ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ശാസ്ത്രനേട്ടങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന സമ്മാനമാണ്  ഇഗ് നൊബേൽ (Ig Nobel). നൊബേൽ സമ്മാനത്തിന്റെ ഹാസ്യപതിപ്പ് എന്നാണ് ഇഗ് നൊബേൽ സമ്മാനത്തെ വിശേഷിപ്പിക്കുന്നത്. യുഎസിലെ കേംബ്രിജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംപ്രോബബിൾ റിസർച്ച് (Improbable Research) എന്ന സംഘടനയാണ് പുരസ്ക്കാരം നൽകുന്നത്. ഏറെ പ്രത്യേകതകൾ ഉള്ളതും ഹാസ്യാത്മകമായതും എന്നാൽ നമ്മെ ചിന്തിപ്പിക്കുന്നതുമായ ശാസ്ത്ര ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും ആണ് ഇഗ്‌ പുരസ്ക്കാരം നൽകി ആദരിക്കുന്നത്. അതിലൂടെ പൊതു സമൂഹത്തിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുക എന്നതാണ് സംഘടന ലക്‌ഷ്യം വയ്ക്കുന്നത്.

ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം, വൈദ്യശാസ്ത്രം, സമാധാനം, ഊർജ്ജതന്ത്രം, കൈനറ്റിക്സ്, ഷഡ്‌പദ ശാസ്ത്രം, ഗതാഗതം എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പുരസ്ക്കാരം നൽകുന്നത്. 1991ലാണ് ആദ്യമായി പുരസ്കാരം നൽകിയത്. ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സാന്റേഴ്സ് തിയറ്ററാണ് പുരസ്‌ക്കാര വിതരണ വേദി. എല്ലാ വർഷവും സെപ്റ്റംബർ മാസം ഇഗ്‌ നോബൽ പുരസ്‌ക്കാര വിതരണ ചടങ്ങ് നടത്തപ്പെടുന്നു. അംഗീകൃത ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധങ്ങൾ മാത്രമേ ഇഗ് നൊബേൽ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ.

സാമൂഹിക വിരുദ്ധത, ലഹരി ഉപയോഗം, അക്രമം, ലൈംഗികത, മോശമായ ഭാഷ എന്നിവയുള്ള സിനിമാ രംഗങ്ങൾ, തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേഷകന്റെ ശരീര ഗന്ധത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വരുത്തുന്നുണ്ടോ എന്ന പഠനം നടത്തിയ ജർമൻകാരനായ ജോർഗ് വിക്കറിനും മറ്റ് 9 ഗവേഷകർക്കുമാണ് കഴിഞ്ഞ വർഷത്തെ രസതന്ത്ര മേഖലയിലെ ഇഗ്‌ നോബൽ പുരസ്ക്കാരം ലഭിച്ചത്. അഴിമതിയും രാഷ്ട്രീയക്കാരുടെ അമിതവണ്ണവും തമ്മിലുള്ള ബന്ധം പഠനം നടത്തി കണ്ടെത്തിയ ഫ്രഞ്ചുകാരനായ പാവ്‌ലോ ബ്ലവക്സ്കിയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിൽ സമ്മാനം നൽകുകയായിരുന്നു. ആഫ്രിക്കയിൽ കാണ്ടാമൃഗങ്ങളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഹെലികോപ്റ്ററിൽ തലകീഴായി കെട്ടിത്തൂക്കിയാണ്. ഇതുമൂലം കാണ്ടാമൃഗങ്ങൾക്കുണ്ടാകുന്ന ശാരീരിക പ്രശ്ങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിനാണ് റോബിൻ റാഡ്ക്ലിഫിനെ ഗതാഗത രംഗത്തെ അവാർഡിന് അർഹനാക്കിയത്.

30 വർഷത്തെ ചരിത്രത്തിൽ 11 തവണ ഇന്ത്യക്കാർക്കു ഇഗ്‌ നോബൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനകളിൽ പഠനം നടത്തി, അവയുടെ ഉപരിതല വീസ്തീർണം കണ്ടുപിടിക്കുന്നതിനുള്ള ഗണിതസൂത്രവാക്യം രൂപീകരിച്ചതിന് 2002 ൽ,  മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ജി. നിർമലനും കെ.പി. ശ്രീകുമാറിനും ഗണിതശാസ്ത്രത്തിനുള്ള ഇഗ് നോബൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!