Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ  (Ph: +91 9847034600)

ആചാര്യൻ, ഗുരു, ടീച്ചർ, ഫെസിലിറ്റേറ്റർ, ഗൈഡ്, എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അധ്യാപകർ അറിയപ്പെട്ടിരുന്നത്. എക്കാലവും അധ്യാപക സമൂഹം പൊതുമനസ്സിൽ സ്വീകാര്യരും ആദരണീയരുമാണ്. ഒരു തൊഴിൽ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ മഹനീയവും ഉന്നതവുമായ സ്ഥാനമാണ് സമൂഹം കല്പിച്ചുനൽകിയിട്ടുള്ളത്. ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അധ്യാപകൻ ഉണ്ടായിരുന്നതായി ചരിത്ര സംഭവങ്ങൾ വിശകലനം ചെയ്താൽ ബോധ്യമാകും. ഈ കോവിഡ് കാലഘട്ടത്തിലും അധ്യാപക ദൗത്യം വളരെ പ്രാധാന്യമേറിയതാണ്. എല്ലാതലങ്ങളിലും അരക്ഷിതത്വത്തിലായ കുട്ടികൾക്ക് മുന്നിൽ അധ്യാപകർ മെന്റർമാരും കൗൺസിലർമാരും ആകേണ്ടതുണ്ട്.

മെന്റർ എന്ന വാക്കിന് മാർഗദർശി, പരിചയ സമ്പന്നനും വിശ്വസ്തനുമായ ഉപദേഷ്ടാവ് എന്നാണ് അർത്ഥം. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ലോകമെങ്ങുമുള്ള വിദ്യാർത്ഥികൾ നേരിടുന്നത്. 190 രാജ്യങ്ങളിലായി 160 കോടി പേരുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 45 ലക്ഷം കുട്ടികളിൽ ഒരു ചെറിയ ശതമാനത്തിനെങ്കിലും ടിവി, ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ സൗകര്യങ്ങൾ ലഭ്യമായിട്ടില്ല. പലർക്കും ഓൺലൈൻ പഠനത്തിന് നെറ്റ്‌വർക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങളും ഉണ്ട്. ഇവ പരിഹരിക്കാൻ സർക്കാരും ജനകീയ കൂട്ടായ്മ കളും അധ്യാപകരും ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നുയെന്നത് ആശ്വാസകരമാണ്.

സ്‌ക്കൂളിൽ പോകാതെയും അധ്യാപകരോടും കൂട്ടുകാരോടും നേരിട്ട് ആശയവിനിമയം നടത്താൻ കഴിയാതെയും വീടിനുള്ളിൽ കഴിയേണ്ടി വരുന്ന വിദ്യാർത്ഥികളിൽ മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്. സി.ഇ. ആർ.ടി) നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും അമിതോപയോഗം, വിഷാദ രോഗലക്ഷണങ്ങൾ, ഉത്കണ്ഠ, ഏകാന്തത, വൈകാരിക നിയന്ത്രണത്തിലുള്ള ബുദ്ധി മുട്ടുകൾ എന്നിവ വിദ്യാർത്ഥികളിൽ ഗണ്യമായ അളവിൽ ഉണ്ടെന്നാണ് പഠന റിപ്പോർട്ട്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന പ്രക്രിയയാണ് ഇപ്പോൾ പ്രധാനം. അതിനാൽ ഒരു കൗൺസിലറിന്റെയും മെന്ററിന്റെയും റോളാണ് അധ്യാപകൻ ഈ കാലഘട്ടത്തിൽ നിർവഹിക്കേണ്ടത്.

ഒരു പക്ഷേ, എല്ലാ അധ്യാപകരും അതിനായി ശാസ്ത്രീയ പരിശീലനം ലഭിച്ചവരാകണമെന്നില്ല. എങ്കിലും കുട്ടികളുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങൾ കേൾക്കുവാൻ തയ്യാറാകുമ്പോൾ അവർക്ക് ആശ്വാസമാകും. പരിചയസമ്പന്നരോട് സംസാരിച്ച് മാർഗനിർദേശങ്ങൾ നൽകാം. ചിലർക്കെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടാകാം. അവരെ പ്രൊഫഷണൽ കൗൺസിലിങ്ങിനോ ചികിത്സക്കോ വിധേയരാക്കേണ്ടിവരും. സ്‌നേഹവും സഹാനുഭൂതിയുമാണ് മെന്റർക്കുവേണ്ട പ്രഥമഗുണം. കുട്ടികൾക്ക് തുറന്നു സംസാരിക്കാൻ കഴിയണം. കുട്ടികളോട് സുഹൃത്തുക്കളെന്നപോലെ പെരുമാറണം. ആത്മബന്ധം സ്ഥാപിക്കണം. അവരെ പ്രചോദിപ്പിക്കണം, മോട്ടിവേറ്റ് ചെയ്യണം, ദിശാബോധം പകരണം, അഭിനന്ദിക്കണം. അങ്ങനെ ഏത് പ്രതിസന്ധിയുടെ നടുവിലും ശക്തിപകരാൻ അധ്യാപകർക്ക് കഴിയുമ്പോഴാണ് അധ്യാപകൻ മെന്ററായി മാറുന്നത്.

