𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕
ലോകത്തെ ഏറ്റവും റൊമാന്റിക് പോസ്റ്റ് ബോക്സ് എവിടെയാണെന്നറിയോ? അതൊരു മരത്തിന്റെ പൊത്തിലാണ്. ദിവസേനെ നാലും അഞ്ചും പ്രണയ ലേഖനങ്ങൾ തേടിവരുന്ന സ്വന്തമായി മേൽവിലാസമുള്ള ഒരു മരപ്പൊത്ത്. ജർമനിയിലെ യൂട്ടിനിലെ ഒരു ഓക്ക് മരമാണ് കക്ഷി. പ്രണയസാഫല്യത്തിനായി ഈ മരത്തിനു കത്തെഴുതിയാൽ മതി എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പ്രണയ മരത്തിന്റെ പിന്നിലൊരു കഥയുണ്ടത്രേ.
തന്റെ പ്രണയത്തെ എതിർത്ത അച്ഛനറിയാതെ കാമുകന് കത്ത് കൊടുക്കാൻ ഒഹാർട്ട് എന്ന പെൺകുട്ടി കണ്ടെത്തിയ വഴി ആയിരുന്നത്രേ ഓക്ക് മരത്തിന്റെ പൊത്ത്. കത്തുകളിലൂടെ പ്രണയം കടുത്തപ്പോൾ അവസാനം അച്ഛൻ മരത്തിനുമുന്നിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്തികൊടുത്തു. അതോടെ ആളുകളൊക്കെ മരത്തിനു കത്തെഴുതാൻ തുടങ്ങി. ഏകദേശം പതിനായിരത്തോളം കത്തുകൾ ഇതിനോടകം മരത്തിനെ തേടിയെത്തിയിട്ടുണ്ടെന്നും, നൂറോളം വിവാഹങ്ങൾ മരത്തിന്റെ മുന്നിൽ വെച്ച് നടന്നിട്ടുണ്ടെന്നുമാണ് പറയപ്പെടുന്നത്. കത്ത് വരവ് നിന്നിട്ടൊന്നുല്ല. ഇപ്പോഴുമുണ്ട്. ഇവിടെ വരുന്ന കത്തുകൾ ആർക്കും തുറന്ന് വായിക്കാം, അതിലൂടെ പ്രണയിതാക്കളെ കിട്ടിയ ആളുകളുമുണ്ട് പോലും.