Siva Kumar
Management Skills Development Trainer, Dubai

നിസ്സാരമായ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരില്‍  മിക്കവരുടെയും പ്രശ്‌നം എന്ന് ആലോചിച്ചാല്‍ മനസ്സിലാവും.

ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവര്‍ഫുളളുമാണ്. ജീവിതത്തില്‍ സക്‌സസ്ഫുള്‍ ആയ വ്യക്തികളില്‍ കാണുന്ന  പൊതുവായ കാര്യം, അവരെല്ലാം തങ്ങളുടെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നവരാണ് എന്നതാണ്.

ലോകത്തില്‍ എല്ലാവര്‍ക്കും, ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ മാത്രമേ കിട്ടുന്നുള്ളു. പക്ഷേ ചിലര്‍ ഒരു പാട് കാര്യങ്ങള്‍ ഈ  24 മണിക്കുറിനുള്ളില്‍ ചെയ്ത് തീര്‍ക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് ഒന്നിനും സമയം തികയുന്നില്ല. അതായത് ഈ രണ്ടു കൂട്ടരും, തങ്ങളുടെ സമയം വിനിയോഗിക്കുന്ന രീതിയിലുള്ള  വ്യത്യാസമാണ്, സമയക്കുറവിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് ചുരുക്കം !

നൂറു രൂപയുമായി, രണ്ടു പേര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെല്ലുന്നു എന്ന് കരുതുക. ആവശ്യമുള്ള സാധനങ്ങള്‍ മുഴുവന്‍ വാങ്ങിയിട്ടും,  ഒരാള്‍ക്ക് പൈസ ബാക്കിയാകുന്നു. എന്നാല്‍ മറ്റേയാള്‍ക്കാകട്ടെ, ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പൈസ തികയുന്നുമില്ല. ഈ സാഹചര്യത്തിന് സമാനമായ കാര്യമാണ്, പലരും   സമയം തികയാതെ വരുന്നു എന്ന് പരാതി പറയുന്നതും.

ഇവിടെ, കയ്യിലുള്ള തുക അല്ലെങ്കില്‍ സമയം എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് ചിന്തിക്കാം.

ആവശ്യമുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക

നമ്മുക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുക എന്നതാണല്ലോ പ്രധാന ലക്ഷ്യം.  അതിനാദ്യമായി വേണ്ടത്, വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റാണ്. നിര്‍ബന്ധമായും വേണ്ടതായ സാധനങ്ങളില്‍ തുടങ്ങി, പ്രാധാന്യം കുറഞ്ഞവയില്‍ അവസാനിക്കുന്ന ലിസ്റ്റ്, സാധാരണ എല്ലാവരും തയ്യാറാക്കുന്നത്, വാങ്ങാനുള്ളവ മറക്കാതിരിക്കാനാണ്. പക്ഷേ, അവ അതിനപ്പുറം വളരെ പ്രയോജനപ്രദമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

വാങ്ങാനുള്ളവയുടെ ലിസ്റ്റ് ഇല്ലെങ്കില്‍, നമ്മള്‍ ആദ്യം കാണുന്നവ. വിലക്കുറവുള്ളവ, നമുക്കിഷ്ടപ്പെട്ടവ, എടുക്കാന്‍ സൗകര്യപ്രദമായവ എന്നിവയൊക്കെ വാങ്ങിയെന്നിരിക്കും. പക്ഷേ കയ്യിലുള്ള തുക നിശ്ചിതമായതിനാല്‍, അവസാനം അത്യാവശ്യമുള്ള വാങ്ങാന്‍ പണം തികയുകയുമില്ല.

അതായത്, അത്യാവശ്യമില്ലാത്ത പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവക്ക്,   പൈസ ചിലവാക്കിക്കഴിഞ്ഞ് ചായപ്പൊടി, കുളിക്കാനുള്ള സോപ്പ് തുടങ്ങിയവ  വാങ്ങാനാവാതെ വരുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കുക.

ഇതുപോലെയാണ്, നമ്മുടെ വിലയേറിയ സമയവും. പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്കായി, സമയം  ചിലവഴിക്കുമ്പോള്‍, ജീവിതത്തിലെ, പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് സമയമില്ലാതാവുന്നു. പ്രധാനമായും വേണ്ടത്, സമയത്തിന്റെ ഫലപ്രദമായ വിനിയോഗമാണ്, ചിലവഴിക്കലല്ല എന്നര്‍ത്ഥം. ഓരോ കാര്യത്തിന്റെയും പ്രാധാന്യം അനുസരിച്ച് മാത്രം സമയം വിനിയോഗിക്കുക എന്നതാണ് പ്രധാനം.

സാധനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ കരുതുന്ന ലിസ്റ്റ് പോലെ, ദിവസവും ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റ്, നമ്മുടെ കയ്യിലുണ്ടാവണം. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേളയില്‍ ഈ ലിസ്റ്റ് പരിശോധിച്ച് പുതുക്കുകയും വേണം. മുന്‍ഗണനാ ക്രമത്തിലോ സമയക്രമമനുസരിച്ചോ അവ ചെയ്ത് തീര്‍ക്കുക എന്നതാണ് പ്രധാനം.

