Siva Kumar
Management Skills Development Trainer, Dubai

ഏതോ ഒരു ബുൾ ഷിറ്റ് യുടൂബ് ചാനലിലെ ആരെയോ പോലീസ് പിടിച്ചെന്നറിഞ്ഞ്, മോൻ വല്ലാത്ത കരച്ചിലിലാണ്, ഭക്ഷണം പോലും നേരെ ചൊവ്വേ കഴിക്കുന്നില്ല, കൂട്ടുകാരോടല്ലാതെ, വീട്ടിലാരോടും സംസാരിക്കുന്നില്ല, ഞങ്ങൾ എന്ത് ചോദിച്ചിട്ടും വ്യക്തമായി മറുപടി പറയുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ആ യൂടൂബ് ചാനൽ ഞങ്ങൾ കണ്ടു നോക്കിയെങ്കിലും രണ്ടു മൂന്നെണ്ണം കാണുമ്പോഴേക്കും ഛർദ്ധിക്കാൻ വരുന്നു. ഇതിലെ എന്ത് കണ്ടിട്ടാണ് മോൻ ഇവരെ ആരാധിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.. മോന് ചികിത്സ വേണ്ടി വരുമോ ? അതോ കൗൺസിലിംഗ് മതിയാകുമോ ?

നാലഞ്ചു ദിവസം മുൻപ്, സുഹൃത്തിൻ്റെ ചേട്ടൻ ഫോണിൽ വിളിച്ച് പറഞ്ഞ സങ്കടമാണിത്. ഇത് ഒരു അച്ഛൻ്റെ മാത്രം സങ്കടമാവാനിടയില്ല, മറിച്ച് ആയിരക്കണക്കിന്, ചിലപ്പോൾ ലക്ഷക്കണക്കിന് മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഉരുകുന്നവരായിരിക്കും.

നമ്മുടെ കുട്ടികൾക്ക് എന്താണ് പറ്റിയത് ? എന്തുകൊണ്ടാണവർ ഇങ്ങിനെയൊക്കെ പെരുമാറുന്നത് ? എന്താണിതിനൊരു പരിഹാരം ?

BlRG (Basking in Reflection of Glory)

തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ നേട്ടത്തിൽ, അമിതമായി ആഹ്ളാദിക്കുകയും അവരുടെ വിഷമത്തിൽ അവരെക്കാൾ വിഷമിക്കുകയും ചെയ്യുന്നത് പല കുട്ടികളിലും കണ്ടു വരുന്ന പ്രവണതയാണ്. തങ്ങൾക്ക് ചെയ്യാനാവാത്ത കാര്യങ്ങൾ ചെയ്യുന്നവരോടുള്ള ആരാധനയുടെ, അടുത്ത ഘട്ടത്തിൽ ആ വ്യക്തികളുമായി താദാത്മ്യം പ്രാപിച്ച്, ആരാധനാപാത്രങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനും തയ്യാറാവുന്നതിനെയാണ്, ലളിതമായി പറഞ്ഞാൽ BIRG എന്ന് മന:ശാസ്ത്രത്തിൽ വിവക്ഷിക്കുന്നത്.

അതായത് ഒരാൾ മറ്റൊരാളുടെ വിജയത്തിളക്കത്തിൽ വെയിൽ കായുന്ന, സുഖം കണ്ടെത്താൻ ശ്രമിക്കുന്ന പ്രവണതയാണ് BlRG എന്ന് പറയാം. പ്രതിഫലിച്ച് കിട്ടുന്ന വെളിച്ചത്തിൽ ചൂടു കിട്ടുകയില്ല എന്നത് പോലെ, ഇങ്ങിനെ വെയിൽ കായുന്നവർക്ക് യാതൊരു പ്രയോജനവും ഉണ്ടാവുകയുമില്ല. പക്ഷേ കുട്ടികളിൽ, യാഥാർത്ഥ്യ ബോധവും യുക്തി ബോധവും വികസിച്ചു വരുന്നതേയുള്ളു എന്നതിനാൽ, അവർ ഇത്തരത്തിൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സാധാരണമാണ്.

