വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട് ഡിസ്‌നി ഒരു അമേരിക്കൻ വ്യവസായിയും, എഴുത്തുകാരനും, ശബ്ദനടനും, ചലച്ചിത്ര നിർമ്മാതാവുമൊക്കെയായിരുന്നു. അമേരിക്കൻ അനിമേഷൻ വ്യവസായത്തിന്റെ തുടക്കക്കാരനായ അദ്ദേഹം കാർട്ടൂണുകളുടെ നിർമ്മാണത്തിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.

ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ ഏറ്റവും കൂടുതൽ അക്കാഡമി അവാർഡുകളും നോമിനേഷനുകളും നേടിയതിന്റെ റെക്കോഡ് അദ്ദേഹം സ്വന്തമാക്കി. 59 നോമിനേഷനുകളിൽ നിന്നും 22 ഓസ്കാർ അവാർഡാണ്‌ അദ്ദേഹം കരസ്ഥമാക്കിയത്. ഇത് കൂടാതെ രണ്ട് ഗോൾഡൻ ഗ്ലോബ് സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡുകളും ഒരു എമ്മി അവാർഡും അദ്ദേഹം സ്വന്തമാക്കി.

1901 ഡിസംബർ 5-ന് ചിക്കാഗോയിൽ ഏലിയാസ് ഡിസ്‌നി-ഫ്ലോറ ദാമ്പതികളുടെ നാലാമത്തെ മകനായാണ് വാൾട് ഡിസ്‌നിയുടെ ജനനം. തന്റെ ചെറുപ്പകാലം മുതൽക്കേ ചിത്രകലയിലും പത്രങ്ങളിൽ വരുന്ന കാർട്ടൂണുകൾ അതേപോലെ പകർത്തി വരക്കുന്നതിലും താല്പര്യം കാണിച്ചിരുന്ന ഡിസ്‌നി തന്റെ പതിനാറാം വയസ്സിൽ ഒരു കാർട്ടൂൺ കോഴ്സിന് ചേരുന്നു. പിന്നീട് 1918ൽ യു.എസ് ആർമിയിൽ ചേർന്ന ഡിസ്‌നി ഒരു വർഷത്തോളം റെഡ് ക്രോസ്സിലെ ആംബുലൻസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു.

Walt Disney with Cartoon

അതിനുശേഷം ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഡിസ്‌നിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത് 1927ൽ ‘ഓസ്വാൾഡ് , ദി ലക്കി റാബിറ്റ്’ എന്ന കാർട്ടൂണിൽ നിന്നായിരുന്നു. ഡിസ്‌നി നിർമിച്ച ഈ കാർട്ടൂൺ പുറത്തിറക്കാൻ ആരും താല്പര്യം കാണിക്കാത്തതുകൊണ്ട് ഡിസ്‌നി ഹോളിവുഡിലേക്ക് വണ്ടി കയറി. അവിടെ വെച്ച് ലോകത്തിലെ തന്നെ പ്രശസ്തമായ ‘യൂണിവേഴ്സൽ സ്റ്റുഡിയോസ്’ ഡിസ്‌നിയുടെ കാർട്ടൂൺ പുറത്തിറക്കാമെന്നു സമ്മതിച്ചു. യൂണിവേഴ്സൽ സ്റ്റുഡിയോസ് റിലീസ് ചെയ്ത ഓസ്വാൾഡ് ദി ലക്കി റാബിറ്റ് വമ്പൻ ഹിറ്റായി. അതുമൂലമുണ്ടായ ഡിസ്‌നിയുടെ സന്തോഷം പക്ഷെ അധികനാൾ നീണ്ടു നിന്നില്ല. കാർട്ടൂൺ നിർമിച്ചത് വാൾട് ഡിസ്‌നിയായിരുന്നു എങ്കിലും അതിന്റെ കോപ്പിറൈറ്റ് പക്ഷെ യൂണിവേഴ്സൽ സ്റ്റുഡിയോയുടെ പേരിലായിരുന്നു. അതുകൊണ്ടുതന്നെ സംവിധായക സ്ഥാനത്തു നിന്നും അദ്ദേഹത്തെ യൂണിവേഴ്സൽ സ്റ്റുഡിയോസ് നീക്കം ചെയ്തു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയ തിരിച്ചടിയായിരുന്നു. പക്ഷെ അതുകൊണ്ടൊന്നും പിന്മാറാൻ ഡിസ്‌നി തയ്യാറായില്ല. വീണ്ടുമൊരു കാർട്ടൂൺ നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ തിരിച്ചു ചിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ ഡിസ്‌നി മൂന്നു വൃത്തങ്ങളിൽ തീർത്ത വിസ്മയമാണ് ‘മിക്കി മൗസ് ‘. മിക്കി മൗസ് എന്ന കാർട്ടൂൺ ലോകജനതയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത് അന്നുവരെ അവരാരും കാണാത്ത രീതിയിലായിരുന്നു. അന്നുവരെ നിശ്ശബ്ദ കാർട്ടൂൺ മാത്രം കണ്ടു വന്നിരുന്ന ലോകത്തിന്റെ മുന്നിലേക്ക് മിക്കി മൗസ് വന്നത് ശബ്ദത്തോടു കൂടിയായിരുന്നു. മിക്കി മൗസിന്റെ തുടക്ക കാലങ്ങളിൽ ഡിസ്‌നി തന്നെയായിരുന്നു കാർട്ടൂണിനു ശബ്ദം നൽകിയിരുന്നത്. സംഗീതവും ശബ്ദവുമൊക്കെയുള്ള മിക്കി മൗസ് ലോകം മുഴുവൻ ഹിറ്റായി. അങ്ങനെ പരാജയത്തിൽ നിന്നും അദ്ദേഹം ഉയർത്തെഴുന്നേറ്റു.

