നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടക്കുന്നതിൽ വ്യക്തികളുടെ സ്വഭാവ വ്യവഹാരങ്ങൾ തടസ്സമായി മാറുന്നുണ്ടോ? മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടോ?
ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്തി കമ്പനി കാര്യക്ഷമമായി പ്രവർത്തിപ്പിച്ച്, സാമ്പത്തികപരമായി ഉയരങ്ങളിലേക്ക് അതിനെ എത്തിക്കുകയെന്നതാണ് ഇൻഡസ്ട്രിയൽ ആൻഡ് ഓർഗനൈസേഷനൽ സൈക്കോളജിസ്റ്റുകളുടെ ലക്ഷ്യം. ഹ്യൂമൻ റിസോഴ്സ്, ഉദ്യോഗസ്ഥരുടെ ട്രെയിനിങ്, മാർക്കറ്റിങ്, സെയിൽസ്, ഓർഗനൈസേഷനൽ പുരോഗതി എന്നീ മേഖലകളിൽ സൈക്കോളജിക്കൽ സിദ്ധാന്തങ്ങൾ പ്രയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ജോലി.
ഐ.ഒ. സൈക്കോളജിസ്റ്റ് എന്നും ഇവരെ വിളിക്കാറുണ്ട്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്ത്, വിശദമായി പഠിച്ച്, ആ അവസ്ഥകളിൽ അവരുടെ ശാരീരികമായും മാനസികമായുമുള്ള ആരോഗ്യവും സ്വസ്ഥതയും ഉറപ്പു വരുത്തുക എന്നത് ഈ ജോലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. കമ്പനിയുടെ എച്ച്.ആർ. വിഭാഗവുമായി അടുത്തു പ്രവർത്തിക്കുന്ന ഒരു മേഖലയാണിത്. ആയതിനാൽ തന്നെ ആ കമ്പനിയിലെ ജീവനക്കാരിൽ തൊഴിൽസംതൃപ്തി ഉണ്ടാക്കുക വഴി, അവർ ചെയ്യുന്ന ജോലിക്ക് ക്ഷമതയും ഗുണവും വ്യക്തമായി വർദ്ധിക്കുന്നു. ഇത് കമ്പനിയെ ലാഭത്തിലേക്ക് നയിക്കുന്നു.
മേല്പറഞ്ഞതു പോലെ മേലുദ്യോഗസ്ഥർക്കും ജീവനക്കാർക്കും തമ്മിൽ ഒരു പാലമായി പ്രവർത്തിക്കുന്നത് സ്ഥാപനത്തിന്റെ നടത്തിപ്പിൽ തന്നെ സർവ്വോപരി പ്രധാനമായ ഒരു ജോലിയാണിത്. സൂക്ഷ്മ നിരീക്ഷണം, മനുഷ്യരെ മനസ്സിലാക്കുവാനുള്ള മികവ്, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ, സ്വഭാവങ്ങളെ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തുവാനുള്ള ശേഷി, മാനുഷിക പരിഗണനയും സഹാനുഭൂതിയും, ആശയവിനിമയ മികവ്, മറ്റുള്ളവർക്ക് സമീപിക്കാൻ തോന്നുന്ന രീതിയിൽ അഭികാമ്യമായ അവതരണം എന്നിവയെല്ലാം തന്നെ ജോലിക്കാനിവാര്യമായ ഘടകങ്ങളാണ്.
ഈ മേഖലയിലേക്ക് പ്രവേശിക്കാൻ സൈക്കോളജി, ഇൻഡസ്ട്രിയൽ സൈക്കോളജി, ഓർഗനൈസേഷനൽ സൈക്കോളജി എന്നീ കോഴ്‌സുകൾ തിരഞ്ഞെടുക്കാവുന്നതാണ്. നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി, ഡൽഹിയിലെ ശ്രീ രാം കോളേജ് ഫോർ വിമൻ, ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ചെന്നൈയിലെ പ്രെസിഡെൻസി കോളേജ്, വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഭാരതീയർ യൂണിവേഴ്സിറ്റി, പുണെയിലെ ഫെർഗൂസൻ കോളേജ്, ബറോഡയിൽ എം.എസ്. യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലൊക്കെ ഇതു സംബന്ധിച്ച വിവിധ കോഴ്‌സുകൾ ലഭ്യമാണ്.