കുട്ടികളിൽ മാത്രമല്ല, യുക്തി ബോധമോ യാഥാർത്ഥ്യ ബോധമോ കുറവായ മുതിർന്നവരിലും ഇത്തരം പ്രവണതകൾ കാണാറുണ്ട്. ആരാധിക്കുന്ന രാഷ്ട്രീയ നേതാവിന് വേണ്ടി ന്യായീകരിക്കാനും, വഴക്കടിക്കാനും ഏതറ്റം വരെയും പോകുന്നവർ, ഏതോ രാജ്യത്തെ ഏതോ കളിക്കാരൻ, വേറേതോ രാജ്യത്തിനെതിരെ കളിച്ച് ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നതിന് നാട്ടിൽ അടി കൂടുന്നവർ, സിനിമാ താരങ്ങളുടെ ചിത്രത്തിൽ, പാലഭിഷേകവും പുഷ്പ വ്വഷ്ടിയും നടത്തുന്നവർ, തുടങ്ങി, ഒരുപാട് മേഖലകളിലുള്ള വിജയിച്ച ആളുകളെ ആരാധിക്കുന്ന, പ്രായത്തിൽ മുതിർന്നവരും നമുക്ക് ചുറ്റും ധാരാളമുണ്ട്.

വിവരവും, വിദ്യാഭ്യാസവും, പക്വതയും, ജീവിതാനുവങ്ങളും ഉണ്ടെന്ന് പൊതു സമൂഹം കരുതുന്ന മുതിർന്നവരിൽ പലരും, വ്യക്തിപരമായി യാതൊരു ലാഭവും ഇല്ല എന്നു മാത്രമല്ല, നഷ്ടങ്ങൾ തന്നെ ഉണ്ടായിട്ടും ഇത്തരത്തിൽ ഒരുപാട് പേരെ അന്ധമായി ആരാധിക്കുന്നവരാണ്. അങ്ങിനെ വരുമ്പോൾ, നമ്മുടെ മസ്തിഷ്കത്തിലെ വികാര വിചാരങ്ങളുടെ കടിഞ്ഞാൺ എന്നറിയപ്പെടുന്ന PFC അഥവാ Pre Frontal Cortex എന്ന ഭാഗം പൂർണ്ണമായും സജ്ജമാവാത്ത, കൗമാരക്കാരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലല്ലോ ?

ഏകദേശം 24 വയസ്സിന് മുമ്പായി PFC പൂർണ്ണമായി പ്രവർത്തന സജ്ജമാവുമ്പോൾ കുട്ടികളിൽ ഭൂരിഭാഗവും ഇത്തരം പ്രവണതകളിൽ നിന്നും മാറാറുണ്ട്. എന്നിരുന്നാലും കൗമാരത്തിലെ ഇത്തരം ആരാധനകൾ തെറ്റായ ദിശയിലായാൽ അതവരുടെ ജീവിതം തന്നെ വഴിതെറ്റിക്കാനുമിടയുണ്ട്.

അതിനുള്ള പരിഹാരം, അവരുടെ അഭിരുചിക്കും, താൽപര്യത്തിനും അതുമല്ലെങ്കിൽ വലുതാവുമ്പോൾ ഏത് മേഖലയിൽ എത്തണമെന്നാഗ്രഹിക്കുന്നുവോ ആ മേഖലയിലുള്ളവരായിരിക്കണം അവരുടെ റോൾ മോഡൽ എന്നതാണ്. അതിന് വേണ്ടി കുട്ടികളറിയാതെ തന്നെ മാതാപിതാക്കൾ ബോധപൂർവ്വമായ ഇടപെടൽ നടത്തേണ്ടതായിട്ടുണ്ട്. അച്ഛനമ്മമാർ സംസാരിക്കുന്ന വിഷയങ്ങൾ, ഏത് കളിയിൽ മുഴുകിയിരുന്നാലും കുട്ടികൾ ശ്രദ്ധിക്കാറുണ്ട്, അതവരെ സ്വാധീനിക്കാറുമുണ്ട്. പലപ്പോഴും അവരാ വിഷയം സേർച്ച് ചെയ്ത് നോക്കാറുമുണ്ട്. അൽപം ശ്രദ്ധ ചെലുത്തിയാൽ കുട്ടികളുടെ സ്ക്രീൻ ടൈം അവരുടെ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനുപകരിക്കും.

അച്ഛനുമമ്മയും കൂടെ, പണ്ടുകാലത്ത് നക്ഷത്രം നോക്കി സമയം ഗണിച്ച കാര്യങ്ങൾ പയുന്നത് കേൾക്കാനിടയായ കുട്ടി, ഇന്ന് 78,000 രൂപയുടെ ടെലസ്കോപ്പുമായി വാന നിരീക്ഷനായി മാറിയിരിക്കുന്നു. സലിം അലിയെക്കുറിച്ചുള്ള, മാതാപിതാക്കളുടെ ചർച്ച മറ്റൊരു കൂട്ടിയെ നേച്ചർ ഫൊട്ടോഗ്രഫിയിലും നേച്ചർ ക്ലബ്ബുകളിലുമാണ് തൽപരനാക്കിയത്.

