ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനെപ്പറ്റി കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നാറുണ്ടോ? അതിന്റെയൊന്നും ആവശ്യമില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്? എങ്കില്‍ വരട്ടെ. തൊഴില്‍ മേഖല മാറ്റാന്‍ നിങ്ങള്‍ക്ക് ആലോചനയുണ്ടെങ്കില്‍, ഏത് ജോലി വേണമെന്ന കാര്യത്തില്‍ സംശയിച്ചിരിക്കുകയാണ് നിങ്ങളെങ്കില്‍ ഇന്റേണ്‍ഷിപ്പിനെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ട. ഇഷ്ടമുള്ള ഒരുപാടു ജോലികളുടെ ഇടയില്‍ തനിക്ക് ഏറ്റവും യോജിച്ച ജോലി കണ്ടെത്താനുള്ള വഴിയാണിത് – ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുക.


കുട്ടിക്കാലം മുതല്‍ പല ജോലികളോടും നമുക്ക് താല്‍പര്യം ഉണ്ടാകും. ചിലത് ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹവുമുണ്ടാകും. പക്ഷേ, ഏതു ജോലിയിലാണ് നമുക്ക് ശോഭിക്കാന്‍ കഴിയുക എന്ന് കൃത്യമായി അറിയാത്ത അവസ്ഥ. അതിന് ഏറ്റവും നല്ലത് ഇപ്പോഴത്തെ ജോലി രാജിവെയ്ക്കുന്നതിനു മുമ്പ് തന്നെ ആഗ്രഹിക്കുന്ന ജോലിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുക എന്നതാണ്. കാരണം, ഒരു ജോലിയില്‍ ശോഭിക്കാന്‍ ആഗ്രഹം മാത്രം പോരാ. സ്വതസിദ്ധമായ വാസന കൂടെ വേണം. അത് നമുക്കുണ്ടോയെന്ന് ആ ജോലി ചെയ്ത് നോക്കുമ്പോഴേ അറിയുകയുള്ളൂ. ചിലപ്പോള്‍ നാം വിചാരിച്ചത്ര നന്നായി ചെയ്യാന്‍ സാധിക്കില്ല. എങ്കില്‍ ആ തൊഴില്‍ മേഖല വേണോ എന്ന് ഒന്നുകൂടെ ചിന്തിക്കാന്‍ അവസരം ലഭിക്കുന്നു. ലിസറ്റില്‍ ബാക്കിയുള്ള മറ്റ് ജോലികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത് നോക്കാം. ഇനിയത് നന്നായി ചെയ്യാന്‍ സാധിച്ചാലോ, ധൈര്യമായി ഇപ്പോഴുള്ള ജോലി കളഞ്ഞ് പുതിയ ജോലിയില്‍ പ്രവേശിക്കാം. താനതില്‍ ശോഭിക്കും എന്ന ആത്മവിശ്വാസത്തോടെ തന്നെ!

പലരും തനിക്കിഷ്ടമുള്ള ജോലിയിലേക്ക് പോകാത്തത് ആത്മവിശ്വാസക്കുറവുകൊണ്ടോ അല്ലെങ്കില്‍ അങ്ങനെയൊരു കരിയര്‍ തിരഞ്ഞെടുക്കാന്‍ നേരത്തെ കഴിയാതെ പോയതുകൊണ്ടോ ആണ്. കിട്ടിയ ജോലിയുടെ സുരക്ഷിതത്വം കളയേണ്ട എന്ന കരുതിയാണ് പലരും രാജിവെയ്ക്കാത്തത്. പക്ഷേ, അവധിയെടുത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ നിങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ക്ക് നിങ്ങള്‍ തന്നെ മറുപടി കണ്ടെത്തുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങാൻ സാധിക്കുന്നു, തലയുയർത്തി തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here