പരാജയചിന്ത, നിരാശ, ആക്രമണ സ്വഭാവം, അരക്ഷിതത്വം, നീരസം, ശൂന്യത, അനിശ്ചിതത്വം എന്നിങ്ങനെ ഏഴ് തരം പ്രശ്‌നങ്ങളുടെ പിടിയിലാകും കോവിഡ് കാലത്തെ കുട്ടികൾ. അതിന്റെ പിടികളിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ സർഗാത്മക ചിന്തകൾ കുട്ടികൾക്ക് അധ്യാപകർ പകർന്നുനൽകണം. ഭിന്നശേഷിക്കാരായ കുട്ടികൾ, ശ്രവണ-കാഴ്ച പരിമിതിയുള്ളവർ, പഠന വൈകല്യങ്ങളുള്ളവർ എന്നിവർക്ക് ഓൺലൈൻ പഠനത്തിന് പരിമിതിയുണ്ട്. അവർക്ക് വ്യക്തി പരമായ അടുപ്പവും ശ്രദ്ധയും ആവശ്യമുണ്ട്. പാഠ ഭാഗങ്ങൾ മുഖാമുഖം ചർച്ച ചെയ്യുമ്പോൾ കിട്ടുന്ന പഠനാനുഭവവും സംശയ നിവാരണവും ഊർജവും ഓൺലൈനിൽ ലഭ്യമാക്കാനാകില്ല. മറ്റനേകം പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കുന്നുണ്ട്. അതെല്ലാമാണ് ഒരു വിദ്യാർത്ഥിയെ ഉത്തമ മനുഷ്യനായി രൂപപ്പെടുത്തുന്നത്. ഈ രൂപാന്തര പ്രക്രിയ ഓൺലൈനിലൂടെ സാധ്യമല്ല. ഇതിന്റെയൊക്കെ പ്രതിഫലനം കുട്ടികളിലുണ്ടാകും. ഏകാന്തത, അസ്വസ്ഥത, പിരിമുറുക്കം എന്നിവ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് ശക്തി കുറയ്ക്കാനും ആശ്വാസം പകരാനും പ്രതീക്ഷയും പ്രത്യാശയും നൽകുവാനും അധ്യാപകനെന്ന മെന്റർക്ക് സാധിക്കണം.

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചവരാണ് നമ്മൾ. ”ഈ കാലവും കടന്നുപോകും, നമ്മൾ അതിജീവിക്കും” എന്ന ശുഭാപ്തി ചിന്ത അനുദിനം കുട്ടികളിൽ നിറയ്ക്കുക. ”ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ഓരോ ദിവസവും എന്റെ ആത്മവിശ്വാസവും മനോധൈര്യവും വർദ്ധിച്ചുവരുന്നു. ഏത് പ്രതികൂലസാഹചര്യങ്ങ ളെയും നേരിടാൻ എനിക്ക് സാധിക്കും. എന്നെ ഞാൻ ഇഷ്ടപ്പെടുന്നു; ബഹുമാനിക്കുന്നു. എനിക്ക് എന്റെ മനസിനെ സ്വയം നിയന്ത്രിക്കാൻ സാധിക്കും. ഞാൻ ഉന്മേഷവാനാണ്; ഊർജസ്വലനാണ്” എന്ന ഓട്ടോ സജക്ഷൻ ദിവസവും പലവട്ടം ആവർത്തിക്കാൻ കുട്ടികളോട് പറയുക. വാക്ക് ഊർജമാണ്. ആത്മധൈര്യവും ആത്മവിശ്വാസവും പകരുന്ന വാക്കുകൾ ഉപയോഗിക്കുക. കരുത്താകുക; കരുത്തേകുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!