മൊബൈലോ ടാബോ വാങ്ങിച്ച് കൊടുത്തിട്ട്, കുട്ടികളെ ശ്രദ്ധിക്കാതെ, അവരെ മനസ്സിലാക്കാതെ, അവൻ IAS കാരനാവണം എന്നാഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ ? നമ്മുടെ ഉത്തരവാദിത്തം നമ്മൾ നിറവേറ്റേണ്ടിയിരിക്കുന്നു.

കൗമാരക്കാർ ട്രാവൽ വ്ളോഗുകളിൽ ആകൃഷ്ടരാവുന്നതെന്തുകൊണ്ടാവാം ?

കൗമാരം എന്നത് കുട്ടികളിൽ ഹോർമോണുകളുടെ കുത്തൊഴുക്കുണ്ടാവുന്ന കാലഘട്ടമാണ്. ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങളുണ്ടാവുന്ന സമയം. ഒപ്പം നേരത്തെ സൂചിപ്പിച്ച വൈകാരികമായി പ്രതികരിക്കുന്ന, എന്തിനെയും നിഷേധിക്കുന്ന, അരുത് എന്ന വാക്ക് കേൾക്കാനിഷ്ടപ്പെടാത്ത ഈ കാലഘട്ടത്തിൽ കുട്ടികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്, സ്വാതന്ത്ര്യമാണ്. മാതാപിതാക്കളുടെ, അധ്യാപകരുടെ, ബന്ധുക്കളുടെ, സമൂഹത്തിൻ്റെ നിയന്ത്രണങ്ങളിൽ നിന്നും ശാസനകളിൽ നിന്നുമൊക്കെ അകന്ന്, പoനത്തിൻ്റെയോ പ്രതീക്ഷകളുടെയോ ഭാരമില്ലാതെ, തങ്ങളെ ഒട്ടും പരിചയമില്ലാത്ത ഏതെങ്കിലും നാട്ടിൽ, സ്വതന്ത്രരായി, അലസ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന കുട്ടികൾ എക്കാലത്തുമുണ്ട്. പലപ്പോഴും കൂട്ടികൾ നാടുവിട്ടു പോകുന്നതിൻ്റെ കാരണവുമിതാണ്.

യാത്രകൾ, ആളുകളെ സാംസ്കാരികമായി ഉന്നതരാക്കുന്നു എന്ന് പറയാറുണ്ട്. വിവിധ സംസ്കാരങ്ങൾ, ജീവിത രീതികൾ, ഭക്ഷണ ശീലങ്ങൾ, ആചാരങ്ങൾ ഒക്കെ അടുത്തറിയാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും സഹായിക്കുന്നവയാകണം ഓരോ യാത്രകളും.

എന്നാൽ, ഇക്കാലത്തെ പല സഞ്ചാര വീഡിയോകളും ഊന്നൽ നൽകുന്നത്, യാത്രികർ നയിക്കുന്ന സ്വതന്ത്രമായ അലസ ജീവിതത്തിനാണ്. അതുകൊണ്ടാണ് കുട്ടികളും ചെറുപ്പക്കാരും ഇത്തരം ചാനലുകളുടെയും യാത്രികരുടെയും ആരാധകരാവുന്നത്. കുട്ടികളുടെ മനഃശാസ്ത്രം പഠിച്ചിട്ടൊന്നുമല്ല, മറിച്ച് ഏത് കാര്യം, അത് തെറ്റായാലും ശരിയായാലും ചെയ്യുമ്പോഴാണ് കൂടുതൽ ലൈക്കും കമൻറും ലഭിക്കുന്നത്, ആ കാര്യത്തിന് അവർ ഊന്നൽ കൊടുക്കുന്നു എന്ന് മാത്രം.

നമ്മുടെ കുട്ടികളാവട്ടെ, നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുള്ള, ചാനലുകൾ കാണുന്നത് വിരളവുമാണ്.
അത് കൊണ്ട്, കുട്ടികളെ മനസ്സിലാക്കുക, ശ്രദ്ധിക്കുക, അവർക്ക്, ശരിയായ വഴി കാണിച്ചു കൊടുക്കുക. എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!