Muralee Thummarukudy
– Chief of Disaster Risk Reduction in the UN Environment Programme.
Neeraja Janaki –  
Career Planner & Psychologist

വീട്ടിൽ ഓഫീസ് സെറ്റ്-അപ്പ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ “എർഗണോമിക്സിനെ പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചുപേർ അഭിപ്രായപ്പെട്ടിരുന്നു. പൊതുവെ മലയാളികൾക്ക് അത്ര പരിചയമുള്ള പദമല്ല ‘എർഗോണോമിക്സ്’ എന്നത്, മലയാളത്തിൽ ഇതിനുപകരമൊരു വാക്കുണ്ടോ എന്നുമറിയില്ല. “An applied science concerned with designing and arranging things people use so that the people and things interact most efficiently and safely” എന്നതാണ് എർഗണോമിക്സിന്റെ നിർവ്വചനം.

ശരാശരി ആളുകൾ ഓഫിസിൽ ഒരുദിവസം എട്ടുമണിക്കൂറോളം ജോലിയെടുക്കുമല്ലോ. അപ്പോൾ അവിടെ നിന്നാണോ ഇരുന്നാണോ ജോലി ചെയ്യുന്നത്, എവിടെ ഇരിക്കുന്നു (അല്ലെങ്കിൽ നില്കുന്നു), കൂടുതൽ സമയം കമ്പ്യൂട്ടറിൽ ആണോ ഫോണിൽ ആണോ എന്നതൊക്കെ പ്രധാനമാണ്. ഒരേ ജോലിതന്നെ വർഷങ്ങളായി ചെയ്യുമ്പോൾ സാധാരണഗതിയിൽ പ്രശ്നമല്ലാത്ത കാര്യങ്ങൾ പോലും ആരോഗ്യ പ്രശ്നങ്ങളിലേക്കുനയിക്കും. ആധുനിക ഓഫീസുകൾ ഡിസൈൻ ചെയ്യുമ്പോൾതന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. പോരാത്തതിന് ഓരോ ആധുനിക ഓഫിസുകളിലും ഒരു ഒക്ക്യൂപ്പേഷണൽ ഹെൽത്ത് അഡ്വൈസർ കാണും. പൊതുവെ എർഗോണോമിക്സ് ചെക്ക് ചെയ്യുന്നത് കൂടാതെ അവർ ഒരോവ്യക്തികളുടെയും ജോലിയും ഓഫീസ് സെറ്റ്-അപ്പും ഒക്കെ പരിശോധിച്ച്, വേണ്ട നിർദ്ദേശങ്ങൾ നൽകും.

വീട്ടിൽ ഓഫീസ് സെറ്റ് ചെയ്യുമ്പോൾ പല പരിമിതികളുണ്ട്. പോരാത്തതിന്, നമുക്ക് ഉപദേശംതരാൻ ഹെൽത്ത് ആൻഡ് സേഫ്റ്റി അല്ലെങ്കിൽ ഒക്കുപ്പേഷണൽ സേഫ്റ്റി ഉപദേഷ്ടാവ് അവിടെയില്ല. അതുകൊണ്ടുതന്നെ പൊതുവിലുള്ള കുറച്ചുകാര്യങ്ങൾ പറയാം.

