നമ്മുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന വെറ്ററിനറി ഡോക്ടർമാരെ നമുക്കറിയാം. അതുപോലെ തന്നെ അക്യൂപഞ്ചർ എന്ന വൈദ്യശാസ്ത്ര ശാഖയും നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ, എന്താണീ വെറ്ററിനറി അക്യൂപഞ്ചറിസ്റ്റ്? പേര് സൂചിപ്പിക്കുന്ന പോലെ, മൃഗങ്ങൾക്ക് ചികിത്സയുടെ ഭാഗമായി അക്യൂപഞ്ചർ ചെയ്യുന്നതാണിത്. മുംബൈ പ്രദേശങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഈ ശാഖ ഇന്ത്യയിൽ പ്രചാരം നേടി വരുകയാണ്.
ചൈനീസ് വെറ്ററിനറി വൈദ്യശാസ്ത്രത്തിലെ ഒരു ശാഖയാണിത്. ആയിരത്തോളം വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ മൃഗങ്ങളിൽ അക്യൂപഞ്ചർ തുടങ്ങിയ സമ്പ്രദായങ്ങൾ പരീക്ഷിച്ചു വരുന്നുണ്ട്. തുടക്കത്തിൽ കൂടുതലും യുദ്ധത്തിന് ഉപയോഗിച്ചിരുന്ന കുതിരകളിലും മറ്റു വലിയ മൃഗങ്ങളിലും ആണ് ഇത് ചെയ്തിരുന്നത്. അവിടെ നിന്നാണ് അത് പുരോഗമിച്ച് ഇന്ന് വളർത്തു മൃഗങ്ങളിലേക്ക് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്.
ഇൻഫെക്ഷനിലേക്ക് നയിക്കാത്ത എരിച്ചിലുകൾ, പക്ഷാഘാതം, വേദനകൾ എന്നിവയ്ക്കാണ് പ്രധാനമായും അക്യൂപഞ്ചര് ഉപയോഗിച്ച് വരുന്നത്. ചെറിയ മൃഗങ്ങളിൽ ആർത്രൈറ്റിസ്, ഡയറിയ മുതലായ രോഗങ്ങളും വലിയ മൃഗങ്ങളിൽ ശ്വാസകോശ സംബന്ധിയായ രോഗങ്ങളും വരെ ഈ പ്രയോഗത്തിലൂടെ ചികിത്സിക്കാറുണ്ട്. 90കൾക്ക് ശേഷം ഈ വൈദ്യശാസ്ത്രത്തിനു ഒത്തിരിയധികം ആവശ്യക്കാരുണ്ട്.
നാഷണൽ അക്യൂപഞ്ചർ അസോസിയേഷനിലെ ജീൻ ബ്രൂണോയുടെയും ജോൺ ഒട്ടാവിയാനോയുടെയും ശിഷ്യന്മാർ കണ്ടെത്തിയ ഇന്റർനാഷണൽ വെറ്ററിനറി അക്യൂപഞ്ചര് സൊസൈറ്റി (ഐ.വി.എ.എസ്.) ആണ് പല സ്ഥലങ്ങളിലും ആവശ്യപ്പെടുന്ന സെർട്ടിഫിക്കേഷൻ. ഇന്ത്യയിൽ വൈകാതെ തന്നെ കോളേജുകളിൽ ഈ കോഴ്‌സുകൾ ലഭ്യമാകും എന്നതിന് സംശയമില്ല. ഓസ്ട്രേലിയയിലെ കോളേജ് ഓഫ് ഇന്റഗ്രേറ്റീവ് വെറ്ററിനറി തെറാപ്പീസ് (സി.ഐ.വി.ടി.) നൽകുന്ന വെറ്ററിനറി അക്യൂപഞ്ചര് കോഴ്‌സുകൾ ലോകോത്തര നിലവാരമുള്ളതാണ്.