കൊച്ചിയിലെ ദേശീയ നിയമ നിയമസർവ്വകലാശാലയായ നുവാൽസിൻറെ നൂതന ആശയമായ കളികളിലൂടെ പഠനവും മൂല്യ നിർണയവും (ഗെയിമിഫിക്കേഷൻ) എന്ന പരിപാടി നടപ്പിലാക്കുന്നതിൻറെ ഭാഗമായി നിയമ വിദ്യാർത്ഥികൾക്ക് മാത്രമായി അഖിലേന്ത്യ പഠന ഗെയിം ഡിസൈൻ മത്സരം ജനുവരി രണ്ടാം വാരം നടത്തും. കേരള കേന്ദ്ര സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി. ഗോപകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ വെച്ച് വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.

ചടങ്ങിൽ കുസാറ്റ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. ഡോ. ദുരൈപാണ്ഡി മാവൂത് , അസ്സോസിയേറ്റ് പ്രൊഫസറും ഗെയിമിഫിക്കേഷൻ വിദഗ്ദ്ധനുമായ ഡോ. മനു മെൽവിൻ ജോയ്, നുവാൽസ് രജിസ്ട്രാർ എം. ജി. മഹാദേവ്, നുവാൽസ് പ്രൊഫ. ഡോ. മിനി എസ്., അസ്സോസിയേറ്റ് പ്രൊഫസർമാരായ ഡോ. ഷീബ എസ്. ധർ, ഡോ. അപർണ ശ്രീകുമാർ, കുസാറ് ഗസ്റ്റ് പ്രൊഫസർ ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.

അഖിലേന്ത്യ മത്സരത്തിന് മുന്നോടിയായി നുവാൽസിൽ നടത്തിയ മത്സരത്തിലെ വിജയികളായ ഗീതു വി എ., ഐശ്വര്യ പി. ജെ., മേഘ്‌ന എസ്. എസ്., പാർവതി പി., ഷാനി എ. ആർ. എന്നിവരടങ്ങുന്ന ടീമിന് 25000 രൂപയും അഭിരാമി ഒ. അർച്ചന പി. പി. എന്നിവരടങ്ങുന്ന ടീമിന് 15000 രൂപയും നേഹ മരിയ ആൻ്റണി അനിറ്റ എലിസബത്ത് ബാബു എന്നിവരടങ്ങുന്ന ടീമിന് 10000 രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. അഖിലേന്ത്യ മത്സരത്തിൽ എൽ.എൽ.ബി. തല നിയമ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇതിനായുള്ള കോംപെറ്റീഷൻ ഫാക്ട് ഷീറ്റ്, വെബ്‌പേജ്, ലോഗോ എന്നിവയുടെ പ്രകാശനം നവംബർ 2-ന് നടത്തും.