ഓരോ വർഷവും പ്രൊഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദധാരികളായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഏതാണ്ട് മൂന്നു ലക്ഷത്തോളമാണ്. ദേശീയ ശരാശരിയിൽ 18 മുതൽ 21 വയസ്സുവരെ പ്രായമുള്ളവരിൽ ബിരുദം തിരഞ്ഞെടുക്കുന്നവർ 22 ശതമാനം വരും. കേരളത്തിൽ അത് 40 ശതമാനത്തിന് അടുത്താണ്.
അതായത് ദേശീയ ശതമാനത്തിന്റെ ഇരട്ടിയിലധികം ആൾക്കാരാണ് കേരളത്തിൽ ബിരുദത്തിനായി കച്ചക്കെട്ടുന്നത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞതവണ എഴുതിയത് 5.22 ലക്ഷമാണ്. കേരളത്തിൽ ബിരുദം കഴിഞ്ഞ് നല്ല തൊഴിലില്ലാത്തവരുടെ എണ്ണം എട്ട് ലക്ഷവും.
കണക്കുകൾ ഇങ്ങനെ മുറുകുമ്പോൾ പത്താം ക്ലാസ്സ് പോലെ പ്ലസ് ടൂവും ഇപ്പോൾ ഒരു ‘ടേർണിങ്ങ് പോയിന്റ്’ ആയിരിക്കുകയാണ്. കരിയറിന്റെ ദിശ തീരുമാനിക്കുന്നതാണ് പ്ലസ് ടൂ അവസാന വർഷം. ഈ അവസ്ഥയിൽ സ്ഥിരം കോഴ്സുകൾക്കു പകരം മൂല്യവർധിത കോഴ്സുകൾക്ക് പ്രാധാന്യം ഏറുന്നു.
രാജ്യത്ത് സേവന മേഖല വൻ വളർച്ച കൈവരിക്കുമ്പോൾ അതിനിണങ്ങിയ കോഴ്സുകൾ കണ്ടെത്താനാണ് ശ്രദ്ധിക്കേണ്ടത്. ഹോസ്പിറ്റാലിറ്റി, ബാങ്കിങ് ഇൻഷുറൻസ്, ധനകാര്യം, ടൂറിസം, വിദ്യാഭ്യാസം, ഐ.ടി. തുടങ്ങിയ മേഖലകളിൽ വൻ തൊഴിൽ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഇത് വരും കാലങ്ങളിലെ കരിയർ ട്രെൻഡുകൾക്കുള്ള സൂചനയാണ്.