ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ, കണ്ണുംപൂട്ടി റെസ്യൂമെ അയയ്ക്കുന്നതിന് മുമ്പേ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍, ജോലിപരിജ്ഞാനം എന്നിവയേക്കാള്‍ റെസ്യൂമെക്ക് ചില സന്ദർഭങ്ങളിൽ പ്രാധാന്യം ലഭിക്കാറുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും അനുഭവസമ്പത്തിനെയും മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ റെസ്യൂമെകള്‍ക്കാവണം. ജോലി നല്‍കുന്ന ആള്‍ക്കോ, സ്ഥാപനത്തിനോ നമ്മളെ കുറിച്ചുള്ള കാഴ്ചപ്പാട് ആദ്യമായി രൂപപ്പെടുന്നത് റെസ്യുമെയിലൂടെയാണ്. അതു കൊണ്ട് തന്നെ ഒരു ജോലിയില്‍ കാലെടുത്തു വെയ്ക്കുന്നതിനു മുമ്പുള്ള ആദ്യത്തെ കടമ്പയാണ് റെസ്യൂമെ.
വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കഴിവുകള്‍ എന്നിവയുടെ ചുരുക്കെഴുത്താണ് ഒരു റെസ്യൂമെയിൽ ഉണ്ടാകേണ്ടത്. ഒരാളെക്കുറിച്ച് മറ്റൊരാള്‍ എഴുതുന്നപോലെ വസ്തുനിഷ്ഠമായാണ് റെസ്യൂമെ രൂപപ്പെടുത്തേണ്ടത്.
ഒരു ജോലി സമ്പാദിക്കുകയെന്നതാണ് റെസ്യുമെയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ മുമ്പെന്നോ തയ്യാറാക്കി വെച്ച റെസ്യൂമെ എല്ലാ ജോലികള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തികൊണ്ടിരിക്കരുത്. ഓരോ ജോലിക്കും അതിനാവശ്യമായ രീതിയില്‍ റെസ്യൂമെ പുതുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ നേട്ടങ്ങൾ, അംഗീകാരങ്ങൾ, താല്പര്യങ്ങള്‍, ഹോബികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും അടയാളപ്പെടുത്തണം. ഇത്തരം സത്യസന്ധമായ വിലയിരുത്തലില്‍ പിഴവുകളോ കാപട്യമോ ഉണ്ടാവരുത്. ഇതിലൂടെ നിങ്ങളുടെ നേട്ടങ്ങളും കഴിവുകളും സാധ്യതകളും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
റെസ്യൂമെ തയ്യാറാക്കുന്നത് അക്ഷരത്തെറ്റ് വരാത്ത വിധം കണിശതയോടെ ആയിരിക്കണം. നിങ്ങളുടെ യോഗ്യത ചോദ്യം ചെയ്യപ്പെടാൻ പോലും അക്ഷരത്തെറ്റ് കാരണമായേക്കാം. അത് പോലെ തന്നെ റെസ്യൂമെയിൽ ഫോട്ടോ ഉൾപ്പെടുത്തണമെന്ന് ഒരു നിർബന്ധവുമില്ല. നിങ്ങളുടെ ജാതി, മതം, ശമ്പളം എന്നീ വിവരങ്ങൾ, വിരലടയാളം എന്നിവയെല്ലാം ഒഴിവാക്കണം.