ചിത്ര-ശില്പ കലകളിൽ താല്പര്യമുള്ളവർക്ക് പ്രസ്തുതമേഖലയിൽ നേടാവുന്ന അക്കാഡമിക്ക് ബിരുദമാണ് ബാച്ചലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.). പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, കൊമേർഷ്യൽ ആർട്ട്, സ്കൾപ്ച്ചർ തുടങ്ങിയ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഇതിനോടൊപ്പം ആനിമേഷൻ, മൾട്ടി മീഡിയ, ഗ്രാഫിക്സ്, വിഷ്വൽ എഫ്.എക്സ് എന്നിവ പഠിച്ചാൽ അതിവിശാലമായ തൊഴിലവസരണങ്ങളാണ് ലഭിക്കുക. കേരളത്തിൽ ശ്രീ ശങ്കരാചാര്യ സർവ്വകലാശാല, കോഴിക്കോട് സർവ്വകലാശാല, എം.ജി. സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ മിതമായ ചെലവില്‍ കലാപഠനത്തിന് സാധ്യതയുണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി കേന്ദ്രത്തിൽ നടത്തുന്ന പെയിന്റിംഗ് ബി.എഫ്.എ. കോഴ്സിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ജി. സർവ്വകലാശാലയ്ക്ക് കീഴിലുള്ള തൃപ്പൂണിത്തുറയിലെ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ ബി.എഫ്.എ.വിഷ്വൽ ആർട്സ്, എം.എഫ്.എ. എന്നീ കോഴ്സുകളുണ്ട്.

ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ ബി.എ. മൾട്ടി മീഡിയ, ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ എന്നിവ പഠിക്കാം. കോഴിക്കോട് സർവ്വകലാശാലയ്ക്ക് കീഴിലുള്ള തൃശൂർ ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജ്, മാവേലിക്കരയിലെ രാജാരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നിവടങ്ങളിലും ബി.എഫ്.എ പഠിക്കാം.

കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ബി.എഫ്.എ.യും എം.എഫ്.എ.യും പഠിക്കാം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ അഭിരുചിയുള്ളവർക്ക് മ്യൂറൽ പെയിന്റിംഗ് പഠിക്കാം.

പെയിന്റിംഗ്, മ്യൂറൽ, സ്കൾപ്ച്ചർ, ഗ്രാഫിക് ആർട്ട്, ഡിസൈൻ, ഹിസ്റ്ററി ഓഫ് ആർട്ട് എന്നിവയിൽ ബി.എഫ്.എ., എം.എഫ്.എ. ബിരുദങ്ങൾ കലാപഠനത്തിനു ഇന്ത്യയിലെ പേരുകേട്ട സ്ഥാപനമായ വിശ്വഭാരതി സർവ്വകലാശാലയിൽ നൽകുന്നു. ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. ന്യൂ ഡൽഹിയിലെ കോളേജ് ഓഫ് ആർട്സ് , ജാമിയ മിലിആ ഇസ്ലാമിയ, വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല, മുംബൈയിലെ സർ ജെ.ജെ. കോളേജ് ഓഫ് അപ്ലൈഡ് ആർട്ട്, വഡോദരയിലെ മഹാരാജ സയാജി റാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ, ഹൈദരാബാദിലെ ജവഹർലാൽ നെഹ്റു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി, വാരാണസിയിലെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ്, ചെന്നൈയിലെ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സ് , ബംഗളൂരുവിലെ കർണാടകം ചിത്രകല പരിഷദിന്റെ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നിവടങ്ങളിൽ പഠിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!