Reshmi Thamban
Sub Editor, Nownext
വിദൂരപ്രപഞ്ചത്തിന്റെ കുറച്ച് ഫോട്ടോഗ്രാഫുകളെടുത്ത് ഭൂമിയിലേക്കയച്ച് ജെയിംസ് വെബ് സ്‌പേസ് ടെലിസ്കോപ്പ് മനുഷ്യർക്കുമുന്നിൽ കാഴ്ചയുടെ വിസ്മയം ഒരുക്കിയിരിക്കുകയാണ്. സൂര്യനെ പോലുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുള്ള, ആകാശഗംഗ പോലുള്ള എണ്ണിയാലൊതുങ്ങാത്ത ഗാലക്സികൾ, തിളങ്ങുന്ന ഒരു കുഞ്ഞ് പൊട്ടുപോലെ കാണാൻ കഴിയുന്ന ഒരു ചിത്രമാണ് അതിൽ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്.
അനന്തം അജ്ഞാതം അവർണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗം എന്ന കവിവാക്യം തിരുത്താനുറച്ച്, കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെ ഉള്ള നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും ഇൻഫ്രാറെഡ് ചിത്രങ്ങൾ മണിക്കൂറുകൾ കൊണ്ട് പിടിച്ചെടുത്ത്, പ്രപഞ്ച രഹസ്യങ്ങളുടെ ചുരുൾ ഒന്നുകൂടി നിവർത്തിയിരിക്കുകയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ്. ഈ പ്രപഞ്ചം അതിൻറെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു? ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? ഇങ്ങനെ കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ജെയിംസ് വെബ്, Near-Infrared Camera അഥവാ NIR Cam ഉപയോഗിച്ച് പകർത്തിയ ഈ ചിത്രങ്ങളുടെ സഹായത്തോടെ സാധിക്കും.
ഒരു മണൽത്തരി കയ്യിലെടുത്ത് അതിന്റെ ഇത്തിരി വട്ടത്തിലൂടെ നോക്കിയാൽ ആകാശത്തിന്റെ എത്ര ഭാഗം കാണാമോ, ഏതാണ്ട് അത്ര മാത്രമാണ്, പ്രപഞ്ചത്തിന്റെ അത്രയും ഭാഗം മാത്രമാണ് ജെയിംസ് വെബ് പുറത്തുവിട്ട ഈ ചിത്രങ്ങളിലുള്ളത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ടെലിസ്കോപ്പ് സ്ഥാപിച്ചിട്ടുള്ളത്. അമേരിക്കയുടെയും കാനഡയുടെയും യൂറോപ്യൻ യൂണിയന്റെയും ബഹിരാകാശ സംഘടനകൾ ചേർന്ന് ഹബ്ബിൾ ടെലിസ്കോപ്പിന്റെ പിൻഗാമി ആയി ജെയിംസ് വെബ്ബിനെ ബഹിരാകാശത്ത് സ്ഥാപിക്കുകയായിരുന്നു. ടെലിസ്കോപ്പ് വിക്ഷേപിച്ചത് 2021 ഡിസംബർ 25 നാണ്. 1961 മുതൽ 1968 വരെയുള്ള കാലയളവിൽ നാസയെ നയിച്ച, അപ്പോളോ ദൗത്യത്തിൽ മുഖ്യ പങ്ക് വഹിച്ച അമേരിക്കൻ ശാസ്ത്രജ്ഞനായ ജെയിംസ് വെബിന്റെ പേരാണ് ടെലിസ്കോപ്പിന് നൽകിയിരിക്കുന്നത്.
ഇപ്പൊ നമ്മൾ കണ്ട ആ ചിത്രങ്ങളുണ്ടല്ലോ, ജെയിംസ് വെബ് ക്യാപ്ചർ ചെയ്ത ആ ചിത്രങ്ങൾ, അവയൊന്നും ലൈവ് അല്ല. കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. അതിനു കാരണം പ്രകാശം യാത്ര ചെയ്ത് ഇവിടെ എത്താൻ എടുക്കുന്ന ദൈർഘ്യക്കൂടുതൽ തന്നെ. SMACS 0723 എന്ന ഗ്യാലക്സി ക്ലസ്റ്ററിൻ്റെ ഏകദേശം 460 കോടി വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണിത്. പ്രകാശം അവിടെ നിന്ന് യാത്ര ചെയ്ത് ഇവിടെ എത്താൻ എടുത്ത വർഷങ്ങളാണിത്. അതിലും ഒരുപാട് പ്രകാശവർഷങ്ങൾ പുറകിലുള്ള ഗ്യാലക്സികളിലെ വളരെ തിളക്കം കുറഞ്ഞ വസ്തുക്കളേയും ഈ ഗ്യാലക്സിക്കൂട്ടത്തിൻ്റെ ഗ്രാവിറ്റേഷണൽ ലെൻസിങ്ങ് കാരണം നാസ പുറത്തുവിട്ട ഈ ആദ്യ ചിത്രത്തിൽ കാണാം.
പിന്നാലെ കൊടുമുടികളും താഴ്വരകളും ഒക്കെയായി നക്ഷത്ര ജനനത്തിന്റെ വിസ്മയങ്ങൾ ഉൾകൊള്ളുന്ന വേറെയും ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനി പന്ത്രണ്ടര മണിക്കൂറുകൾ കൊണ്ട് ഒപ്പിയെടുത്ത, മനുഷ്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രപഞ്ചത്തിന്റെ ആഴമുള്ളതും ക്ലാരിറ്റി ഉള്ളതുമായ ദൃശ്യങ്ങൾ. അടുത്ത ഇരുപത് വർഷങ്ങൾ കൂടി ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് ചിത്രങ്ങൾ പകർത്തും. പ്രപഞ്ചത്തിന്റെ നിരവധിയായ രഹസ്യങ്ങൾ ഒപ്പിയെടുക്കാൻ ഈ ഇരുപത് വർഷങ്ങൾ കൊണ്ട് ജെയിംസ് വെബ്ബിനു സാധിക്കുകയും ചെയ്യും. ശാസ്ത്ര കുതുകികളുടെ അനേകായിരം ചോദ്യങ്ങളുടെ മറുപടിയുമായിട്ടായിരിക്കും ജെയിംസ് വെബിന്റെ മടക്കം.