ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കാനിടയുള്ള ഒന്നാണ് ഗിഫ്റ്റ് സിറ്റിയിലേക്ക് വിദേശ യൂണിവേഴ്സിറ്റികളെ കൊണ്ടുവരുമെന്ന പ്രഖ്യാപനം. ഒരുപക്ഷെ നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഗിഫ്റ്റ് സിറ്റിയെ പറ്റി കേൾക്കുന്നത് തന്നെ. എന്താണിതെന്ന് അറിയാമോ?

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഗിഫ്റ്റ് സിറ്റി. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമാണത്തിലിരിക്കുന്ന ഒരു കേന്ദ്ര ബിസിനസ്‌ ജില്ലയാണ് ഗുജറാത്ത്‌ ഇന്റർനാഷണൽ ഫിനാൻസ് ടെക് -സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി. ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ഗ്രീൻഫീൽഡ് സ്മാർട്ട്‌ സിറ്റിയും അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രവുമായ ഗിഫ്റ്റ് സിറ്റിയെ ഗുജറാത്ത്‌ സർക്കാർ ഒരു ഗ്രീൻ ഫീൽഡ് പ്രൊജക്റ്റ്‌ ആയാണ് പ്രൊമോട്ട് ചെയ്യുന്നത്.

GIFT City

സബർമതി നദിയുടെ തീരത്താണ് ഗിഫ്റ്റ് സിറ്റി സ്ഥിതി ചെയ്യുന്നത്. സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വെറും 12 കി. മീ. ദൂരം മാത്രമേ ഗ്രീൻ സിറ്റിയിലോട്ടുള്ളു. താമസക്കാർക്ക് ജോലിസ്ഥലത്തേയ്ക്ക് നടക്കാൻ കഴിയുന്ന തരത്തിലാണ് ഈ നഗരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗിഫ്റ്റ് സിറ്റിയിൽ ഇത് കൂടാതെ വാണിജ്യ, സാമ്പത്തിക, പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടുന്നു.

4-6 വരി സംസ്ഥാന, ദേശീയ പാതകളിലൂടെ നഗരത്തെ ബന്ധിപ്പിച്ചിരിക്കുന്നു. ഗിഫ്റ്റ് സിറ്റിയെ അടുത്തുള്ള വിമാനത്താവളത്തിലേക്കും അഹമ്മദാബാദിന്റെ വിവിധയിടങ്ങളിലേക്കും ബന്ധിപ്പിക്കുന്നതിനു ഇരട്ട കോറിഡോർ മെട്രോ സംവിധാനം നിർമ്മിച്ചു വരുന്നു.

2007ലെ വൈബ്രന്റ് ഗുജറാത്ത്‌ ഗ്ലോബൽ ഇൻവെസ്റ്റർ സമ്മിറ്റിലാണ് ‘ഗിഫ്റ്റ്’ എന്ന ആശയം രൂപം കൊള്ളുന്നത്. ആധുനിക ഷാങ്ഹായ് നഗരത്തിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഗിഫ്റ്റ് സിറ്റിയുടെ പ്രാരംഭ ആസൂത്രണം നടത്തിയത് ഈസ്റ്റ്‌ ചൈന അർക്കിടെക്ച്ചുറൽ ഡിസൈൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. സിങ്കപ്പൂരോ ഷാങ്ഹായോ പോലെ ഒരു രാജ്യാന്തര ധനകാര്യ ഹബ് എന്ന ലക്ഷ്യവുമായിട്ടാണ് ഗിഫ്റ്റ് സിറ്റി സ്ഥാപിക്കപ്പെട്ടത് . 886 എക്കർ ഭൂമിയിൽ ഏകദേശം 110 കെട്ടിടസമുച്ചയങ്ങളാണ് ഗിഫ്റ്റ് സിറ്റിയുടെ പദ്ധതി. ഇതിൽ 67% വാണിജ്യപരമായ സൗകര്യങ്ങളും 22% സാമൂഹികമായ സൗകര്യങ്ങളും 11% പാർപ്പിട സൗകര്യവുമാണ്. 2021ലെ കണക്കുകളനുസരിച്ച് ഗിഫ്റ്റ് സിറ്റിക്കായി 10,500 കോടിയുടെ നിക്ഷേപം ഇതിനോടകം പ്രതിജ്ഞാബദ്ധമാണ്.

ഗിഫ്റ്റ് സിറ്റിയെന്ന നഗരത്തിനു ഒരു സംയോജിത വികസന മാതൃകയുണ്ട്. അത് മൂന്ന് ഘട്ടങ്ങളായി വ്യാപിച്ചിരിക്കുന്നു. അവയിലോരോന്നും സംയോജിതവും സുസ്ഥിരവുമായ നിലയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഓഫീസ് സ്ഥലങ്ങൾ, റെസിഡൻഷ്യൽ സ്കൂൾ, ഹോട്ടൽ, ക്ലബ്ബുകൾ എന്നിവയുടെ വികസനവും ഉൾപ്പെടുന്നു.

ഐ ടി കമ്പനികൾക്ക് ഐ ടി പാർക്ക്‌ എന്നത് പോലെ തന്നെ രാജ്യാന്തര ധനകാര്യ കമ്പനികൾക്കുള്ളയിടമാണ് ഗിഫ്റ്റ് സിറ്റി. 2021 ഏപ്രിൽ മാസം കൊണ്ട് ഏകദേശം 225 കമ്പനികൾ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ 12,000ത്തിലധികം പ്രോഫഷണലുകൾ നഗരത്തിൽ ജോലി ചെയ്തു വരുന്നു. ഇപ്പോഴും പദ്ധതി അതിന്റെ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!