ലോകത്തിലെ ഏറ്റവും ചെറിയ കടുവകൾ എന്ന വിശേഷണം നൽകപ്പെട്ടിരിക്കുന്നത് ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപുകളിൽ അധിവസിക്കുന്ന സുമാത്രൻ കടുവകൾക്ക് ആണ് (Sumatran Tiger) പന്തേര ടൈഗ്രിസ് സോണ്ടെക സുമാത്രൻ എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട്

ആൺകടുവകൾക്ക് 100 മുതൽ 140 കിലോഗ്രാം വരെ തൂക്കവും 2.5 മീറ്റർ നീളവും ഉണ്ടാവും പെൺ കടുവകൾ 75 മുതൽ 100 കിലോഗ്രാം തൂക്കവും 2.3 മീറ്റർ നീളവും ഉണ്ടാവും. മണിക്കൂറിൽ 65 കിലോമീറ്റർ ( 45 മൈൽ) വേഗത്തിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും.

ഒരു നൂറ്റാണ്ട് മുൻമ്പ് വരെ ഇന്തോനേഷ്യയിലെ പല ദ്വീപുകളിലും കണ്ടിരുന്ന ഇവ ഇപ്പോൾ സുമാത്രൻ ദ്വീപുകളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു.  21-ാം നൂറ്റണ്ടിൽ തന്നെ വംശ നാശം സംഭവിക്കാൻ സാധ്യതയുള്ള മാർജര വംശത്തിലെ തന്നെ പ്രധാന ജീവികളിൽ ഏറ്റവും മുൻ നിരയിൽ ഉള്ളത് സുമാത്രൻ കടുവകൾ ആണ്.

കറുത്ത വരകളുള്ള സുമാത്രൻ കടുവകൾ ഓറഞ്ച് നിറമാണ്. മറ്റ് കടുവ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ സുമാത്രൻ കടുവകൾക്ക് കറുത്ത വരകൾ കൂടുതൽ ആയിരിക്കും. ദിവസത്തിൻ്റെ അധിക സമയവും ഉറങ്ങുന്ന ഇവ രാത്രി സമയങ്ങളിൽ ആണ് വേട്ടയ്ക്ക് ഇറങ്ങാറുള്ളത്. ജലത്തിൽ നന്നായി നീന്തുവാനും ഇവയ്ക്ക് കഴിയുന്നു. അധികവും ഒറ്റയ്ക്ക് കഴിയുവാൻ താല്പര്യപ്പെടുന്നവയാണ് സുമാത്രൻ കടുവകൾ.

മറ്റ് കടുവ വിഭാഗങ്ങളെ പോലെ തന്നെ സുമാത്രൻ കടുവകളും നിശ്ചിത സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നു. ഈ പ്രദേശങ്ങളുടെ അതിർത്തി നിശ്ചയിക്കുന്നതിന് വേണ്ടി മരങ്ങളിൽ നഖങ്ങൾ കൊണ്ട് കോറിയും മൂത്രം ഒഴിച്ചും തൻ്റെ അധീന മേഖല അടയാളപ്പെടുത്തുന്നു. പരസ്പരം അക്രമിക്കുമ്പോൾ ഉണ്ടാവുന്ന ഗർജ്ഞനത്തിൻ്റെ ശബ്ദം 3 കിലോമീറ്റർ അകലെ വരെ കേൾക്കാം.  39 ചതുരശ്ര മൈൽ പ്രദേശത്ത് മൂന്ന് കടുവകൾ വരെ ഉൾകൊള്ളുന്നു.

ഇണ ചേരൽ സമയമാകുമ്പോൾ പെൺ കടുവകളുടെ മേഖലകളിലെക്ക് ആൺകടുവകൾ എത്താറാണ് പതിവ്. മൂന്ന് മുതൽ അഞ്ച് കുഞ്ഞുങ്ങൾ വരെ ഒരു പെൺകടുവ പ്രസവിക്കുന്നു.  അധികവും പെൺകടുവ തന്നെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുക. ജനിക്കുന്ന സുമാത്രൻ കടുവക്കുഞ്ഞുങ്ങൾക്ക് കാഴ്ചശക്തി ഉണ്ടാവുകയില്ല രണ്ട് ആഴ് ച്ച കഴിഞ്ഞാൽ മാത്രമാണ് അവ കണ്ണുകൾ തുറക്കുക

ജീവിതകാല ഘട്ടത്തിലെ ആദ്യത്തെ 11 മുതൽ 18 മാസം വരെ ഇവ അമ്മമാരുമായി വളരെ അടുത്ത് സഹവസിക്കുകയും വേട്ടയാടൽ, പാർപ്പിടം തിരഞ്ഞെടുക്കൽ തുടങ്ങിയ കാര്യങ്ങൾ പഠിക്കുകയും രണ്ട് വയസ്സ് ആകുമ്പോൾ മാതാവിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. 18 മുതൽ 25 വർഷം വരെയാണ് സുമാത്രൻ കടുവകളുടെ ആയുസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന സുമാത്രൻ കടുവ നേരിടുന്ന ഏറ്റവും വലിയ രണ്ട് ഭീഷണികളാണ് ആവാസവ്യവസ്ഥയുടെ നഷ്ടവും വേട്ടയാടലും.  2000- നും 2012 നും ഇടയിൽ സുമാത്രൻ കടുവകളുടെ ആവാസവ്യവസ്ഥയിൽ 20 ശതമാനം നഷ്ടമുണ്ടായതിന്റെ പ്രധാന കാരണം ഓയിൽ പാം തോട്ടങ്ങളുടെ വിപുലീകരണമാണെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!