പോഴും കരുതൽ വേണം. അവരെ വിശ്വസിക്കുന്നതായി ഭാവിക്കുക, എന്നാൽ അന്ധമായി വിശ്വസിക്കാതിരിക്കുക. എപ്പോഴും നിരീക്ഷണത്തിൽ നിർത്തുക. എൻറെ കുട്ടി അരുതാത്തതൊന്നും ചെയ്യില്ല എന്ന് അന്ധമായി വിശ്വസിക്കുകയാണെങ്കിൽ ദുഃഖം ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുക.
മാതാപിതാക്കൾ ഈ അവസരത്തിൽ എന്താണ് ചെയ്യേണ്ടത് എന്നു നോക്കാം.
നിങ്ങളുടെ കുട്ടി നിങ്ങൾക്ക് കുട്ടിയായിരിക്കും. പക്ഷെ കുട്ടി കരുതുന്നത് താൻ മുതിർന്ന ആളാണെന്നാണ്. അംഗീകാരത്തിന് വേണ്ടി അദമ്യമായി ദാഹിക്കുന്ന മനസ്സാണവരുടേത് എന്ന് മനസ്സിലാക്കുക. കുടുംബത്തിൽ അവർക്ക് വേണ്ട പരിഗണന കൊടുക്കുക, കുടുംബ ചർച്ചകളിലും തീരുമാനങ്ങളിലും അവരെ ഭാഗഭാക്കാക്കുക, അവരുടെ അഭിപ്രായം ആരായുക തുടങ്ങിയവ മാതാപിതാക്കൾ നിർബന്ധമായും ചെയ്യേണ്ടതും എന്നാൽ മിക്കവരും ചെയ്യാത്തതുമാണ്. ഇത് സങ്കടകരമായ വസ്തുതയാണ്. അവരെ ചെറിയ കുട്ടിയായി പരിഗണിക്കുന്നത് അവർ തീരെ ഇഷ്ടപ്പെടുന്നില്ല എന്ന് തിരിച്ചറിയുക.
സാമൂഹികമായ അംഗീകാരം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ, സാമൂഹ്യ സേവനങ്ങളിൽ നിർബന്ധമായും അവരെ പങ്കെടുപ്പിക്കുക. അവരുടെ ഊർജ്ജവും ആവേശവും ക്രിയാത്മകമായ കാര്യങ്ങളിലേക്ക് വഴി തിരിച്ച് വിടുക എന്നത് വളരെ പ്രധാനമാണ്. അതല്ലെങ്കിൽ വളഞ്ഞ വഴിയിലൂടെ അംഗീകാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കുട്ടികളാണ്, സാഹസിക കാര്യങ്ങളിൽ ഏർപ്പെടുക, അതിവേഗതയിൽ വണ്ടി ഓടിക്കുക, വസ്ത്രധാരണത്തിൽ കോപ്രായം കാണിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത്. പ്രസിദ്ധി കിട്ടിയില്ലെങ്കിൽ കുപ്രസിദ്ധി ആയാലും മതി എന്നവർ കരുതുന്നു.
മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റാനാണ്, അവരിങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കി, മാന്യമായ രീതിയിൽ അംഗീകാരം നേടാനുള്ള വഴിയിലേക്ക് അവരെ നയിക്കേണ്ടത്, ഓരോ രക്ഷകർത്താവിന്റെയും കടമയാണ്. പരിസ്ഥിതി, സാമൂഹ്യ സേവനം, കലാ കായിക മത്സരങ്ങൾ, വളണ്ടിയർ ജോലി തുടങ്ങി അവർക്ക് അംഗീകാരം കിട്ടുന്ന കാര്യങ്ങളിൽ അവരെ ഉൾപ്പെടുത്തുക. തെറ്റു പറ്റുമ്പോൾ കുറ്റപ്പെടുത്താതെ ശരിയായ കാര്യം ചൂണ്ടിക്കാണിക്കുക. അത് ശരിയായി തന്നെ ചെയ്യാനുള്ള കഴിവ് അവർക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ അകമഴിഞ്ഞ് പ്രശംസിക്കുക. ചെറിയ സമ്മാനങ്ങളും നൽകാം. നെഗറ്റീവ് ആയ വാക്കുകൾ കുട്ടികളോട് ഉപയോഗിക്കാതിരിക്കുക. കഴിവ് കെട്ടവൻ, മടിയൻ, ധിക്കാരി തുടങ്ങിയ വാക്കുകൾ മനസ്സിൽ പതിഞ്ഞാൽ അവർ സ്വാഭാവികമായി അതായിത്തീരും. മറിച്ച് നല്ല വാക്കുകൾ ഉപയോഗിച്ച് അതായിത്തീരാൻ പ്രേരിപ്പിക്കുക.
കുട്ടികളോടൊപ്പം ചിലവഴിക്കാൻ മനപൂർവ്വമായി സമയം കണ്ടെത്തുക. പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടെങ്കിൽ പെട്ടന്ന് തിരിച്ചറിയാൻ കഴിയും.
കുട്ടികളുടെ സ്കൂളിലെയോ കോളേജിലേയോ വിശേഷങ്ങൾ കേൾക്കാനായി ദിവസവും കുറച്ചു സമയം മാറ്റി വയ്ക്കുക. അവരുടെ അധ്യാപകരെ മാസത്തിൽ ഒരിക്കൽ സന്ദർശിക്കുന്നത് ശീലമാക്കുക. കുട്ടികളെ മനസ്സിലാക്കി, അവരോടൊപ്പം നിൽക്കുന്ന രക്ഷിതാക്കൾ ബ്ലൂ വെയിൽ എന്നല്ല അത്തരത്തിലുള്ള യാതൊന്നിനെയും ഭയക്കേണ്ടി വരില്ല. മക്കളെ ഓർത്ത് ദു:ഖിക്കേണ്ടിയും വരില്ല. Synaptic pruning നടക്കുന്ന കാലത്തുള്ള കാര്യങ്ങൾ ജീവിത കാലം മുഴുവനും മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുമെന്നതിനാൽ അവരുടെ സ്വഭാവ രൂപീകരണവും ഈ സമയത്താണെന്നോർക്കുക.
ശാരീരികമായും മാനസികമായും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ നമ്മുക്ക് ശ്രമിക്കാം.