വേനൽ കടുക്കുകയാണ്. ചൂടും. ആഗോളതാപനം ഭൂമിയിലെ നമ്മുടെയൊക്കെ നിലനിൽപ് തന്നെ ആശങ്കയിലാക്കുന്ന നിലയിലാണ്. ഈ സമയത്താണ് ഭൂമിയിലെ കൊടും ചൂട് ശമിപ്പിക്കാനുള്ള വഴിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി കുറച്ച് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രനെ ഖനനം ചെയ്യുകയും ശേഷം ആ മണ്ണ് ഭൂമിക്ക് ചുറ്റും വിതറുകയും ചെയ്താൽ സൂര്യതാപത്തിൽ നിന്നും നേരിയ ആശ്വാസം ഭൂമിക്ക് ലഭിക്കുമത്രേ! അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായ ബെൻ ബ്രോംലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നിൽ. PLOS ക്ലൈമറ്റ് എന്ന ശാസ്ത്ര ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചന്ദ്രനിൽ നിന്നും ദശലക്ഷ കണക്കിന് പൊടിമണ്ണ് ഖനനം ചെയ്തെടുത്ത് ഭൂമിക്ക് ഒരു ചുറ്റും ഒരു കവചം തീർക്കണം എന്നാണ് പഠനം പറയുന്നത്. ഭൂമിയിൽ നിന്നും അകലെ ബഹിരാകാശത്ത് പൊടി ചിതറിക്കിടക്കും. “ചാന്ദ്ര ധൂളികൾ സൂര്യപ്രകാശത്തെ ഫലപ്രദമായി ചിതറി തെറിപ്പിക്കുന്നതിനുള്ള ഒത്ത വലിപ്പവും ഘടനയുമുള്ളവയാണ് എന്ന യാഥാർഥ്യം ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ചാന്ദ്ര ഉപരിതലത്തിൽ നിന്നും പൊടി മണ്ണ് വിതറുന്നതിന് ഭൂമിയിൽ നിന്നും നിക്ഷേപിക്കുന്നതിനേക്കാൾ കുറച്ച് ഊർജം മതി എന്നതും ഞങ്ങൾക്ക് കൂടുതൽ ഊർജം പകരുന്ന കാര്യമായിരുന്നു”. ബെൻ ബ്രോംലിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

പക്ഷെ എന്തുകൊണ്ട് ചന്ദ്രനിലെ മണ്ണ്? ബ്രോംലിയും സഹശാസ്ത്രജ്ഞരും പറയുന്ന പ്രകാരം ചാന്ദ്ര ധൂളികൾക്കാണ് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്തുന്നതിനു മുന്നേ തന്നെ തടഞ്ഞ് ചിതറി തെറിപ്പിക്കാൻ മാത്രമുള്ള വലിപ്പവും ഘടനയുമുള്ളത്. കൽക്കരിയും കടലുപ്പും രണ്ട് ശതമാനം വരെ സൂര്യപ്രകാശത്തെ വിഭജിക്കുമെങ്കിലും ചാന്ദ്ര ധൂളികളാണ് കൂടുതൽ ഫലപ്രദം.

പക്ഷെ ചന്ദ്രനിൽ നിന്നും ഇത്രയധികം മണ്ണ് ഖനനം ചെയ്യുന്നതും, അത് ഭൂമിക്ക് ചുറ്റും ഒരു വലയമെന്ന പോൽ വിതറുന്നതും വളരെ വലിയ എഞ്ചിനീയറിംഗ് ഓപ്പറേഷനാണ്. ആഗോളതാപനത്തെ നേരിടാൻ ഇത്തരമൊരു ആശയം നിർദ്ദേശിക്കുമ്പോൾ പോലും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ലോകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന് തന്റെ പഠനം അർത്ഥമാക്കുന്നില്ലെന്ന് ബെൻ ബ്രോംലി അടിവരയിടുന്നു.

“ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിൽ നിന്ന് നമ്മെ ഒന്നും വ്യതിചലിപ്പിക്കരുത്, നിലവിൽ ഇത് വെറുമൊരു സ്ട്രാറ്റജി മാത്രമാണ്, പക്ഷെ മുന്നിലുള്ള എല്ലാ സാധ്യതകളും ഞങ്ങൾ പരിശോധിക്കും. അത് ഒരു ദീർഘ സമയ പ്രക്രിയയാണ്” ബ്രോംലി പറഞ്ഞു.

ശാസ്ത്രജ്ഞരുടെ ഈ കണ്ടുപിടുത്തത്തിന് ഒരുപാട് പാർശ്വഫലങ്ങളും ഉണ്ടായേക്കും. അന്തരീക്ഷത്തിലെ ചാന്ദ്ര ധൂളികൾ മഴയുടെ താളം തെറ്റിക്കാനുള്ള സാധ്യതെ വളരെ കൂടുതലാണ്. മഴയെ ആശ്രയിച്ചുള്ള കൃഷിയെയും അത് ഗുരുതരമായി ബാധിക്കുമെന്നും പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.