ടി.കെ.സി.എഡ്യൂക്കേഷണൽ & ചാരിറ്റബിൾ  സൊസൈറ്റി, പടന്ന, കാസർഗോഡ് എന്ന സ്ഥാപനം ഒരു പുതിയ കോളേജ് ആരംഭിക്കുന്നതിന് സർവകലാശാലയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോളേജ് തുടങ്ങാൻ നിയമപ്രകാരം കുറഞ്ഞത്  5 ഏക്കർ സ്ഥലം ആവശ്യമുണ്ട്. എന്നാൽ ഈ സ്ഥാപനം സമർപ്പിച്ച  സ്ഥലത്തിന്റെ രേഖ പരിശോധിച്ചപ്പോൾ 4.55 ഏക്കർ ഒരുമിച്ചും ബാക്കി 60 സെന്റ് മറ്റൊരിടത്തും ആയതിനാൽ കോളേജിനായി ഒരുക്കിയ സൗകര്യങ്ങൾ പരിശോധിക്കാൻ സർവകലാശാല സമിതിയെ ചുമതലപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ, പ്രസ്തുത സൊസെറ്റി, തങ്ങൾ മൂന്നുമാസത്തിനകം നിലവിലുള്ള സ്ഥലത്തിനോട് ചേർന്നുകിടക്കുന്ന ഒരേക്കർ സ്ഥലം വാങ്ങിക്കാമെന്ന് സർവകലാശാലയെ അറിയിക്കുകയുണ്ടായി. ഇത് പരിഗണിച്ച് കോളജിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരിശോധിക്കാൻ കമ്മറ്റിയെ വൈസ് ചാൻസലർ നിയോഗിക്കുകയും റിപ്പോർട്ട് 27-05-2022 ലെ സിണ്ടിക്കേറ്റ് യോഗത്തിൽ വെക്കുവാനും ഉത്തരവിട്ടു. പരിശോധന നടത്തിയ സമിതി പ്രസ്തുത  കോളേജിൽ കോഴ്‌സുകൾ തുടങ്ങുന്നതിന് ശുപാർശചെയ്ത് റിപ്പോർട്ട് നൽകുകയുണ്ടായി. 27-05-2022 ലെ സിണ്ടിക്കേറ്റ് യോഗത്തിൽ പ്രസ്തുത  റിപ്പോർട്ട് പരിഗണിക്കുവാൻ നോട്ട് തയ്യാറായിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ നല്കാത്തതിനാൽ  അന്നത്തെ സിണ്ടിക്കേറ്റ് യോഗത്തിൽ ഇക്കാര്യം പരിഗണനക്ക് വന്നില്ല. അടുത്ത  സിണ്ടിക്കേറ്റ് യോഗത്തിയ്യതി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല ആക്റ്റിലെ 11(1) വകുപ്പുപ്രകാരം വൈസ്-ചാൻസലർ പ്രസ്തുത റിപ്പോർട്ട് അംഗീകരിച്ചു.  27-06-2022 ന് നടന്ന സിണ്ടിക്കേറ്റ് മീറ്റിംഗിൽ 2022.336 അജണ്ടയായി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എൻ.ഒ.സി നൽകുന്നതിന് ശുപാർശ ചെയ്യുകമാത്രമാണ് സർവകലാശാല  ചെയ്തത്. സർക്കാർ എൻ.ഒ.സി. ലഭിച്ചാൽ ഏജൻസി ഉറപ്പുനൽകിയ കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും അഫിലിയേഷൻ നൽകുക. ചട്ടങ്ങൾക്ക് വിരുദ്ധമായി വൈസ് ചാൻസലർ കോളേജിന്  അംഗീകാരം നൽകിയെന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!