
ട്രെയ്നർ, മെൻറർ (Ph: +91 9847034600)
ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനുമായ ജോണ്‍ റസ്‌കിന്‍ ”ഹൃദയത്തില്‍ സത്യമുള്ള വന്‍ തന്റെ നാവിനെ ഭയപ്പെടേണ്ടതില്ല ” എന്ന് പറഞ്ഞിട്ടുണ്ട്. അകത്തുള്ളതാണ് വാക്കായും പ്രവൃത്തിയായും പുറത്തുവരുന്നത്. എങ്കിലും കാതിനും നാവിനും മുന്‍പില്‍ അരിപ്പകള്‍ ഉള്ളതാണ് നല്ലത്, വേണ്ടതുമാത്രം അകത്തേക്ക് എടുക്കാനും പ്രയോജനകരമായത് മാത്രം പുറത്തേക്ക് വിടാനും അരിപ്പ നമ്മെ സഹായിക്കും. പറയും മുന്‍പേ സംസാരത്തിന് അരിപ്പകളുടെ പരിശോധന വേണമെന്ന് തത്വചിന്തകനായ സോക്രട്ടീസ് നിഷ്‌കര്‍ഷിച്ചിരുന്നു.
സത്യത്തിന്റെ അരിപ്പ
പറയാന്‍ പോകുന്നത് യാഥാര്‍ത്ഥ്യമാണോ, സത്യമാണോ എന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം പറയുക. കേട്ട് കേള്‍വികള്‍ പറയാതിരിക്കുക
നന്മയുടെ അരിപ്പ
പറയാന്‍ പോകുന്ന കാര്യം എന്തെങ്കിലും നന്മ വ്യക്തിക്കോ സമൂഹത്തിനോ സൃഷ്ടിക്കുന്നതാണോ എന്നറിയുക. ദോഷകരമായിട്ടുള്ളതും പിശകായിട്ടുള്ളതും തിന്മ വരുത്തുന്നതുമായ കാര്യങ്ങള്‍ പറയാതിരിക്കുക.
പ്രയോജനത്തിന്റെ അരിപ്പ
ഏതെങ്കിലും തരത്തില്‍ കേള്‍ക്കുന്നവര്‍ക്ക് പ്രയോജനകരമാണെങ്കില്‍ മാത്രം പറയുക. സത്യമല്ല, നന്മയല്ല, പ്രയോജനകരവുമല്ലാത്ത ഒരു കാര്യം എന്തിന് പറയണം ? വായ് തുറക്കുന്നതിനു മുമ്പ് ഹൃദയത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കണം. എന്റെ വാക്കുകള്‍ മുറിപ്പെടുത്തുമോ, മുറിവുണക്കുമോ ? അടുപ്പം കൂട്ടുമോ അതോ അകലം കൂട്ടുമോ. നിരാശയില്‍ നിന്നോ, അഹന്തയില്‍ നിന്നോ, അവിവേകത്തില്‍ നിന്നോ, ആവേശത്തില്‍ നിന്നോ അസഹിഷ്ണുതയില്‍ നിന്നോ ആണോ എന്റെ പ്രതികരണങ്ങള്‍ എന്നെല്ലാം ചിന്തിക്കണം.
വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാനാകില്ല. നമ്മുടെ വാക്കുകള്‍ അനുചിതവും അരോചകവുമായാല്‍ ആളുകള്‍ അകന്നു പോകും. എല്ലാ വാക്കുകളും അളന്ന് തുക്കി പറയാനാകില്ല. എങ്കിലും ആരെയും അപമാനിക്കാതെയും അപകീര്‍ത്തിപ്പെടുത്താതെയും വേദനിപ്പിക്കാതെയും സംസാരിക്കാന്‍ കഴിയണം. മര്യാദയും ആദരവുമില്ലാത്ത, സ്‌നേഹരഹിതമായ ഭാഷയും സംസാരവും വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്.
ദബോറ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്റെ പ്രയോഗങ്ങളെ 30 ആയി തരം തിരിക്കുന്നു.
