Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

കേരളത്തിലെ കുട്ടികളുടെ മനസ്സിൽ +2 കഴിയുന്നതിനു മുൻപേ ഉയരുന്ന ചോദ്യമാണു എഞ്ചിനിയറിങ്ങോ അതോ മെഡിസിനോ എന്നത്. ബഹു ഭൂരിപക്ഷവും ഈ വഴി തന്നെ തിരഞ്ഞെടുക്കുന്നുണ്ടുതാനും. എഞ്ചിനിയറിങ്ങിനു തന്നെ പോകുന്നതെന്തിനെന്ന ചോദ്യത്തിനു ജോലി കിട്ടുന്ന മറ്റെന്തുണ്ടെന്ന മറു ചോദ്യമെറിഞ്ഞ എൻട്രൻസ് വിദ്യാർഥിയെ ഓർത്ത് പോകുന്നു. ഏതെങ്കിലുമൊരു എഞ്ചിനിയറിങ്ങ് കോളേജിൽ ഏതെങ്കിലുമൊരു ബ്രാഞ്ചിൽ അഡ്മിഷൻ കിട്ടിയാൽ മതിയെന്ന രീതിയിൽ നെട്ടോട്ടമോടുന്നത് കാണുമ്പോൾ മറ്റൊരു പ്രൊഫഷനും ജോലി കിട്ടില്ലായെന്നാണോ അതോ മറ്റൊരു ജോലിക്കും സമൂഹത്തിൽ വിലയില്ലായെന്നാണോ പലരുടേയും ചിന്തയെന്ന് മനസിലാകുന്നില്ല. എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള വ്യക്തിയെന്ന നിലക്ക് എഞ്ചിനിയറിങ്ങ് വിരുദ്ധനല്ലായെന്ന് ഓർമിപ്പിക്കട്ടെ. മറ്റു പ്രൊഫഷനുകൾക്കും മാന്യതയുണ്ടെന്നും ആരോഗ്യപരമായൊരു സാമൂഹ്യ വ്യവസ്ഥിതിക്ക് എല്ലാത്തരം ജോലി ചെയ്യുന്നവരും ഇവിടെ ആവശ്യമാണെന്ന ചിന്ത ഭരിക്കുന്നുവെന്ന് മാത്രം.

സത്യത്തിൽ അസാമാന്യ മേധാ ശക്തിയുള്ളവരാണു നിങ്ങളെങ്കിൽ പോകേണ്ടത് അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനാണു. അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് അതിന്റെ ഉന്നതിയിൽ നിൽക്കുന്ന സ്ഥാപനമാണ് ഒറീസയിലെ ഭൂവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് (National Institute of Science Education and Research – NISER). 2006 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ ഇൻറ്റഗ്രേറ്റഡ് MSc യ്ക്കുള്ള എൻട്രൻസ് ടെസ്റ്റ് ആണു NEST (നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ്). 60 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയങ്ങളിലെ +2 ആണു അടിസ്ഥാന യോഗ്യത. കേന്ദ്ര ആണവ ഊർജ്ജ ഡയറക്ട്രേറ്റിന്റെ (Department of Atomic Energy) കീഴിലുള്ള പഠന ഗവേഷണ കേന്ദ്രമാണിത്. ഗണിത ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഗവേഷണം നടത്തുവാൻ യുവാക്കളെ പ്രാപ്തരാക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണം ആലോചനയിലാണ്. തികച്ചും വ്യത്യസ്തമായൊരു സ്ഥാപനം. പഠനത്തിനും ഗവേഷണത്തിനും മാത്രമായി സമർപ്പിച്ച കേന്ദ്രം.

National Institute of Science Education and Research
National Institute of Science Education and Research, Image Credit: www.niser.ac.in

പരീക്ഷാ രീതി

നെസ്റ്റിനു 3 പേപ്പറുകളുണ്ട്. ആദ്യത്തേത് 50 മാർക്കിന്റെ ജനറൽ പേപ്പർ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയാണു അടുത്ത 4 പേപ്പറുകൾ. 50 മാർക്ക് വീതം. 3 എണ്ണം തിരഞ്ഞെടുക്കാം. ആകെ 200 ൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. 3 മണിക്കൂറാണു സമയ ദൈർഘ്യം.

സ്കൂളുകൾ

ആകെ 5 സ്കൂളുകളാണുള്ളത്. സ്കൂൾ ഓഫ് മാത്തമാറ്റിക്കൽ സയൻസ്, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസ്, സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസ്, സ്കൂൾ ഓഫ് ഹ്യുമാനിറ്റിക്സ് ആൻഡ് സോഷ്യൽ സയൻസ് എന്നിങ്ങനെയാണു സ്കൂളുകൾ.

National Institute of Science Education and Research

പ്രോഗ്രാമുകൾ

ഇൻറ്റഗ്രേറ്റഡ് എം എസ് സി യാണു പ്രധാന ആകർഷണീയത. 5 വർഷത്തെ ഈ കോഴ്സിൽ +2 കഴിഞ്ഞ് ചേരാം. ഒന്നാം വർഷം കഴിഞ്ഞാണു സ്പെഷ്യലൈസേഷൻ. ഇടക്ക് വിഷയം മാറാം. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി എന്നീ മാനവിക വിഷയങ്ങളും ശാസ്ത്ര ചരിത്രം, പരിസ്ഥിതി, ഊർജ്ജം, സാങ്കേതിക ആശയ വിനിമയം (Technical Communication) തുടങ്ങിയവയും പഠിക്കേണ്ടതുണ്ട്.

ഇൻറ്റഗ്രേറ്റഡ് എം എസ് സി – പി എച്ച് ഡി യാണു മറ്റൊരു പ്രോഗ്രാം. ബി ടെക്കോ, ബി എസ് സിയോ വിജയിച്ചവർക്ക് ഈ പ്രോഗ്രാമിനു ചേരാം.
ശാസ്ത്ര വിഷയങ്ങളിലൊ എഞ്ചിനിയറിങ്ങിലോ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് പി എച്ച് ഡിക്ക് നേരിട്ട് ചേരാം. പി എച്ച് ഡി ക്കും ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്കുമുള്ള എൻട്രൻസ് ആണു JEST (Joint Entrance Screening Test).

NEST ലൂടെ തന്നെയാണു മുംബൈ സർവകലാശാലയിൽ ആണവോർജ്ജ വകുപ്പ് നടത്തുന്ന സെൻറ്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസിലെ (UMDAE CBS) (cbs.ac.in) പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം എസ് സിയിലേക്കുള്ള പ്രവേശനവും.

നൈസറിനെ കൂടുതൽ അറിയുവാൻ സന്ദർശിക്കുക www.niser.ac.in. തിളക്കമാർന്ന ഒരു കരിയറിനു വഴി തെളിക്കുന്നതാണു അടിസ്ഥാന ശാസ്ത്ര ഗവേഷണം. ഒപ്പം മാനവ രാശിക്കൊരു മുതൽക്കൂട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!