Ergonomic Arrangement Sample

1. ഈ ലോക്ക് ഡൌൺ കാലം മൂന്നാഴ്ചത്തെ കാര്യമല്ലേയുള്ളൂ, അതിൽ തന്നെ ഒരാഴ്ച കഴിഞ്ഞു. ഇനിയിപ്പോൾ രണ്ടാഴ്ചക്ക് വേണ്ടി ഓഫീസ് എർഗണോമിക്സ് ഒക്കെ നോക്കേണ്ടതുണ്ടോ എന്നൊരു ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ അതിപ്പോൾത്തന്നെ ദൂരെക്കളയുക. ഒരു വെടിക്കെട്ടുകൊണ്ട് തീരുന്ന പൂരമല്ല ഇത്. എപ്പോഴാണ് കൊറോണക്കാലം അവസാനിക്കുക, സാധാരണ ഓഫീസ് ജീവിതം സാധ്യമാവുക, എന്ന് ആർക്കുമിപ്പോൾ പറയാൻപറ്റില്ല. പോരാത്തതിന് കൊറോണ കഴിഞ്ഞുള്ള കാലത്തും സ്ഥിരമല്ലെങ്കിലും വീട്ടിൽനിന്നുള്ള ജോലിചെയ്യൽ ഒരു ജീവിതരീതിയായി മാറാൻപോവുകയാണ്. അതുകൊണ്ടുതന്നെ ഹോം ഓഫീസ് സെറ്റ്-അപ്പും ഓഫീസ് എർഗണോമിക്‌സുംമൊക്കെ കാര്യമായിത്തന്നെ എടുക്കുക.

2. നമ്മുടെ ഓരോരുത്തരുടെയും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും ഉചിതമായ സ്ഥലം ഹോം ഓഫീസിനായി കണ്ടു പിടിക്കുക. വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ, ഗാരേജ് ഇവയൊക്കെ ഉണ്ടെങ്കിൽ അത് വൃത്തിയാക്കിയെടുക്കുന്നതാണ് ബെഡ്‌റൂമോ ഡൈനിങ്ങ് റൂമോ ടി വി റൂമോ ഒക്കെ ഓഫീസ് ആക്കുന്നതിലും നല്ലത്.

3. സ്റ്റോർറൂമും ഗാരേജുമൊക്കെ വേഷംമാറ്റിയെടുക്കുമ്പോൾ രണ്ടുകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രകാശംവേണം. (എവിടെ നിന്നാണ് പ്രകാശം വരേണ്ടത് എന്ന് പിന്നെ പറയാം). രണ്ടാമത് മുറിയിലുള്ള “ലൊട്ടു ലൊടുക്ക്’ സാധനങ്ങൾ ഒക്കെ തൽക്കാലം വെബ് കാം റേഞ്ചിൽ നിന്നും മാറ്റി വെറുതെ കൂട്ടിവെക്കരുത്. അലമാരയുടെ മുകളിലിരിക്കുന്ന പഴയ മോണിറ്റർ തലയിലേക്ക് വീഴുന്ന സാഹചര്യം വരരുത്.

4. കസേര, മേശ തുടങ്ങി ഫർണിച്ചറുകൾ; മോണിറ്റർ, കീബോർഡ്, മൗസ് എന്നിങ്ങനെ ആവശ്യമുള്ള ഇലക്ടോണിക് എക്വിപ്മെന്റുകൾ; നല്ല ഇന്റർനെറ്റ് കണക്റ്റിവിറ്റി, ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ എന്നിവയാണ് ഒരു ഹോം ഓഫീസിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങൾ. ജോലിയുടെ സ്വഭാവമനുസരിച്ച്, ഒന്നിലധികം മോണിറ്ററുകളോ മറ്റുപകരണങ്ങളോ ആവശ്യമായിവരും.

5. ഹോം ഓഫീസ് ജോലികൾ ബഹുഭൂരിപക്ഷവും ഇരുന്നുകൊണ്ട് ചെയ്യേണ്ടവയാണ്. നമ്മൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനവധി പ്രത്യേകതകളുള്ള കസേരയാണ് ഓഫീസുകളിലുള്ളത്. റോളർ വീലുകൾ (അഞ്ചെണ്ണം), ഉയരം മാറ്റാവുന്നത്, ആംറെസ്റ്റ് ഉള്ളത്, പുറത്തു സപ്പോർട്ട് ഉള്ളതും അഡ്ജസ്റ്റ് ചെയ്യാവുന്നതും, എന്നിങ്ങനെ. വീടുകളിൽ സാധാരണഗതിയിൽ ഇതൊന്നുമുണ്ടായിക്കൊള്ളണമെന്നില്ല. അതിനാൽ നല്ലൊരു കസേരക്കായി അൽപ്പം പണംമുടക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ദീർഘനേരം ഇരുന്നുകൊണ്ട് ജോലിചെയ്യുന്നവർക്ക് ജോലിസമയങ്ങളിൽ സ്‌പൈനൽ കർവുകളെ സപ്പോർട്ടുചെയ്യുന്ന കസേരകളില്ലെങ്കിൽ, ലോക്ക് ഔട്ട് കഴിയുമ്പോഴേക്കും നടുവൊടിയും!

