ഏത് ഇന്ത്യൻ കോഫീ ഹൗസിൽ ചെന്നാലും പൂരിയുടെ കൂടെ കിട്ടുന്ന ഉരുളക്കിഴങ്ങ് മസാലയുടെയും  മസാലദോശക്കുള്ളിലെ മസാലയുടെയും ചുമന്ന നിറം ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറത്തിനു പിന്നിൽ ബീറ്റ്‌റൂട്ട് ആണെന്ന് അറിയാത്തവർ കുറവായിരിക്കും. എന്നാൽ എന്തായിരിക്കും കോഫീ ഹൗസും ബീറ്റ്‌റൂട്ടും തമ്മിലുള്ള ഈ അഗാധ സൗഹൃദത്തിന്റെ പിന്നിലെ രഹസ്യം?

ആ കഥ ഇങ്ങനെ. 1940 കളിലാണ് കോഫീ ഹൗസ് എന്ന വിപ്ലവം ഇന്ത്യയിൽ സംഭവിക്കുന്നത്. രണ്ട് ലോക മഹായുദ്ധങ്ങൾ ഏറ്റുവാങ്ങിയ ക്ഷീണത്തിൽ ലോകം മുഴുവൻ കിതക്കുന്ന സമയം. ഭക്ഷണവും വസ്ത്രവും കേന്ദ്രം റേഷനായി നൽകിയിരുന്ന അക്കാലത്ത് മറ്റ് പച്ചക്കറികളെയും പഴങ്ങളെയും അപേക്ഷിച്ച് ചീപ്പായി ലഭിച്ചിരുന്ന ഒന്ന് ബീറ്റ്‌റൂട്ടായിരുന്നു. എങ്ങനെ ബീറ്റ്റൂട്ട് കോഫീ ഹൗസുകളിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത വസ്തുവായി എന്ന ചോദ്യത്തിന് ഏറ്റവും പോപ്പുലറായി ലഭിക്കുന്ന ഉത്തരം ഇതാണ്. ആപത്ത് കാലത്ത് കൂട്ടിനുണ്ടായിരുന്ന ആ സുഹൃത്ബന്ധമാണത്രെ ഇന്നും തുടരുന്നത്.