1998 മെയ് 11. പൊക്രാനിൽ ന്യൂക്ലിയർ പരീക്ഷണം നടത്തി ഇന്ത്യയും പൂർണ ന്യൂക്ലിയർ സ്റ്റേറ്റ് ആയി മാറിയ ദിവസം. ന്യൂക്ലിയർ സ്റ്റേറ്റ് എന്നാൽ ആണവായുധങ്ങൾ സ്വന്തമായി നിർമിച്ച് ഉപയോഗിക്കാൻ കഴിവുള്ള രാജ്യം. 98 ൽ അഞ്ച് ന്യൂക്ലിയർ ബോംബുകളാണ് ഇന്ത്യ പൊക്രാനിൽ പരീക്ഷിച്ച് വിജയിച്ചത്. ഓപ്പറേഷൻ ശക്തി എന്ന് പേരിട്ടിരുന്ന അന്നത്തെ ആ പരീക്ഷണ വിജയത്തിന്റെ ഓർമയ്ക്ക് 1999 മുതൽ ഇന്ത്യയിൽ മെയ് 11 നാഷണൽ ടെക്നോളജി ഡേ ആയി ആചരിച്ചുവരുന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും ഓർക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ഈ ദിനത്തിലാണ്. ആദ്യ ഇന്ത്യൻ നിർമിത എയർ ക്രാഫ്റ്റായ ഹൻസ 3 വിക്ഷേപിച്ചത് മെയ് 11 നു ആണ്. തൃശൂൾ മിസൈലിന്റെ വിജയകരമായ ഫൈറിങ് ഇന്ത്യ നടത്തിയതും ഇതേ ദിവസമാണ്. ഈ രീതിയിൽ ഇന്ത്യൻ സാങ്കേതികവിദ്യ രംഗത്ത് നേട്ടങ്ങൾ കൈവരിച്ചതിന്റെ ഓർമകളും മുന്നോട്ടുള്ള വളർച്ചകളുമാണ് ഓരോ ടെക്നോളജി ദിനങ്ങളും ഓർമിപ്പിക്കുന്നത്.