6. ഇനി ഇരിപ്പുരീതിയെപ്പറ്റി (sitting posture) പറയാം. കസേരയിൽ നിവർന്നിരിക്കാൻ കഴിയണം. മേശയുടെ/മോണിറ്ററിന്റെ പൊസിഷൻ, നിങ്ങളുടെ ഉയരം എന്നിവക്കനുസരിച്ചു കസേരയുടെ ഉയരം ക്രമീകരിക്കാം. കാൽപ്പാദം പൂർണമായും നിലത്തുറപ്പിക്കുന്നവിധത്തിലായിരിക്കണം. ആവശ്യമെങ്കിൽ കാലുകൾവയ്ക്കാനായി ഫൂട്ട് റെസ്റ്റോ മറ്റോ ഉപയോഗിക്കാം. തുടകൾ തറക്കു സമാന്തരമായിവരുന്നരീതിയിലായിരിക്കണം കാലുകളുടെ പൊസിഷൻ. കൂടാതെ ഇരിക്കുന്ന അവസ്ഥയിൽ ശരീരം (നട്ടെല്ല്) കാലുകളിൽനിന്നും 90 ഡിഗ്രി ആങ്കിളിലായിരിക്കണം. *ഇവിടെ മേശയുടെ ഉയരവും പ്രധാനമാണ്. കാലോ കാൽമുട്ടുകളോ മേശയിൽ തട്ടുന്നവിധത്തിലിരിക്കരുത് ഇരിക്കേണ്ടത്.

7. ജോലിചെയ്യുമ്പോൾ (കീ ബോര്ഡില് ടൈപ്പ് ചെയ്യുമ്പോഴും മറ്റും) കൈമുട്ടുകൾ 90 ഡിഗ്രി ആങ്കിളിലായിരിക്കണം. കൈകൾ സുഗമമായിവെക്കാൻ ആംറെസ്റ്റിന്റെ സ്ഥാനം അനുയോജ്യമായരീതിയിലാക്കുക. കീ-ബോര്ഡിലേക്കെത്താൻ കൈകൾ മുന്നോട്ടായേണ്ടിവരരുത്. മൗസ്, കീബോര്ഡ് എന്നിവ ഉപയോഗിക്കാൻ ഷോൾഡർ മുഴുവനായി ഇളക്കുന്നതിനുപകരം കൈമുട്ടുകളുപയോഗിച്ചു ചലിപ്പിക്കുക. മൗസും കീബോർഡും അധികം അകലത്തിലല്ലാതെ വെക്കുകയും വേണം.

8. അടുത്തയായി ശ്രദ്ധിക്കേണ്ടത് നിങ്ങളും മോണിറ്ററും തമ്മിലുള്ള അകലമാണ്. മോണിറ്ററിന്റെ മുകൾഭാഗം നിങ്ങളുടെ കണ്ണിനുനേരെ വരുന്ന ക്രമത്തിൽ, ഏകദേശം ഒരുകയ്യകലത്തിൽ വെക്കാം. ഒരുകാരണവശാലും മോണിറ്ററിൽ നോക്കുന്നതിനു മുന്നോട്ടായുകയോ കുനിയുകയോ ചെയ്യാനിടവരരുത്. രണ്ടുമോണിറ്ററുകളുണ്ടെങ്കിൽ രണ്ടിന്റെയും മധ്യത്തിൽ മുഖം വരുന്നതുപോലെ ഇരിക്കണം.

