ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളില്‍ ഒരിനമാണ് അനാക്കോണ്ട. അനാക്കോണ്ട എന്ന ഹോളിവൂഡ് ചിത്രം റിലീസ് ആയതിന് ശേഷമാണ് ഈ പാമ്പ് ഭീതി പടര്‍ത്തുന്ന ഭീകര ചിത്രമായി ആളുകളില്‍ പതിഞ്ഞത്. ആമസോണ്‍ വനാന്തരങ്ങളില്‍ ജലാശയങ്ങളില്‍ ഒളിച്ചിരുന്ന് മനുഷ്യരെ വരെ വിഴുങ്ങുന്നതായി ചിത്രീകരിച്ച ഈ പാമ്പിനെ പറ്റിയുള്ള വാസ്തവങ്ങള്‍ ഇനിയും അറിയാതെ പോയിട്ടുണ്ട്. സത്യത്തില്‍ അനാക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ അടിസ്ഥാന രഹിതമാണ്.

യുനെക്റ്റസ് മൂരിനസ് എന്നാണ് അനാക്കോണ്ടയുടെ ശാസ്ത്രീയ നാമം. പരമാവധി എട്ട് മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള അനാക്കോണ്ടകള്‍ വിരളമാണ്. എന്നാല്‍ സിനിമയില്‍ കാണിക്കുന്ന അത്ര ഭീകര വലിപ്പമൊന്നും ഇതിനില്ല. ബ്രസീല്‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും, ആമസോണ്‍ വനങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. കേരളത്തില്‍ തിരുവനന്തപുരം മൃഗശാലയിലും അരുന്ധതി എന്ന പേരില്‍ ഒരു അനാക്കോണ്ട ഉണ്ട്. പച്ച കലര്‍ന്ന തവിട്ട് നിറമാണ് അനാക്കോണ്ടക്കുള്ളത്. മറ്റു പാമ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇതിന്റെ തല പരന്നതും, കറുപ്പ് നിറവുമാണ്. ആള് ഭീകരനാണെങ്കിലും വിഷമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിഷപല്ലുകളിലും ഇല്ലാത്ത ഇവ കരയ്ക്കിറങ്ങി ആരേയും ബുദ്ധിമുട്ടിക്കാനും ഇഷ്ടപ്പെടുന്നില്ല. കൂടുതല്‍ സമയവും വെള്ളത്തിനടിയില്‍ കഴിഞ്ഞുകൂടുന്നു. ആമസോണില്‍ ചതുപ്പ് നിലങ്ങളില്‍ തലമാത്രം വെള്ളത്തില്‍ നിന്നും പുറത്തേക്ക് കാണിക്കുന്ന രീതിയില്‍ ഇവയെ കാണാന്‍ സാധിക്കും. വിഷപ്പല്ലുകള്‍ ഇല്ലാത്തതിനാല്‍ തന്നെ പെരുമ്പാമ്പുകള്‍ ചെയ്യുന്നതുപോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്. മുട്ടകള്‍ വിരിയുമ്പോള്‍ 60 കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും ഒരു മീറ്ററെങ്കിലും നീളം വരും. നല്ല നീന്തല്‍ക്കാരാണ്, കരയില്‍ താമസിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു.

അനക്കോണ്ടകള്‍ മാംസഭോജികളാണ്, മറ്റു മൃഗങ്ങളെ ഭക്ഷിക്കുന്നു. തനിക്ക് പിടിക്കാന്‍ കഴിയുന്ന എന്തും അവര്‍ കഴിക്കും. ചെറിയ സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ അനക്കോണ്ടകള്‍ക്ക് മാന്‍, കാട്ടുപന്നി, ജാഗ്വാര്‍, കാപ്പിബാര തുടങ്ങിയ വലിയ മൃഗങ്ങളെ വരെ തിന്നാന്‍ കഴിയും. താടിയെല്ലുകളില്‍ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാല്‍ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തില്‍ വിഴുങ്ങാന്‍ സാധിക്കും.

ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം ഇവക്കില്ല. ഒത്ത ഒരു ഇരയെ കിട്ടിയാല്‍ ഒരാഴ്ചത്തേക്ക് ഭക്ഷണം വേണ്ട. പകല്‍ സമയങ്ങളില്‍ ഇവ പലപ്പോഴും ഉറക്കമായിരിക്കും. അനക്കോണ്ടകള്‍ 20 മുതല്‍ 30 അടി വരെ നീളത്തില്‍ വളരുന്നു. ഇവയ്ക്ക് 500 പൗണ്ടിലധികം ഭാരം വരും. അനക്കോണ്ടകളുടെ കൂട്ടത്തില്‍ റെറ്റിക്യുലേറ്റഡ് പൈത്തണ്‍ ആണ് ഏറ്റവും നീളമേറിയ പാമ്പ്. ഏകദേശം 10 വര്‍ഷത്തോളമാണ് ഇവയുടെ ആരോഗ്യകരമായ ജീവിതം കണക്കാക്കപ്പെടുന്നത്. നാളിതുവരെ ഒരു അനക്കോണ്ടയും മനുഷ്യനെ ഭക്ഷിച്ചതായി രേഖകളില്ല. പകരം മനുഷ്യര്‍ അവയെ അവന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറി വേട്ടയാടുകയാണ് ചെയ്യുന്നത്.

Leave a Reply