ഭൂമിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും സാറ്റലൈറ്റ് ഇന്റർനെറ്റ്‌ അക്സസ്സ് കവറേജ് നൽകുകയെന്ന ലക്ഷ്യത്തോടുകൂടി ഇലോൺ മസ്കിന്റെ സ്പേസ്-എക്സ് പ്രവർത്തിപ്പിക്കുന്ന ഒരു സാറ്റലൈറ്റ് സംവിധാനമാണ് സ്റ്റാർലിങ്ക്. 2015 ജനുവരിയിൽ റെഡ്മോണ്ടിലെ സ്പേസ്-എക്സ് സാറ്റലൈറ്റ് ഡെവലപ്പ്മെന്റ് സൗകര്യം തുറക്കുന്ന വേളയിലാണ് ഇലോൺ മസ്ക് സ്റ്റാർലിങ്കിനെ സംബന്ധിച്ച് പരസ്യമായി പ്രഖ്യാപിക്കുന്നത്. അന്നുവരെ ഭൂമിയെ വലം വെയ്ക്കുന്ന സാറ്റലൈറ്റുകളെ പരസപരം ബന്ധിപ്പിച്ചുകൊണ്ട് ഭൂമിയിൽ ഒരു ഇന്റർനെറ്റ്‌ സംവിധാനം സജ്ജമാക്കുക എന്നു പറയുന്നത് വെറുമൊരു സ്വപ്നമായിരുന്നു. ഇലോൺ മാസ്കിന്റെ പ്രഖ്യാപനത്തോടു കൂടി എല്ലാം മാറി മറിഞ്ഞു.

സ്റ്റാർലിങ്കിന്റെ പ്രധാന ലക്ഷ്യം 12,000 സാറ്റലൈറ്റുകൾ വിക്ഷേപിക്കുക എന്നതാണെങ്കിലും 30,000 സാറ്റലൈറ്റുകൾ വരെ വിക്ഷേപിക്കാൻ സ്റ്റാർലിങ്കിനു അനുമതിയുണ്ട്. ഇലോൺ മസ്ക് ഇതിനോടകം 2,335 സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വിക്ഷേപിച്ചു കഴിഞ്ഞു. ഇലോൺ മസ്ക് വിക്ഷേപിക്കുന്ന സാറ്റലൈറ്റുകൾ എല്ലാം തന്നെ ഭൂമിയിൽ നിന്നും കേവലം 560 കി. മീ. അകലെയാണ്. ഇതിനെ ലോ എർത്ത് ഓർബിടറ്റ് എന്നാണ് പറയപ്പെടുക. അതുവഴി സാറ്റലൈറ്റ് വഴി ഇന്റർനെറ്റ്‌ ലഭ്യമാകുന്നതിനുള്ള താമസവും ഒരു പരിധി വരെ കുറക്കാൻ സാധിക്കുന്നു.

Starlink in Rural Area

സാറ്റലൈറ്റ് ഇന്റർനെറ്റ്‌ സേവനത്തിന്റെ സാങ്കേതിക സാധ്യത ആഗോള ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ദേശീയ അധികാര പരിധിക്കുള്ളിൽ സേവനം നൽകുന്നതിനു ആ രാജ്യത്തിനു സ്പേസ്-എക്സിന്റെ ഒരു ലൈസൻസ് അനിവാര്യമാണ്. 2022 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ചു 29 രാജ്യങ്ങളിൽ സ്റ്റാർലിങ്കിന്റെ ബീറ്റാ ഇന്റർനെറ്റ്‌ സർവീസ് ഓഫർ ലഭ്യമാണ്. ഇന്ത്യയിൽ നിലവിൽ ഇതുവരെ സ്റ്റാർലിങ്കിന്റെ സർവീസ് ലഭ്യമായിട്ടില്ല.

വാഷിംഗ്ടണിലെ റെഡ്മണ്ടിലുള്ള സ്പേസ്-എക്സ് സാറ്റലൈറ്റ് ഡെവലപ്പ്മെന്റ് ഫെസിലിറ്റിയിലാണ് സ്റ്റാർലിങ്കിന്റെ ഗവേഷണവും, വികസനവും, നിർമ്മാണവും ഒപ്പം ഭ്രമണപഥ നിയന്ത്രണവുമൊക്കെ നടത്തുന്നത്. സ്റ്റാർലിങ്ക് പദ്ധതി രൂപകല്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും വിന്യസിക്കുന്നതിനുമായി ഒരു ദശാബ്ദക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ചെലവ് ഇലോൺ മസ്ക് കണക്കാക്കിയത് കുറഞ്ഞത് 10 ബില്യൺ യു. എസ് ഡോളറാണ്.

ഇപ്പോൾ തന്നെ തിരക്കേറിയ ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്ക് സ്റ്റാർലിങ്കിന്റെ 12,000-ത്തോളം വരുന്ന സാറ്റലൈറ്റുകൾ വിക്ഷേപിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. പ്രവർത്തന സമയത്ത് അവയുടെ തെളിച്ചം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലേയ്ക്ക് നിരവധി നവീകരണങ്ങൾ നടപ്പിലാക്കുകയും അതുവഴി ജ്യോതിശാസ്ത്ര ആശങ്കകൾ പരിഹരിക്കാനും സ്പേസ് – എക്സ് ശ്രമിച്ചു വരുന്നു.

Starlink Satellite Constellation

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലെല്ലാം തന്നെ ക്രിപ്റ്റോൺ ഇന്ധനം നിറച്ച ഹാൾ ത്രസ് റ്ററുകളാണ് സജ്ജീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവയുടെ കാലശേഷമോ അവയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാലോ അവ തിരിച്ചു ഭൂമിയിൽ തന്നെ വന്നു പതിക്കുന്നു. കൂടാതെ ഉപഗ്രഹങ്ങൾ തമ്മിലുണ്ടാവാൻ സാധ്യതയുള്ള കൂട്ടയിടികൾ ഒഴിവാക്കാനും അത് സ്വയം നിയന്ത്രിക്കാനും വേണ്ടി പ്രത്യേക രീതിയിലാണ് ഉപഗ്രഹങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. നിലവിൽ സ്റ്റാർലിങ്ക് പ്രോജെക്ടിനു ഒരുപാട് പരിമിതികളുണ്ടാവുമെങ്കിലും വളരെ കുറച്ചു കാലത്തിനുള്ളിൽ ഇലോൺ മസ്ക് ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വിപ്ലവം തന്നെ തീർക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!