9. കണ്ണുകൾക്ക് കൂടുതൽ ആയാസംകൊടുക്കാതെ സ്ക്രീൻ ബ്രൈറ്റ്നസ്സ് നിജപ്പെടുത്തുക. എങ്ങനെ? ഏറ്റവും ലളിതമായിപ്പറഞ്ഞാൽ നിങ്ങളുടെ മുറിയിലെ വെളിച്ചത്തിനു തുല്യമായ തെളിച്ചം കമ്പ്യൂട്ടർ സ്‌ക്രീനിൽ ഉണ്ടായിരിക്കണം. കൂടുകയും ചെയ്യരുത്. അല്ലാത്തപക്ഷം കണ്ണിനു കൂടുതൽ സ്‌ട്രെയിൻ ഉണ്ടാകാം. ഈ സ്ഥിതി വളരെനേരം തുടർന്നാൽ ഇറിറ്റേഷൻ, വേദന, കണ്ണുകൾ കൂടുതൽ വരണ്ടുപോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാക്കും.

10. ഓഫീസ് ഫോൺ എപ്പോഴും തൊട്ടടുത്തുതന്നെ വയ്ക്കുക. ഫോൺ ഉപയോഗിക്കുമ്പോൾ തോളിനും ചെവിക്കുമിടയിൽ ഫോൺ/റീസിവർ തിരുകിവെക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. കൂടുതൽസമയം ഉപയോഗത്തിലുണ്ടെങ്കിൽ സ്പീക്കർ ഉപയോഗിക്കുകയോ ഹെഡ് ഫോൺ വെയ്ക്കുകയോ ചെയ്യാം. ഹോം ഓഫീസ് സാഹചര്യത്തിൽ ഫോൺ വരുന്നത് ഒന്ന് എഴുന്നേറ്റ് നിൽക്കാനും അത്യാവശ്യം കുറച്ചു നടക്കാനും ഉള്ള അവസരമായി ഉപയോഗിക്കാം.

11. പലരും കൂടുതൽനേരം ഒരേ പൊസിഷനിലിരുന്നു ജോലിചെയ്യുന്നവരാണല്ലോ. എങ്ങനെയുള്ളപ്പോൾ ഓരോ ഒരുമണിക്കൂറിലും കസേരയിൽനിന്നു എഴുന്നേൽക്കുക. അല്പസമയം സ്ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യാം. കണ്ണുകൾക്ക് സ്‌ട്രെയിൻ തോന്നുന്നെങ്കിൽ അല്പസമയം കണ്ണടച്ചിരിക്കാം. സ്‌ക്രീനിൽനിന്നു കണ്ണുകളെടുത്ത് ഒരുവസ്തുവിലേക്കും ഫോക്കസ് ചെയ്യാതെ കുറച്ചുദൂരത്തേയ്ക്കു നോക്കിയിരിക്കാം.

12. ഓഫിസുകളിൽ എ സി ഒക്കെയുണ്ടായിരിക്കും, വീട്ടിലത് ഉണ്ടായിക്കൊള്ളണം എന്നില്ല. പക്ഷെ ഇനിവരുന്ന നാളുകൾ കേരളത്തിലെ ചൂടുകൂടാൻപോവുകയാണല്ലോ. മുറിയിലെ ചൂട്, ജോലിചെയ്യാനനുകൂലമായനിലയിൽ ക്രമീകരിക്കുന്നത് നന്നായിരിക്കും, അത് സാധിച്ചില്ലെങ്കിൽ നല്ല വായൂസഞ്ചാരമുള്ള സ്ഥലമാക്കാൻ ശ്രദ്ധിക്കുക.