മികച്ച ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, ബിസിനസ്സ് പ്രമുഖര്‍, സെലിബ്രിറ്റീസ് തുടങ്ങിയവരില്‍ ഇത്തരം ലിസ്റ്റുകള്‍ ഇല്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും. അവരുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം To Do ലിസ്റ്റുകളാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ മുതല്‍ കുഞ്ഞു നോട്ടുപുസ്തകം വരെ ഇതിനായി ഉപയോഗിക്കാം.

നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ പ്രധാനമല്ലാത്തവയും തീരെ അനാവശ്യവുമായ, എത്ര കാര്യങ്ങള്‍ ഉണ്ടെന്ന് വെറുതെ ഒന്ന് നോട്ട് ചെയ്ത് വെക്കാം.  ദിവസവും നമ്മള്‍ പാഴാക്കിക്കളയുന്ന സമയം എത്രയെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോയെന്ന് വരാം.

ഓരോന്നിന്റെയും വില അഥവാ  സമയം മനസ്സിലാക്കി വിനിയോഗിക്കുക.

കയ്യില്‍ നൂറ് രൂപയേ ഉള്ളൂ എന്ന് നമുക്കറിയാം. പക്ഷേ അതുകൊണ്ട് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം കിട്ടുമെന്ന് ഉറപ്പാക്കണമെങ്കില്‍, ഓരോ സാധനത്തിന്റെയും വില നമുക്കറിയണം. എങ്കില്‍ മാത്രമേ ഓരോന്നും എത്ര വാങ്ങണമെന്ന്  തീരുമാനിക്കാനാവൂ.

അല്ലാത്തപക്ഷം, പ്രാധാന്യമേറിയ അരിയും പച്ചക്കറിയും ആവശ്യത്തിലധികം വാങ്ങുകയും എണ്ണ, പഞ്ചസാര, മുളക് പൊടി എന്നിവയ്ക്ക് പണം തികയാതാവുകയും ചെയ്യും. അത് കൊണ്ട് ഓരോ സാധനത്തിന്റെ കൃത്യമായ/ ഏകദേശ വില മുന്‍കൂട്ടി അറിയണമല്ലോ?.

സമയം വിനിയോഗിക്കേണ്ടതും  ഇതുപോലെ തന്നെയാണ്. വ്യായാമത്തിന്, പ്രഭാതകൃത്യങ്ങള്‍ക്ക്, വീട് വൃത്തിയാക്കുന്നതിന്, അലക്കുന്നതിന്, കുക്കിംഗിന്, പ്രാതലിന്, ഒരുങ്ങിയിറങ്ങാന്‍, യാത്രക്ക്  തുടങ്ങി, പത്രവായനക്കും, പുസ്തക വായനക്കും, സോഷ്യല്‍ മീഡിയക്കും, പര്‍ച്ചേസിനും, ഫോണ്‍ ചെയ്യാനും, ഇസ്തിരിയിടാനും, ഒക്കെ എത്ര സമയമാവാം എന്നും  മുന്‍കൂട്ടി ധാരണ വേണം. എങ്കില്‍ മാത്രമേ ഏതെങ്കിലും ഒരു കാര്യത്തില്‍ സമയം കൂടുതലെടുത്താല്‍ അടുത്ത കാര്യങ്ങളില്‍ ആ കുറവ് പരിഹരിക്കാനാവുകയുള്ളു.

അതുപോലെ ആവശ്യമുള്ളതില്‍ കൂടുതല്‍ സമയം ഓരോ കാര്യങ്ങള്‍ക്കുമെടുക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. 20 മിനുട്ടില്‍ പ്രഭാത കൃത്യങ്ങള്‍ നടത്തുന്നവരും, ഇതിനായി ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ ബാത്ത് റൂമിലും ഒരു ക്ലോക്ക് സ്ഥാപിക്കുന്നത് ഉചിതമാവും. ഓരോ കാര്യത്തിനും ആവശ്യത്തിലധികം സമയം ചിലവാക്കുന്നത്, പാഴാക്കുന്നതിന് തുല്യമാണ്. വാസ്തവത്തില്‍ ഇങ്ങനെ പാഴാവുന്ന സമയമാണ് പലരുടെയും സമയക്കുറവിന് കാരണമാവുന്നത്.

അതുപോലെ തന്നെ, നമ്മുടെ  നിഷ്‌ക്രിയ സമയം അധിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. മിക്കവാറും ദിവസങ്ങളില്‍ നമ്മുക്ക് ധാരാളം ഇടവേളകള്‍, പ്രത്യേകിച്ച് ഒന്നും ചെയ്യാനാവാത്തവയായി  വീണുകിട്ടാറുണ്ടല്ലോ.

