Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

പരീക്ഷാ ദിവസങ്ങളില്‍ കുട്ടി 6 മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാല്‍ പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ മയക്കം, മറവി, മറ്റ് അസ്വസ്ഥതകള്‍ എല്ലാമുണ്ടാകും.

ഇത് പരീക്ഷാക്കാലം. അവസാന മണിക്കൂറുകള്‍ സുപ്രധാനമാണ്. പരീക്ഷക്ക് തൊട്ടു മുന്‍പുള്ള ദിനങ്ങളിലും തലേ ദിവസവും ഉറക്ക മൊഴിച്ചിരുന്ന് പഠിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പരീക്ഷാ സമയങ്ങളില്‍ കുട്ടി 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാല്‍ പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ മയക്കം, മറവി, മറ്റ് അസ്വസ്ഥതകള്‍ എല്ലാമുണ്ടാകും.

പരീക്ഷാ തലേന്നും സാധാരണപോലെ പഠിക്കുക. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, ഏകാഗ്രതയോടെ പഠിക്കുക. നോട്ടുകള്‍ ഒന്നുകൂടി മറിച്ചു നോക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് പരീക്ഷക്ക് കൊണ്ടുപോകാനുള്ള ഹാള്‍ ടിക്കറ്റ്, പേനകള്‍, മുന കൂര്‍പ്പിച്ച പെന്‍സിലുകള്‍, കട്ടര്‍, റബ്ബര്‍, കാല്‍ക്കുലേറ്റര്‍, ജോമട്രി ബോക്സ്, സ്കെയില്‍, കര്‍ച്ചീഫ് എന്നിവയെല്ലാം ബാഗിലെടുത്തു വയ്ക്കുക. വാച്ച് കറക്ട് ചെയ്യുക. പരീക്ഷ എഴുതി പാസ്സാകുന്നത് വിഷ്വലൈസ് ചെയ്ത്, പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങുക. കൃത്യസമയത്ത് ഉണരാന്‍ അലാറം വെച്ചിട്ട് കിടക്കുക.

പരീക്ഷാ ദിനത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ എഴുന്നേറ്റ്, കുളിച്ച്, ഭക്ഷണം കഴിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും സ്കൂളിൽ /കോളേജില്‍ എത്തുക. എവിടെയാണ് പരീക്ഷാഹാള്‍ എന്ന് മനസ്സിലാക്കി അതിന്‍റെ പരിസരത്ത് ഇരിക്കുക. തയ്യാറാക്കിയ നോട്ടുകള്‍ ഒന്നുകൂടി മറിച്ച് നോക്കുക. ആവശ്യമെങ്കില്‍ ടോയ്ലറ്റില്‍ പോകുക. സമയമാകുമ്പോള്‍ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച്, സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക. “ ഞാനും തയ്യാറെടുത്തിട്ടുണ്ട്, ഞാന്‍ നന്നായിത്തന്നെ വിജയിക്കും” എന്ന് മനസില്‍ പറയുക. ജയത്തെക്കുറിച്ചുമാത്രം ചിന്തിക്കുക.

ചോദ്യ പേപ്പര്‍ ലഭിച്ചതിനുശേഷമുള്ള 15 മിനിറ്റ് ‘ കൂള്‍ ഓഫ് ടൈം ’ ആണ്. ആ സമയം ചോദ്യ കടലാസിലെ നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക. എഴുതുന്നതിന്‍റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക. ഹാള്‍ ടിക്കറ്റ് നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസിലേക്ക് പകര്‍ത്തുക. പേപ്പറില്‍ 3 സെ.മീ മാര്‍ജിന്‍ ഇടുക. പ്രധാന പേജില്‍ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പേര്, നമ്പര്‍ എന്നിവ വ്യക്തമായി (Legible) എഴുതണം.

മാര്‍ജിനില്‍ ചോദ്യ നമ്പര്‍ കൃത്യമായി എഴുതുക. നന്നായി അറിയുന്ന ചോദ്യങ്ങള്‍ക്ക് ആദ്യമാദ്യം ഉത്തരം എഴുതുക. ഒരു പേജില്‍ 21/22 ലൈന്‍ മതി. പേപ്പറിന്‍റെ അടിവശത്ത് ഒന്നര സെ. മീ ഒഴിച്ചിടുക. ആദ്യ പേജില്‍ നല്ല കയ്യക്ഷരത്തില്‍ വെട്ടും തിരുത്തും ഒഴിവാക്കി എഴുതിയാല്‍ നല്ല ഇംപ്രഷന്‍ കൊടുക്കാന്‍ സാധിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. (അറിയാത്തവയിലും എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുക, മാര്‍ക്ക് ലഭിക്കും). ഏതെങ്കിലും ഒരു വാക്കോ വര്‍ഷമോ ഫോര്‍മുലയോ കിട്ടുന്നില്ലെങ്കില്‍ അവ ഓര്‍ത്തിരുന്ന് സമയം കളയാതെ പരീക്ഷ തുടരുക. ഓര്‍മ്മ വരുമ്പോള്‍ അത് എഴുതുക.

എല്ലാം സമയ ബന്ധിതമായി, മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാല്‍ പ്രധാന ആശയങ്ങള്‍ എഴുതുക. സയന്‍സ് വിഷയങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. കണക്കിന് ക്രിയകള്‍ ചെയ്താലും ക്രമത്തിന് മാര്‍ക്ക് ലഭിക്കും. ആലോചിച്ച് ചോദ്യത്തിന്‍റെ പൊരുള്‍ മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതണം. മാര്‍ക്കറിഞ്ഞ് ഉത്തരമെഴുതുക. ചോദ്യത്തിന് കൃത്യമായ ഉത്തരം, അതുമതി.

പരീക്ഷ തീരുന്നതിന് 10 മിനിറ്റ് മുമ്പ് എഴുത്തു നിര്‍ത്തുക. പേജ് നമ്പര്‍ അനുസരിച്ച് പേപ്പര്‍ തുന്നിക്കെട്ടുക. അഡീഷണല്‍ പേപ്പറുകള്‍ വാങ്ങുമ്പോള്‍ തന്നെ നമ്പര്‍ ഇട്ട് വെച്ചാല്‍ എളുപ്പമായിരിക്കും. ചോദ്യനമ്പറുകള്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉത്തര പേപ്പര്‍ ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകള്‍, എഴുതാന്‍ മറന്നുപോയവ, വ്യാകരണ പിശകുകള്‍, എന്നിവ തിരുത്തുക. പരീക്ഷ കഴിഞ്ഞാല്‍ അതിനെപ്പറ്റി വിശകലനമോ ചര്‍ച്ചയോ വേണ്ട. മാര്‍ക്ക് കൂട്ടലും സങ്കടപ്പെടലും വേണ്ട. തൊട്ടടുത്ത പരീക്ഷയ്ക്കുവേണ്ടി കൃത്യമായി തയ്യാറെടുക്കുക. റിസള്‍ട്ട് എന്തുതന്നെയായാലും ശാന്തതയോടെ സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!