- നുണ പറയുന്ന നാവ്
- പൊങ്ങച്ചം പറയുന്ന നാവ്
- കാശലം പ്രയോഗിക്കുന്ന നാവ്
- അക്ഷമമായ നാവ്
- ഭിന്നിപ്പിക്കുന്ന നാവി
- തര്‍ക്കിക്കുന്ന നാവ്
- സ്വയം പുകഴ്ത്തുന്ന നാവ്
- അപകര്‍ഷബോധം പ്രകാശിപ്പിക്കുന്ന നാവ്
- ദൂഷണം പറയുന്ന നാവ്
- ഉഹാപോഹം പറയുന്ന നാവ്
- ഇടയ്ക്കു കയറി പറയുന്ന നാവ്
- ഒറ്റിക്കൊടുക്കുന്ന നാവ്
- മറ്റുള്ളവരെ കൊച്ചാക്കുന്ന നാവ്
- നിന്ദിക്കുന്ന നാവ്
- എല്ലാം അറിയുന്നതായി ഭാവിക്കുന്ന നാവ്
- പരുഷമായ നാവ്
- നയം ഇല്ലാത്ത നാവ്
- മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന നാവ്
- പ്രാകൃത നാവ്
- എന്തിനും വിധി പ്രസ്താവിക്കുന്ന നാവ്
- സ്വാര്‍ത്ഥത്തില്‍ മുഴുകിയ നാവ്
- ശപിക്കുന്ന നാവ്
- പ്രതികാരത്തിന് വെമ്പുന്ന നാവ്
- കുറ്റപ്പെടുത്തുന്ന നാവ്
- നിരുത്സാഫപ്പെടുത്തുന്ന നാവ്
- എന്തും സംശയിക്കുന്ന നാവ്
- വായാടിയായ നാവ്
- വിവേകശൂന്യമായ നാവ്
- പരാതി മാത്രം പറയുന്ന നാവ്
- നിശബ്ദമായ നാവ്
മനസ്സെന്ന കടിഞ്ഞാണ്‍ ഒരു നിമിഷ നേരത്തേക്ക് ഒന്നു മാറിയാല്‍ വലിയ ഭൂകമ്പം ഉണ്ടാക്കും നാവ്. നാവിന്റെ ഈ നെഗറ്റീവ് പ്രയോഗ ശൈലികള്‍ പോസിറ്റീവ് ആക്കി മാറ്റം വരുത്തിയാല്‍ ജീവിതത്തില്‍ വിജയിക്കാനാകും. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, ലളിതമായ ഭാഷ, സൗഹൃദ സമീപനം, ക്ഷമ, സംഭാഷണത്തില്‍ ആദരവ് എന്നീ ഘടകങ്ങള്‍ സംഭാഷണത്തെ ഹൃദ്യതരമാക്കും. വാക്കുകള്‍ വലിയ ഊര്‍ജമാണ്. വാക്കുകള്‍ കൊണ്ട് പ്രചോദനവും പ്രത്യാശയും സൃഷ്ടിക്കാം. ആര്‍ദ്രതയോടെ, ആനന്ദപൂര്‍ണമായി ആരെയും ഉണര്‍ത്തുന്ന ശൈലികള്‍ പ്രയോഗിക്കാം. നമ്മുടെ ഓരോ ചലനവും വാക്കുകളും മറ്റുള്ളവരില്‍ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കണം. മറ്റുള്ളവര്‍ക്ക് ഉണര്‍വ് സൃഷ്ടിക്കുന്നതും പ്രചോദനകരവും പ്രയോജനകരവും സന്തോഷപ്രദവും സംതൃപ്തകരവും സമാധാനപ്രദവും സര്‍വോപരി പ്രത്യാശാപൂര്‍ണവുമായ വാക്കുകള്‍ നാവില്‍നിന്ന് വരട്ടെ. വായ് തുറക്കും മുന്‍പ് ഹൃദയത്തോടു ചോദിക്കുക. നാവിന് മുന്നില്‍ ഒരു അരിപ്പ നിര്‍മിക്കുക.