വായനാശീലമുള്ളവര്‍ക്ക് ശരാശരി നാലോ അഞ്ചോ മണിക്കൂര്‍ എങ്കിലും വേണ്ടി വരാം ഒരു പുസ്തകം വായിച്ചു തീര്‍ക്കാന്‍. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ അത്രയും സമയം ഒരുമിച്ചു കിട്ടുക എളുപ്പമല്ലല്ലോ. അങ്ങിനെയുള്ള അവസരത്തില്‍,  ഇങ്ങിനെ ലഭിക്കുന്ന  നിഷ്‌ക്രിയ സമയം, അതിനായി ഉപയോഗപ്പെടുത്താം. ബസ്,  ട്രെയിന്‍, മെട്രോ  അല്ലെങ്കില്‍ അതു പോലെ നമ്മള്‍ വാഹനം ഓടിക്കാത്ത യാത്രകളില്‍, ആശുപത്രി മുതല്‍ സര്‍ക്കാര്‍ ഓഫീസില്‍ വരെയുള്ള കാത്തിരിപ്പ് സമയങ്ങളില്‍ ഒക്കെ നമുക്ക് പുസ്തകങ്ങള്‍ വായിക്കാം. എപ്പോഴും, കയ്യില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കരുതുന്നത് ഏറെ പ്രയോജനപ്പെടും. അല്ലെങ്കില്‍ ഓഡിയോ ബുക്കുകള്‍  പ്രഭാഷണങ്ങള്‍ എന്നിവ കേള്‍ക്കാം. ഓഡിയോ ബുക്കുകളാവട്ടെ യാത്ര ചെയ്യുമ്പോഴും കേള്‍ക്കാവുന്നതുമാണ്.

കുറച്ചു കൂടെ സമയം ഉണ്ടാക്കാന്‍ വഴിയുണ്ടോ ?

ഒരിക്കലും, സമയം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് നമുക്കറിയാം. പക്ഷേ ഫലപ്രദമായി സമയം വിനിയോഗിക്കുന്നവര്‍, സമയം ഉണ്ടാക്കുന്നുമുണ്ട്. അഥവാ കണ്ടെത്തുന്നുമുണ്ട് എന്നതാണ് വാസ്തവം. വിവിധ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്ത് കൊണ്ടാണ്, അവര്‍ മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കുള്ള സമയം കണ്ടെത്തുന്നത്.

കുക്കിംഗും, വാഷിംഗ് മെഷീനില്‍ തുണി കഴുകുന്നതും, ഫോണ്‍ ചെയ്യുന്നതും ഒരുമിച്ച് ചെയ്യുന്ന ധാരാളം കുടുംബിനികളുണ്ട്. പച്ചക്കറി മുറിക്കുന്നതും, കുട്ടിയെ പഠിപ്പിക്കുന്നതും ഒരേ സമയത്ത് ചെയ്യുന്നവരുണ്ടല്ലോ.

അതുപോലെ കുക്കിംഗ് ചെയ്യുന്നതില്‍,  ചിലരുടെ വേഗത അത്ഭുതപ്പെടുത്തുന്നതായി കാണാം. ശ്രദ്ധിച്ചാല്‍ മനസ്സിലാവും, അവര്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്നവരാണെന്ന്. ഇത്തരത്തില്‍, ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും നമ്മുക്ക് ഒരുമിച്ച് ചെയ്ത് സമയം ലാഭിക്കാന്‍ സാധിക്കും. അതുപോലെ തന്നെ, ചെയ്യേണ്ട കാര്യങ്ങള്‍ക്ക്  മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കിയാല്‍,  പുറത്ത് പോയി ചെയ്യേണ്ട പല കാര്യങ്ങളും ഒരുമിച്ച് ചെയ്ത്  യാത്രാ സമയം ലാഭിക്കാന്‍ സഹായിക്കും.

ഈ കാര്യങ്ങളൊക്കെ ജോലിയിലും ബിസിനസ്സിലും ബാധകമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ? അപ്പോള്‍ ഒന്ന് ശ്രമിച്ചാല്‍ തൊഴില്‍ ബിസിനസ്സ് മേഖലയിലും മികവ് പുലര്‍ത്താന്‍ അധികമായി ലഭിക്കുന്ന സമയം ഉപകരിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊക്കെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് എന്നതാണ്. ഒന്നോ രണ്ടോ ആഴ്ച കൊണ്ടു തന്നെ, മികച്ച ഫലം കാണാമെന്ന് മാത്രമല്ല, ഇവ നമ്മുടെ നല്ല ശീലങ്ങളില്‍ ഒന്നായി മാറുകയും ചെയ്യും.

ഓര്‍ക്കുക, നഷ്ടപ്പെട്ട സമയം തിരിച്ചു പിടിക്കുവാനോ, ആവശ്യത്തിനുള്ള സമയം സൃഷ്ടിക്കുവാനോ നമുക്ക് സാധിക്കുകയില്ല. അതു കൊണ്ട്, അമൂല്യമായ നമ്മുടെ സമയം, നമുക്കും, നമ്മുടെ കുടുംബത്തിനും, ഒപ്പം സമൂഹത്തിനും പ്രയോജനമുണ്ടാവുന്ന തരത്തില്‍ നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക മാത്രമാണ്, ജീവിതത്തില്‍ വിജയം നേടാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!