നിക്ക് വുയ്ച്ചിച്ച് എന്ന പേര് കേട്ടിട്ടുണ്ടോ? തീർച്ചയായും അറിഞ്ഞിരിക്കേണ്ട പേരുകളിലൊന്ന് തന്നെയാണത്. നിക്കോളാസ് ജെയിംസ് വുയ്ച്ചിച്ച് 1982 ഡിസംബർ 4 ന് ഓസ്‌ട്രേലിയയിൽ ജനിച്ചു, എന്നാൽ അദ്ദേഹത്തിന് ജന്മനാ ഒരു അവസ്ഥയുണ്ടായിരുന്നു – ഫോകോമിലിയ അഥവാ ടെട്രാ അമീലിയ സിൻഡ്രോം. അതായത്, ആ മനുഷ്യന് കൈകളും കാലുകളുമില്ല എന്ന് സാരം. മറ്റുള്ളവരുടെ കൈകൾ കോർത്ത് പിടിക്കാനോ, നടക്കാനോ, നൃത്തം ചെയ്യാനോ, എന്തിന്, മറ്റൊരാളെ ഒന്ന് തൊടുവാനോ പോലും കഴിയാത്ത ജീവിതം! ഹാ, എന്തൊരു കഷ്ടം എന്നായിരിക്കും, അല്ലേ?

എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത്, പരിമിതികളെ മറികടന്ന്, ആത്മ വിശ്വാസം കൊണ്ട് അതിരുകൾ തകർത്തു മുന്നേറിയ ഒരു വ്യക്തിയാണ് വുയ്ച്ചിച്ച്, തന്റെ ഇടത്തെ കാൽ-പോലത്തെ രൂപത്തിലുള്ള രണ്ടു വിരലുകൾ കൊണ്ടദ്ദേഹം എഴുതാൻ പരിശീലിച്ചു. മാനസികമായി പരിമിതികളൊന്നുമില്ലാത്തതിനാൽ തന്നെ സ്‌കൂളിൽ പോയ അദ്ദേഹത്തിന് പലപ്പോഴും പരിഹാസങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടതായി വന്നു. പലപ്പോഴും അത് അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തി. താൻ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന മനസ്സിന്റെ നിരന്തരമായ ചോദ്യത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചെങ്കിലും, ജീവിതത്തിലേയ്ക്കയാൾ തിരികെ വന്നു – പൂർവാധികം ശക്തിയോടെ.

21 വയസ്സായപ്പോൾ നിക്ക് യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി ഇക്കോണോമിക്സ് ബിരുദം നേടിയിരുന്നു. എന്നാൽ അദ്ദേഹം തന്റെ ജീവിതത്തിന്റെ ലക്‌ഷ്യം തിരിച്ചറിഞ്ഞു – അദ്ദേഹം ഒരു പ്രഭാഷകനായി – ജീവിതത്തിന്റെ സൗന്ദര്യവും, പ്രത്യാശയും, പകർന്നു നൽകുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ. ഏകാന്തതയും, ഒറ്റപ്പെടലും, അപഹാസവും, മാനസിക തളർച്ചയും, വകതിരിവും എല്ലാം നേരിട്ടുള്ള അദ്ദേഹത്തിന് മറ്റുള്ളവരുടെ അവസ്ഥ മനസിലാക്കുവാൻ കഴിയും, അത് കൊണ്ട് തന്നെ അവരെ ഉയർത്താനും, ജീവിതവിജയത്തിലേയ്ക്ക് നയിക്കാനും.

ഇന്ന് നിക്ക് 44 ലേറെ രാജ്യങ്ങളിൽ സന്ദർശിച്ച് തൻ്റെ സന്ദേശം പകർന്നു നൽകിയിരിക്കുന്നു. തൻ്റെ ദൈനം ദിന കർത്തവ്യങ്ങൾക്കു പുറമെ ഷേവ് ചെയ്യാനും, വസ്ത്രം ധരിക്കാനും എല്ലാം തന്നെ അദ്ദേഹത്തിന് ആരുടേയും സഹായം വേണ്ട. പ്രവർത്തിയിൽ വിശ്വസിച്ചാൽ, തൻ്റെ കഴിവിൽ വിശ്വസിച്ചാൽ നേട്ടങ്ങൾ കൊയ്യാം എന്നദ്ദേഹം അടിവരയിട്ടു പറയുന്നു. ഒരു ജീവിതസാഹചര്യം നമ്മെ തളർത്തരുതെന്നദ്ദേഹം നമ്മോട് പറയുന്നു. ഒന്നിനെയും കുറച്ച് കാണരുതെന്നും, ഉള്ളത് കൊണ്ട് സംതൃപ്തിയുള്ളവരാകുക, എന്നാൽ ഉയർച്ചയിലേയ്ക്ക് കുത്തിക്കുവാൻ നിരന്തരം പരിശ്രമിക്കുക : നിക്ക് വുയ്ച്ചിച്ച് തൻ്റെ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു, അദ്ദേഹം ഇന്ന് ഗോൾഫ് കളിക്കുന്നു, നീന്തുന്നു, സർഫിങ് ചെയ്യുന്നു, സ്കൈ ഡൈവിംഗ് ചെയ്യുന്നു.

നിങ്ങൾക്ക് കഴിയില്ല എന്ന് നിങ്ങൾ കരുതുന്ന, നിങ്ങൾ ഉറച്ച് വിശ്വസിക്കുന്ന, ഒന്നില്ലേ? അതിനെ കീഴ്‌പ്പെടുത്തുക. ജീവിതം നിങ്ങളുടേതാക്കുക.

Leave a Reply