13. കമ്പ്യൂട്ടറും മറ്റും കണക്ട് ചെയ്യുന്ന കോഡുകൾ കൃത്യമായി ഒതുക്കിവെക്കണം. പ്രത്യേകിച്ച് ഇലെക്ട്രിസിറ്റി സപ്ലൈ വയറുകളാണെങ്കിൽ. നിലത്തോ, നിങ്ങളുടെ കാലുകൾ വെയ്ക്കുന്നിടത്തോ അലക്ഷ്യമായി ഇടരുത്. ഷോക്ക് അടിക്കുന്നത് കൂടാതെ വയറിൽ തട്ടി വീഴുന്ന സാഹചര്യം ഒഴിവാക്കണം (സ്ലിപ്പ് ആൻഡ് ട്രിപ്പ് ഹസാർഡ്).

14. തീപിടിത്ത സാധ്യതയുള്ളതോ അപകടമുണ്ടാക്കാവുന്നതോ ആയവസ്തുക്കൾ മുറിയിൽ സൂക്ഷിക്കരുത്. ഹോം ഓഫിസ് ആയതിനാൽ ഭക്ഷണവും ചായകുടിമൊക്കെ ഓഫീസ് ടേബിളിൽ വച്ച്ചെയ്യാം എന്ന പരിപാടി വേണ്ട.

15. വളരെ പ്രധാനപ്പെട്ട ഡോക്യൂമെന്റുകൾ സൂക്ഷിച്ചുവെയ്ക്കേണ്ടതാണ്. അത് നിങ്ങളുടെമാത്രം ഉത്തരവാദിത്തമാണ്. കാണാതാകുകയോ, കുട്ടികളോമറ്റോ നശിപ്പിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്യരുത്. അത്തരംസാധനങ്ങൾ സൂക്ഷിക്കാതെ അലക്ഷ്യമായിവെക്കുന്നത് തികച്ചും അൺപ്രൊഫഷണലായ രീതിയാണെന്നോർക്കണം. ആവശ്യത്തിനുള്ള സ്റ്റോറേജ് സംവിധാനവും ഉണ്ടായിരിക്കണം.

16. ഹോം ഓഫീസ് ടേബിളിൽ വായിക്കാൻവേണ്ടി വെളിച്ചം അഡ്ജസ്റ്റുചെയ്യാൻ ഒരു ടേബിൾലാംപ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. അത് നിങ്ങൾ എഴുതുന്ന കയ്യുടെ എതിർവശത്തായിരിക്കണം, മോണിറ്ററിലേക്ക് പ്രകാശമടിച്ച് അവിടെ കാണാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കരുത്.

17. ഇന്ത്യയിലെ അനവധി ആളുകളുടെ ജോലി വിദേശത്തെ സമയവുമായി സിങ്ക്ചെയ്യേണ്ട സാഹചര്യമുണ്ടാകാം. അതിനാൽതന്നെ കൃത്രിമ വെളിച്ചം വേണ്ടിവരും. അത് നിങ്ങൾക്ക് ആയാസകരമാകുന്നുണ്ടോ എന്ന്ശ്രദ്ധിക്കണം.

18. ജോലിയുടെഭാഗമായി കൂടുതൽസമയം ഫോൺചെയ്യേണ്ടിവരികയാണെങ്കിൽ, ഒരു ബാക്ക്ഗ്രൗണ്ട് നോയ്‌സ് ക്യാൻസെല്ലിങ് ഹെഡ്ഫോൺ നിർബന്ധമായും വേണം.

ഹോം ഓഫീസ് സെറ്റുചെയ്ത് ജോലി തുടങ്ങിയാൽ, ഒന്നോ രണ്ടോ ആഴ്ചകഴിഞ്ഞു നിങ്ങളുടെ ആരോഗ്യം ഒന്നുവിലയിരുത്തുക. നാടുവിനോ റിസ്റ്റിനോ ഒക്കെ വേദനതോന്നുന്നുണ്ടോ? കണ്ണുകൾക്ക് ആയാസം അനുഭവപ്പെടുന്നുണ്ടോ? ചെവിവേദനയുണ്ടോ? എന്നതൊക്കെ ശ്രദ്ധിക്കണം. നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടുക. ഇന്റർനെറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ആദ്യ ഭാഗം വായിക്കാൻ 

Leave a Reply