തുണി കൊണ്ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെൽക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്ട്‌ രണ്ട്‌ വ്യത്യസ്ത പ്രതലങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്.

സ്വിറ്റ്സെർലാൻറുകാരനായ ജോർജെ ദെ മെസ്ത്രാൽ എന്ന എൻ‌ജിനീയറാണ്, 1948-ൽ ഈ വിദ്യ കണ്ടുപിടിച്ചത്. ആൽ‌പ്സ് പർവ്വതനിരകളിൽക്കൂടിയുള്ള തന്റെ പതിവു പ്രഭാത സവാരിക്കിടയിൽ, ബർഡോക്ക് (ഊരകത്തിൻകായ്) ചെടിയുടെ വിത്ത്, തന്റെ വസ്ത്രങ്ങളിലും വളർത്തുനായയുടെ രോമങ്ങളിലും ഒട്ടിപ്പിടിക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഇത്തരമൊരു ആശയം ഉടലെടുത്തത്. ഈ വിത്തുകായകളുടെ ഉപരിതലത്തിൽ ഒട്ടേറെ ചെറുകൊളുത്തുകൾ ഉണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ കൊളുത്തുകൾ വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്നു. യഥാർത്ഥത്തിൽ കുറ്റിക്കാട്ടിൽ അലഞ്ഞുമേയുന്ന മൃഗങ്ങളുടെ ശരീരരോമങ്ങളിൽ ഈ വിത്തുകൾ പറ്റിപ്പിടിക്കുന്നതുവഴിയാണ് ഈ സസ്യത്തിന്റെ വിത്തുവിതരണം നടക്കുന്നത്.

വെൽ‌വെറ്റ് എന്നർത്ഥം വരുന്ന വെല്യുർസ്, കൊളുത്ത് എന്നർത്ഥം വരുന്ന ക്രോഷെ എന്നീ രണ്ട് ഫ്രെഞ്ച് വാക്കുകളിൽ നിന്നാണ്‌ അദ്ദേഹം വെൽ‌ക്രോ എന്ന പുതിയ പദം ഉണ്ടാക്കിയെടുത്തത്.

രണ്ട്‌ പ്രതലങ്ങളെ തമ്മിൽ ചേർത്തു നിർത്താനാണ് വെൽ‌ക്രോ ഉപയോഗിക്കുന്നത്. ഇവയിൽ ഒരു പ്രതലത്തിൽ നിറയെ ബലമേറിയ പ്ലാസ്റ്റിക് കൊളുത്തുകളും മറുപ്രതലം നിറയെ പ്ലാസ്റ്റിക്കിന്റെ ലോലമായ ചെറുകുരുക്കുകളും വിന്യസിച്ചിരിക്കും. ചിലപ്പോൾ, രണ്ട്‌ പ്രതലങ്ങളിലും കൊളുത്തുകൾ മാത്രമായുള്ള രീതിയിലും ഇതുണ്ടാക്കാറുണ്ട്‌. ഇപ്രകാരമുള്ള രണ്ട്‌ പ്രതലങ്ങളും ചേർത്തമർത്തുമ്പോൾ, കൊളുത്തുകൾ കുരുക്കുകൾക്കിടയിലേക്ക് കുരുങ്ങുകയും തൻ‌മൂലം പ്രതലങ്ങൾ അന്യോന്യം ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രതലങ്ങൾ വേർപ്പെടുമ്പോൾ, ഒരു പ്രത്യേകമായ കീറുന്ന ശബ്ദം ഉണ്ടാവും. കൊളുത്തുകൾ കുരുക്കുകൾക്കിടയിലേക്ക് എത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുണ്ട്‌ എന്നതിനനുസരിച്ചായിരിക്കും വെൽക്രോ ബന്ധനത്തിന്റെ ദൃഢത. ദൃഢമായ രണ്ട്‌ പ്രതലങ്ങൾ, വെൽക്രോ ഉപയോഗിച്ച് ബന്ധിപ്പിച്ചാൽ, ആ ബന്ധനം വളരെ ദൃഢമായിരിക്കും. ഈ രണ്ട്‌ പ്രതലങ്ങളെ വേർപെടുത്താൻ ഉപയോഗിക്കുന്ന ശക്തി, വെൽക്രോയിലുള്ള എല്ലാ കൊളുത്തുകളിലും കുരുക്കുകളിലും ഒരേ പോലെ വ്യാപനം ചെയ്യപ്പെടുന്നതുകൊണ്ടാണിത് സാധ്യമാകുന്നത്. അതുപോലെ തന്നെ, ബന്ധിക്കപ്പെട്ടിട്ടുള്ള പ്രതലങ്ങൾക്കിടയിലുണ്ടാകുന്ന കമ്പനങ്ങൾ, കൂടുതൽ കൊളുത്തുകളും കുരുക്കുകളും തമ്മിൽ കൂടിച്ചേരാൻ സഹായിക്കുന്നു.

വെൽക്രോയുടെ പ്രതിച്ഛായ ഉയരാൻ വളരെയേറെ സഹായിച്ചത് നാസ ആണ്. ബഹിരാകാശയാത്രികർ വഹിക്കുന്ന പല ഉപകരണങ്ങളിലും അവരുടെ യൂണിഫോമിലുമെല്ലാം വെൽക്രോ ധാരാളമായി തന്നെ ഉപയോഗപ്പെടുത്തി. 1960 കളിൽ പേടകത്തിനുള്ളിൽ അനേകം ഉപകരണങ്ങൾ സ്വസ്ഥാനത്ത് സുരക്ഷിതമായി നിർത്താൻ ചരടുകൾക്കും സിപ്പറുകൾക്കും ബദലായി വെൽക്രോ ഉപയോഗിച്ചു. പിന്നീട് വെൽക്രോയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പാദരക്ഷകൾ, വസ്ത്രങ്ങൾ, ചാവിക്കുടുക്കലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ലാബറട്ടറി ഉപകരണങ്ങൾ മുതലായവയിലെല്ലാം വെൽക്രോ സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടുന്നു.

ഉപയോഗിക്കുവാനുള്ള സൌകര്യം, കുറഞ്ഞ പരിപാലനച്ചിലവ്, കൂടിയ സുരക്ഷ എന്നീ കാരണങ്ങളാൽ, സ്ഥായിയല്ലാത്ത ഏതൊരു ബന്ധനത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ എന്നിവയിലാണ് വെൽക്രോ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സൈനികാവശ്യങ്ങൾക്കായി, ശബ്ദരഹിത വെൽക്രോ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം ഇപ്പോൾ നടന്നു വരുന്നു.

Leave a Reply