പാരീസ് എന്ന് ഓർക്കുമ്പോൾ തന്നെ നമ്മളിൽ തെളിയുന്ന ഒരു രൂപമുണ്ട് അത് ഈഫൽ ടവറിന്റേതാണെന്ന് നിസ്സംശയം പറയാം. ലോകത്തെ വിനോദ സഞ്ചാരികൾ പാരിസിനെ ആകർഷിക്കാനുള്ള മുഖ്യ കാരണവും ഇത് തന്നെയാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ അതിന്റെ സ്മരണയ്‍ക്കായി പണികഴിപ്പിച്ചതാണ് ഈ ടവർ. ഗുസ്റ്റാവേ ഈഫൽ എന്ന ഡിസൈനറും അദ്ദേഹത്തിന്റെ 200-ഓളം വരുന്ന ജോലിക്കാരുടേയും അധ്വാനമാണ് ഈ കമാനത്തിന്റെ ചാരുതയ്‍ക്ക് പിന്നിൽ. അദ്ദേഹത്തോടുള്ള ആരാധന സൂചകമായി ഈഫൽ എന്ന പേരും ഈ ടവറിന് നൽകി.

സെൻട്രൽ പാരീസിലെ ചാംപ് ഡി മാർസിൽ ഒരു സ്മാരകം പണിയുന്നതിനായി 100 ലേറെ ഡിസൈനുകളാണ് ഭരണകൂടത്തിന് മുന്നിലെത്തിയത്. എന്നാൽ 1000 അടിയോളം വരുന്ന ഈഫൽ ടവറിനാണ് പാരീസിന്റെ മുഖമാവാൻ നറുക്ക് വീണത്. നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഒരുപാട് വിമർശനങ്ങൾ ഈ ടവറിന് നേരെ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നില്ല. രണ്ട് വർഷമാണ് ഈഫൽ ടവറിന്റെ പണി പൂർത്തിയാകാൻ എടുത്ത സമയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമിച്ച ഭാഗങ്ങൾ പാരിസിലെത്തിച്ചാണ് കൂട്ടിയോജിപ്പിച്ചത്. കെട്ടിട നിർണമാണത്തിനിടെ അപകടമരണങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നെങ്കിലും ഈഫലിന്റെ നിർമാണ കാലയളവിൽ ഒരു തൊഴിലാളിക്ക് മാത്രമാണ് ജീവൻ നഷ്ടമായത്.

1889 മാർച്ച് 31-നാണ് ഈഫൽ ടവർ ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. ഗുസ്റ്റാവേയും ഫ്രഞ്ച് പ്രധാന മന്ത്രിയായ പിയറി ടിറാഡും ചേർന്നാണ് ടവർ ഉദ്ഘാടനം ചെയ്തത്. 1889 മാർച്ച് 31 ന് ഉദ്ഘാടനം നടന്നെങ്കിലും ഇത് ജനങ്ങൾക്കായി തുറന്ന് കൊടുത്തത് മേയ് ആറിനാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണയ്‍ക്കായി നടത്തിയ എക്സ്പോ കഴിഞ്ഞാലുടൻ മാറ്റി സ്ഥാപിക്കണമെന്ന ലക്ഷ്യത്തിൽ നിർമിച്ച ഈ ടവർ വളരെപ്പെട്ടെന്നാണ് പാരീസിന്റെ മുഖമായി മാറിയത്.

130 വർഷങ്ങൾക്ക് മുൻപ്, സാങ്കേതിക വിദ്യ ഇന്നത്തെയത്ര വളർച്ച പ്രാപിക്കാതിരുന്ന കാലഘട്ടത്തിൽ പോലും അതിമനോഹരമായ രീതിയിൽത്തന്നെ ഈഫൽ എന്ന വിസ്മയം ഉയർന്നു പൊങ്ങി. 1929-ൽ ന്യൂയോർക്ക് സിറ്റിയിൽ ക്രിസ്ലർ ബിൽഡിങ് ഉയർന്നു പൊങ്ങുന്നതിന് മുൻപ് വരെ 324 മീറ്ററോളം ഉയരമുള്ള ഈഫലായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമിതി. ഏകദേശം 1700-ഓളം പടവുകൾ ചവിട്ടിക്കയറി ഈഫലിന്റെ നെറുകയിലെത്താൻ ഇന്നും പലർക്കുമാവേശമാണ്. രാത്രിയുടെ യാമങ്ങളിൽ ദീപങ്ങളുടെ വർണ്ണ മനോഹാരിതയിൽ ഉയർന്ന് നിൽക്കുന്ന ഈഫൽ ടവർ പാരീസിന്റെ മുഖമായി ലോകോത്തര മനുഷ്യ മനസ്സുകളിൽ പതിഞ്ഞ് കിടക്കുന്നത് ഒരു ചരിത്രത്തെ തന്നെ വിളിച്ചോതിക്കൊണ്ടാണ് .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!