Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

ഇന്നത്തെ പ്രൊഫഷണലായ യുവതലമുറയില്‍ ഭൂരിപക്ഷത്തിനും വലിയ മതിപ്പില്ലെങ്കിലും അഭ്യസ്ത വിദ്യരായ നല്ല ശതമാനം യുവാക്കളുടേയും ലക്ഷ്യം പി എസ് സി യും അത് വഴി ലഭിക്കുന്ന കേരള സര്‍ക്കാര്‍ ജോലിയും തന്നെയാണ്. ലോവര്‍ ക്ലാസും ലോവര്‍ മിഡില്‍ ക്ലാസുമാണ് ഇതില്‍ ഭൂരിപക്ഷവും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച ജോലിക്ക് പരിശ്രമിക്കാതെ താരതമ്യേനെ താഴ്ന്ന തസ്തികയില്‍ സർക്കാർ സര്‍വീസാണ് എന്ന ഒറ്റ കാരണത്താല്‍ മാത്രം ഒതുങ്ങി കൂടുന്നതാണ് ഖേദകരം. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള നിയമനം പി എസ് സി വഴി നടക്കാറുണ്ട്.

ചുമതലകള്‍

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമനം നടത്തുക, ഉദ്യോഗസ്ഥരുടെ പ്രൊമോഷനും സ്ഥിരപ്പെടുത്തലിനും സംബന്ധമായ യോഗ്യതാ നിര്‍ണ്ണയത്തിനും സര്‍വീസ് സംബന്ധമായ മറ്റ് കാര്യത്തിനും സര്‍ക്കാരിന് ഉപദേശം നല്‍കുക തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന ഭരണ ഘടനാ സ്ഥാപനമാണ് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍. കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിന് പുറമേ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ പൊതു മേഖലാ –സഹകരണ സ്ഥാപനങ്ങളലേക്കുമുള്ള റിക്രൂട്ടമെന്‍റും പി എസ് സിയെ ഏല്‍പ്പിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ തങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ചാണ് പി എസ് സി അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിങ്ങനെ ഓരോ തസ്തികക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തുക. അഭിമുഖത്തിന് മുന്‍പ് ചുരുക്കപ്പട്ടിക (Short List) പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയും (Rank List). റാങ്കും സംവരണക്രമവും അനുസരിച്ച് ഉദ്യോഗാര്‍ഥികളെ നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യുന്നതും പി എസ് സിയാണ്. അതനുസരിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിയമന ഉത്തരവ് നല്‍കുന്നത്.

വിജ്ഞാപനം എപ്പോള്‍?

നിശ്ചിത കാലാവധി കണക്കാക്കി വിജ്ഞാപനങ്ങള്‍ ആവര്‍ത്തിക്കുന്ന രീതിയല്ല പി എസ് സിയുടേത്. പുതിയ റാങ്ക് പട്ടിക നിലവില്‍ വരുന്നത് വരെയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷമോ ആണ് ഒരു റാങ്ക് പട്ടികയുടെ സ്വാഭാവിക കാലാവധി. ഇത് പരമാവധി നാലര വര്‍ഷമായി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ഈ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ആ റാങ്ക് പട്ടികയില്‍ നിന്ന് മാത്രമാണ് നിയമനം നടത്തുക.

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈന്‍ ആയിട്ടാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. വണ്‍ടൈം രജിസ്ട്രേഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്. പിന്നീട് നമ്മുടെ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കും. ഇതിനായി കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in/സന്ദര്‍ശിക്കണം. രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് യൂസര്‍ ഐഡിയും പാസ് വേഡുമുപയോഗിച്ച് സ്വന്തം പേജിലേക്ക് ലോഗിന്‍ ചെയ്യാം. കമ്മീഷന്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്ന മുറക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഒറ്റ പ്രാവശ്യമായി പരിശോധന നടത്തുന്ന സംവിധാനവും പി എസ് സി ആവിഷ്കരിച്ചിട്ടുണ്ട്. അതായത് ഒരു പ്രാവശ്യം വേരിഫിക്കേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നര്‍ത്ഥം.

അപേക്ഷ എങ്ങനെ?

സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും രണ്ട് രീതിയില്‍ പി എസ് സി അപേക്ഷ ക്ഷണിക്കാറുണ്ട്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്ക് ഒരു റാങ്ക് പട്ടികയും ജില്ലാ തല നിയമനങ്ങള്‍ക്ക് ഓരോ തസ്തികയ്ക്കും 14 റാങ്ക് പട്ടികയുമാണ് തയ്യാറാക്കുന്നത്. ജനറല്‍ റിക്രൂട്ട്മെന്‍റിന് പുറമേ പട്ടിക ജാതി – പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി മാറ്റി വയ്ക്കപ്പെട്ട ഒഴിവുകള്‍ നികത്തുവാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റും ഒരു റാങ്ക് പട്ടികയില്‍ നിന്ന് നിയമന ശുപാര്‍ശ ചെയ്യുമ്പോള്‍ ഏതെങ്കിലും സമുദായം ഇല്ലാതെ വന്നാല്‍ ആ സമുദായത്തിന് വേണ്ടിയുള്ള എന്‍ സി എ റിക്രൂട്ട്മെന്‍റും കമ്മീഷന്‍ നടത്തുന്നു.

18 വയസാണ് അപേക്ഷിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. കൂടിയ പ്രായം തസ്തികയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകളുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!