ഹിപ്പോതെറാപ്പിസ്റ്റ് -പേര് കേട്ട് ഹിപ്പോപൊട്ടാമസുമായി ബന്ധപ്പെട്ട ജോലിയാണെന്ന് കരുതിയാൽ തെറ്റി. അംഗവൈകല്യം  നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും അതിന്റെ ചികിത്സയുടെ ഭാഗമായി കുതിരസവാരി നടത്തുന്നതാണ് ഹിപ്പോതെറാപ്പി. ഇന്ത്യയിൽ കൂടുതൽ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ചികിത്സാരീതി, ബി സി 600 മുതൽ തന്നെ ഗ്രീസിൽ ഉപയോഗിച്ച് വരുന്നു എന്നാണ് പറയപ്പെടുന്നത്. കുതിരയുടെ ചലനങ്ങൾ സവാരി നടത്തുന്ന വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫിസിക്കൽ ചികിത്സാ സമ്പ്രദായമാണ് ഇത്.
സവാരിക്കാരന്റെ സാമൂഹിക ഇടപെടലുകളിലും വിനോദപരമായ പ്രവർത്തികളിലും സന്തുലിതാവസ്ഥയുണ്ടാക്കൽ, ആത്മവിശ്വാസം വളർത്തൽ, ശാരീരിക ക്ഷമത വീണ്ടെടുക്കൽ, ഏകാഗ്രത വർദ്ധിപ്പിക്കൽ, ആശയവിനിമയശേഷിക്ക്‌ കാര്യമായ ഊർജ്ജം പകരൽ എന്നിവയ്ക്ക് ഈ തെറാപ്പി സഹായകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഹിപ്പോതെറാപ്പിസ്റ്റ് ആകുക വഴി അത്തരക്കാരെ ശാരീരിക മാനസിക വൈകല്യങ്ങൾ മറികടന്ന് ജോലിയധിഷ്ഠിത മേഖലകളിൽ പ്രവേശിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.
ഹിപ്പോതെറാപ്പിസ്റ്റുകളെ തെറാപ്യുട്ടിക് റൈഡിങ് ഇൻസ്ട്രക്ടർ എന്നും വിളിക്കാറുണ്ട്. വൈദ്യ സംഘത്തോടോപ്പം കെയർ ടീമിന്റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുക.  തെറാപ്പിയിലുടനീളം അതിൽ പങ്കെടുക്കുന്നവരുടെ ക്ഷമത അവലോകനം നടത്തി അവരുടെ ചികിത്സയ്ക്ക് ഉതകുംവിധം ലക്ഷ്യങ്ങൾ നൽകുക എന്നത് ഇതിന്റെ ഘടകമാണ്. ചികിത്സാ ഉപകരണമെന്ന  നിലയ്ക്ക് കുതിരയുടെ പരിപാലനവും തൊഴിലിന്റെ ഭാഗമാണ്.
അധ്യാപനമികവിനും ക്ഷമയ്ക്കും പുറമെ കുതിര സവാരിയിൽ പ്രാവീണ്യമുണ്ടാകുക ആവശ്യമാണ്. വൈകല്യങ്ങളെപ്പറ്റിയും അതിനെ മറികടക്കുന്ന രീതികളെ പറ്റിയുള്ള അവഗാഹവും തൊഴിലിന് സഹായകമാണ്. സോഷ്യോളജി, സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക്, കൗൻസില്ലിങ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിരുദം/ഡിപ്ലോമ ഉണ്ടാകുന്നത് ഒരു ഹിപ്പോതെറാപ്പിസ്റ്റ് ആകാനുള്ള യോഗ്യതാഘടകമാണ്.
ലോകനിലവാരമുള്ള ഹിപ്പൊതെറാപ്പിസ്റ്റ് ട്രെയിനിങ് സെന്ററുകളും കോഴ്‌സുകളും ചെക്ക് റിപ്പബ്ലിക്ക്, അമേരിക്ക, എന്നിവിടങ്ങളിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും ലഭ്യമാണ്. അമേരിക്കയിലെ പ്രൊഫഷണൽ അസോസിയേഷൻ ഓഫ് തെറപ്യൂട്ടിക്ക് ഹോർസ്മാൻഷിപ്പ് ഇന്റർനാഷണൽ (പി.എ.ടി.എച്ച്. ഇന്റർ.) ലഭ്യമാക്കുന്ന വർക്ക്ഷോപ്പുകളും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും ലോകശ്രദ്ധയാകർഷിച്ചിട്ടുള്ളവയാണ്. മികവും പ്രാവീണ്യവും തെളിയിച്ച് പ്രതിവർഷം 30 ലക്ഷത്തിലേറെ നേടുന്ന ഹിപ്പൊതെറാപ്പിസ്റ്റുകൾ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!