ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു നാഴികക്കല്ലാണ് 1930 ല് ഗാന്ധിജി യുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം. ദിവസം 20 കിലോമീറ്ററോളം നടന്ന് ഏപ്രിൽ അഞ്ചിനാണ് യാത്ര ദണ്ഡി കടപ്പുറത്ത് എത്തിച്ചേരുന്നത്. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തോടൊപ്പം കാലുകൾ നീട്ടി വലിച്ചുള്ള ഗാന്ധിജിയുടെ ചിത്രവും പ്രസിദ്ധമാണ്. ആ ചിത്രങ്ങളിലെല്ലാം നാം കണ്ടു ശീലിച്ച ഊന്ന് വടിക്കുമുണ്ട് ഒരു ചരിത്രം. നമ്മുടെ മലയാള മണ്ണിന്റെ മണമുള്ള ചരിത്രം.

ഉപ്പ് സത്യാഗ്രഹത്തിന് പുറപ്പെടും മുമ്പ് ഗാന്ധിജിക്ക് ആ വടി നൽകുന്നത് അന്ന് സബർമതി ആശ്രമത്തിലെ അന്തേവാസിയായിരുന്ന കാകാ കാലേൽക്കർ ആയിരുന്നു. ഇന്ത്യയൊട്ടാകെ കാൽ നടയായി സഞ്ചരിച്ചിട്ടുള്ള കാലേൽക്കർ 1915 ലാണ് ഗാന്ധിജിയുമായി അടുക്കുന്നത്.

54 ഇഞ്ച് നീളമുള്ള വടി നടക്കാൻ ഏറെ സഹായകമാവുമെന്ന് കരുതി ഗാന്ധിജി സ്വീകരിച്ചു. യാത്രയിലുടനീളം ഗാന്ധിജി ആ വടിയും കൊണ്ട് നടന്നു. വടി ഭൂമിയിൽ അമർത്തി മുന്നേറുന്നതും വടി കൈയ്യിലെടുത്ത് നടക്കുന്നതുമായ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. അത് പോലെ വടിയുടെ ഒരറ്റം ഒരു കൊച്ചു കുട്ടിയുടെ കയ്യിലും പിറകിൽ മറു അറ്റം ഗാന്ധിജിയുടെ കൈയ്യിലുമായി നടക്കുന്ന ചിത്രവും ശ്രദ്ധിച്ചിരിക്കാം. ഗാന്ധിജിയുടെ കൊച്ചു മോനായ കനു ഗാന്ധിയായിരുന്നു ആ കൊച്ചുകുട്ടി.

കന്നഡ ഭാഷയിലെ രാഷ്ട്രകവിയായി ആദരിക്കപ്പെട്ട കവിയും എഴുത്തുകാരനുമായ എം ഗോവിന്ദ പൈ നമുക്ക് അത്ര പരിചയമുണ്ടാവില്ല. കേരളത്തിന്റെ വടക്കേയറ്റത്ത് മഞ്ചേശ്വരം എന്ന സ്ഥലത്ത് ജനിച്ച ഗോവിന്ദ പൈ വിദ്യാഭ്യാസം നേടിയത് മംഗലാപുരത്തും മദ്രാസിലുമായിരുന്നു. മലയാളവും കന്നടയുമടക്കം പല ഇന്ത്യൻ ഭാഷകളും അദ്ദേഹത്തിന് സ്വായത്തമായിരുന്നു. നിരവധി ചരിത്ര പുസ്തകങ്ങളും കവിതകളും ഗദ്യങ്ങളും രചിച്ചിട്ടുള്ള ”മഞ്ചേശ്വരം ഗോവിന്ദ പൈ” ജപ്പാനീസ് ഭാഷയിലുള്ള കൃതികൾ കന്നഡ ഭാഷയിലേക്ക് തർജമ ചെയിതിട്ടുണ്ട്. കവിയുടെ മഞ്ചേശ്വരത്തെ വീട് സ്മാരകമായി സംരക്ഷിക്കുന്നുണ്ട്. ഗൗഡ സാരസ്വത് കുടുംബത്തിൽ ജനിച്ച ഗോവിന്ദ പൈ യുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന വടി ഒരു അമൂല്യ വസ്തു പോലെ കവി സൂക്ഷിച്ചിരുന്നു.

Gandhi’s stick on display in rajgut muesum

കേരളത്തിലെയും കർണ്ണാടകയിലെയും ഇടനാടുകളിൽ കാണൂന്നയിനം മുള കൊണ്ട് നിർമ്മിച്ച ആ വടി കാണാനും പ്രത്യേക ഭംഗിയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സ്വാതത്ര്യ സമരങ്ങളിൽ ആകൃഷ്ടനായ കവി സബർമതി ആശ്രമവും സന്ദർശിച്ചിരുന്നു. ഗാന്ധിജി മംഗലാപുരം സന്ദർശിച്ചപ്പോൾ കവിയുടെ മഞ്ചേശ്വരത്തെ വീട്ടിലും വന്നിരുന്നുവെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ദിനേശ് നായക് പറയുന്നു. എന്നാൽ ആ വടി കവി സമ്മാനിക്കുന്നത് കാകാ കാലേൽക്കർക്ക്, ഗോവിന്ദ പൈ സന്ദർശിച്ചപ്പോഴാണ്. അരോബിന്ദോ യുടെ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് സ്ഥാപിതമായ ഗംഗാനാഥ് സർവ്വ വിദ്യാലയയുമായി ബന്ധം വെച്ചു പുലർത്തിയിരുന്ന മഹാകവിയും കാകായും പഴയ സ്നേഹിതന്മാരായിരുന്നു.

ഭാരത ദർശനത്തിന്റെ ഭാഗമായി കാകാ മംഗലാപുരം എത്തിയപ്പോൾ മഹാകവിയുടെ മഞ്ചേശ്വരത്തെ വീടും സന്ദർശിക്കുകയുണ്ടായി. വീട്ടിൽ വന്ന ആത്മസുഹൃത്തിന് കവി തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിധി സമ്മാനിക്കുകയിരുന്നു. പരമ്പര സ്വത്തായി കിട്ടിയ ആ ഊന്ന് വടി കാകാ കാലേൽക്കറിന് സമ്മാനിക്കുമ്പോൾ കവി അറിഞ്ഞിരിക്കില്ല ഈ വടി ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാവുമെന്ന്. രാജ്‌ഘട്ടിലെ ഗാന്ധി മ്യൂസിയത്തിൽ ഇന്നും ഈ വടി പ്രദർശനത്തിന് വെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!