ശാസ്ത്രത്തിന്റെ കണ്ട്പിടിത്തങ്ങളില്‍ ഇതുവരെയുള്ളതും, നമുക്ക് പരിചിതമായ ഭൂമിയുടെ പാളികളാണ് ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിവ.  എന്നാല്‍ ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളില്‍ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്രജ്ഞനായ ജോവാന്‍ സെ്റ്റഫാന്‍സനും സംഘവുമാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍. ജിയോഫിസിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠ പുസ്തകങ്ങളില്‍ തന്നെ മാറ്റം വരുത്തേണ്ടിവരുന്നതാണ് പുതിയ കണ്ടെത്തല്‍ എന്ന് പറയാം.

നാം ജീവിക്കുന്ന ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലാണുള്ളത്. അതിനും താഴെയുള്ള ഭൂമിയുടെ വ്യാപ്തത്തില്‍ 84 ശതമാനം വരുന്ന മാന്റില്‍ ഉള്ളത്. ഇതിന് 2,900 കിലോമീറ്റര്‍ മുതല്‍ 5,150 കിലോമീറ്റര്‍ വരെ പുറക്കാമ്പും, അകക്കാമ്പും. ഭൂമിയുടെ അകക്കാമ്പ് ഭാഗത്തെ ഊശ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസാണ്. ഭൂമിയുടെ ആകെ വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമേ ഈ ഭാഗം വരികയൊള്ളു. ഈ അക്കാമ്പിന് രണ്ട് ഭാഗങ്ങളുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയുടെ അകക്കാമ്പില്‍ ഭൂകമ്പ തരംഗങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ആയിരക്കണക്കിന് രേഖകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. ഇന്റര്‍നാഷണല്‍ സീസ്‌മോളജിക്കല്‍ സെന്ററില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഗവേഷണ സംഘം ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ അകക്കാമ്പിലൂടെ സഞ്ചരിക്കുന്ന ഭൂകമ്പ തരംഗങ്ങള്‍ വ്യത്യസ്തമായ അളവില്‍ വളയുമെന്നാണ് ഇവര്‍ കണ്ടെത്തിയത്. അകക്കാമ്പില്‍ ഇരുമ്പിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഈ ഭൂകമ്പ തരംഗങ്ങളുടെ വ്യതിചലനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

ഭൂമിയുടെ ചരിത്രത്തില്‍ വ്യത്യസ്ത കൂളിങ്ങ് ഇവന്റ്‌സ് സംഭവിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും ഗവേഷകര്‍ അനുമാനിക്കുന്നത്. നേരത്തെ ഭൂമിയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചും പല പഠനങ്ങളിലും സ്ഥിരതയില്ലാത്ത ഫലങ്ങള്‍ ലഭിച്ചതിന് പിന്നില്‍ ഇതാകാം കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അകക്കാമ്പിനുള്ളിലെ ഈ പുതിയ ഭാഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഭൂമിയുടെ പിറവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!