നമുക്കെല്ലാവര്‍ക്കും 24 മണിക്കൂര്‍ മാത്രമേയുള്ളൂ. അത് ഇന്ത്യക്കാരനായാലും ശരി യൂറോപ്യനായാലും ശരി. വിജയിയായാലും ശരി പരാജിതനായാലും ശരി. ശാസ്ത്രജ്ഞന്‍ ആയാലും ശരി ചെരുപ്പുകൊത്തിയായാലും ശരി. ഈ 24 മണിക്കൂറുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതനുസരിച്ചാണ് നാം പരാജിതനോ വിജയിയോ ആകുന്നത്.
ഉയരങ്ങളിലെത്തിയവരൊക്കെയും കഴിവുകൊണ്ട് മാത്രമല്ല തന്റെ പരിമിതമായ സമയം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് തിരിച്ചറിഞ്ഞതുകൊണ്ട് കൂടെയാണ്. അച്ചടക്കമാണ് ഏതു വിജയത്തിന്റെയും താക്കോല്‍. കിട്ടിയ സമയം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലെ അച്ചടക്കം; ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനുള്ള അച്ചടക്കം; നമ്മെ പ്രലോഭിപ്പിക്കുന്ന പലതും ചുറ്റും ഉണ്ടായിട്ടും ചെയ്യേണ്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അച്ചടക്കം.
അച്ചടക്കത്തെ പൊതുവെ നമ്മള്‍ സുഖകരമായ കാര്യമായല്ല കണക്കാക്കാറ്. നമ്മുടെ സ്വാതന്ത്ര്യത്തെ കുറയ്ക്കുന്നതും സന്തോഷം ഹനിക്കുന്നതും ആണെന്നാണ് അച്ചടക്കത്തെപ്പറ്റി നമ്മുടെ ധാരണ. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. അച്ചടക്കവും സംതൃപ്തിയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്.
നാം കരുതുന്നത് സുഖകരമായി നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യ്ത് സമയം കളയുമ്പോഴാണ് നമുക്ക് സന്തോഷം ലഭിക്കുക എന്നാണ്. ഫേസ്ബുക്കിലൊ വാട്‌സാപ്പിലോ ചാറ്റ് ചെയ്യുമ്പോഴും ടിവി കാണുമ്പോഴും നമുക്ക് സന്തോഷം ലഭിക്കാറുണ്ട്. എങ്കിലും എവിടെയോ എന്തോ ഒന്ന് അലട്ടുന്ന പോലെ നമുക്ക് തോന്നാറില്ലേ? ആ കുറവാണ് സംതൃപ്തി! നമ്മുടെ ലക്ഷ്യത്തിനുവേണ്ടി കുറച്ചെങ്കിലും പരിശ്രമിക്കുമ്പോള്‍ ലഭിക്കുന്നത് ആ സംതൃപ്തിയാണ്.
നമ്മള്‍ ചെയ്യുന്നത് വളരെ കുറച്ച് ആയിരിക്കും. ആ ശ്രമത്തില്‍ എന്തെങ്കിലും മാറ്റമുള്ളതായി നമുക്ക് തോന്നിയിട്ടുണ്ടാവില്ല. പക്ഷേ ചിട്ടയോടെയുള്ള ശ്രമം തുടരുക. ദിവസവും അതിനുവേണ്ടി അല്‍പസമയം നീക്കിവെയ്ക്കുക. നീക്കിവെയ്ക്കാനുള്ള അച്ചടക്കം നമുക്ക് ഓരോ ദിവസവും സംതൃപ്തിയും ആത്മവിശ്വാസവും നല്‍കുന്നു.
തുടങ്ങാനുള്ള അച്ചടക്കം മാത്രമല്ല അത് മുടങ്ങാതെ കൊണ്ടുപോകാനുള്ള അച്ചടക്കവും വിജയത്തിന് ആവശ്യമാണ്. ഒരു മാസമോ രണ്ടുമാസമോ കൊണ്ട് നമ്മളില്‍ ഉണ്ടാകുന്ന മാറ്റം തിരിച്ചറിയാന്‍ പറ്റാത്ത വിധം വളരെ ചെറുതായിരിക്കും. എങ്കിലും തുടരുക. തുടരും തോറും മാറ്റവും ഉണ്ടായിക്കൊണ്ടേയിരിക്കും
അച്ചടക്കമാണ് എല്ലാ നല്ല ഗുണങ്ങളുടെയും ആധാരം. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ അച്ചടക്കമുണ്ടാകുമ്പോള്‍ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനാകുന്നു. നല്ല ഭക്ഷണം കഴിക്കാന്‍ അച്ചടക്കം ഉണ്ടാകുമ്പോള്‍ ആരോഗ്യമുള്ള ശരീരം ഉണ്ടാകുന്നു. എല്ലാ ദിവസവും കൃത്യമായി ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കാന്‍ തുടങ്ങുമ്പോള്‍ വിജയം നമ്മെ തേടിയെത്തുന്നു.
നമ്മുടെ ദിവസത്തെ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് ആസൂത്രണം ചെയ്യുമ്പോള്‍ അതുവരെ എങ്ങനെയൊക്കെയോ നഷ്ടപ്പെട്ടുപോയ നമ്മുടെ നിമിഷങ്ങളെയും കാലത്തെയും നിയന്ത്രിക്കാന്‍ നമ്മള്‍ അച്ചടക്കമുള്ളവരാകുന്നു. അച്ചടക്കം സ്വയം ശിക്ഷയല്ല മറിച്ച് വിജയത്തിന്റെയും സന്തോഷത്തിന്റെയും താക്കോലാണ്.