പിന്നീട് അദ്ദേഹത്തിന്റെ സുവർണ കാലമായിരുന്നു. 1932ലാണ് അദ്ദേഹത്തിന് ആദ്യ ഓസ്കാർ ലഭിക്കുന്നത്. അതും മിക്കി മൗസ് എന്ന കാർട്ടൂൺ തന്നെയാണ് അദ്ദേഹത്തിനു സമ്മാനിച്ചത്. സിനിമ മാത്രമല്ല, വിനോദ മേഖലകളെല്ലാം കൈയടക്കണമെന്ന അദ്ദേഹത്തിന്റെ മോഹം ചെന്ന് നിന്നത് ഒരു തീം പാർക്ക്‌ എന്ന ആശയത്തിലാണ്. അവിടെ നിന്നുമാണ് ‘ഡിസ്‌നി ലാൻഡ്’ എന്ന തീം പാർക്ക്‌ ജന്മം കൊണ്ടത്. ഏത് പ്രായക്കാർക്കും ഒരേപോലെ ആസ്വദിക്കാവുന്ന ഡിസ്‌നി ലാൻഡ് ഇന്ന് ലോകത്ത് അഞ്ചിടങ്ങളിലുണ്ട്. കൂടാതെ ഡിസ്‌നിയുടെ കീഴിലുള്ള മറ്റു ഏഴെണ്ണം വേറെയും. അതുകൊണ്ട് മാത്രമായില്ല ഡിസ്‌നിയുടെ വിജയ യാത്ര. അന്ന് വളർന്നു തുടങ്ങിയ പല കമ്പനികളും ഡിസ്‌നി വാങ്ങാൻ തുടങ്ങി. എതിരാളികളില്ലാതെ തുടരാനുള്ള ഡിസ്‌നിയുടെ ആ ലക്ഷ്യം ഇന്നും തുടരുന്നു.

വിനോദ മേഖല മുഴുവനും കൈയടക്കി പിടിച്ച വാൾട് ഡിസ്‌നി 1966 ഡിസംബർ 15ന് ശ്വാസകോശത്തിൽ അർബുദം ബാധിച്ചു ഈ ലോകത്തോട് വിട പറഞ്ഞു. ഒരാൾക്ക് സ്വപ്നം കാണാവുന്നതിനുമപ്പുറമാണ് ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയ വാൾട് ഡിസ്‌നിയുടെ ഇന്നത്തെ സാമ്രാജ്യം. ജീവിതം ജീവിക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നവർക്കുള്ള ഊർജം, അതാണ്‌ വാൾട് ഡിസ്‌നി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!