കണ്ണൂർ: കേരളത്തിൽ തന്നെ ആദ്യത്തെ സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമായി കണ്ണൂർ സർവകലാശാല. കണ്ണൂർ സർവകലാശാല കെമിസ്ട്രി, ഫിസിക്സ് പഠനവകുപ്പുകളും മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയും സംയുക്തമായാണ് സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എസ് സി. കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി) എന്നിവ ആരംഭിച്ചിട്ടുള്ളത്. ചുരുങ്ങിയ കാലയളവിൽത്തന്നെ വളരെ വലിയ സ്വീകാര്യതയാണ് രണ്ട് പ്രോഗ്രാമുകൾക്കും ലഭിച്ചിരിക്കുന്നത്. ഓരോ പ്രോഗ്രാമുകളിലും 20 സീറ്റുകൾ വീതമാണ് ഉള്ളത്. ഇതിൽ 10 വിദ്യാർത്ഥികൾ കണ്ണൂർ സർവകലാശാലയിലും 10 പേർ മഹാത്മാഗാന്ധി സർവകലാശാലയിലും പ്രവേശനം നേടുകയും ആദ്യത്തെ സെമസ്റ്റർ അതാത് ക്യാമ്പസുകളിൽ ചെലവഴിക്കുകയും ചെയ്യും. രണ്ടാമത്തെ സെമസ്റ്റർ മുഴുവൻ വിദ്യാർത്ഥികളും കണ്ണൂർ സർവകലാശാലയിലും മൂന്നാം സെമസ്റ്റർ മഹാത്മാഗാന്ധി സർവകലാശാലയിലും ചെലവഴിക്കും.അവസാന സെമസ്റ്റർ ഇന്റേൺഷിപ്പ് ആയിരിക്കും. വിദ്യാർഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് ഇവ. പഠനത്തിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനും വിദേശത്തോ ഇന്ത്യയിൽ തന്നെയോ ഉള്ള പ്രശസ്ത ഗവേഷണസ്ഥാപനങ്ങളിൽ 6 മാസം നീണ്ടുനിൽക്കുന്ന ഗവേഷണ പദ്ധതിയിൽ പങ്കാളിയാകുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

എം.എസ്.സി. ഫിസിക്സ്/ എം.എസ്.സി. കെമിസ്ട്രി ബിരുദം ലഭിക്കുന്നതിനൊപ്പം അതിനൂതന സാങ്കേതിക വിദ്യയായ നാനോസയൻസ് , നാനോ ടെക്‌നോളജി എന്നീ വിഷയങ്ങൾ കൂടെ പഠിപ്പിക്കും എന്നതാണ് സംയോജിത പ്രോഗ്രാമുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ രണ്ട് സർവകലാശാലകളുടെയും വൈദഗ്ധ്യവും പഠനസൗകര്യങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടും വിധമാണ് സിലബസുകൾ ക്രമീകരിച്ചിട്ടുള്ളത്. കെമിസ്ട്രിയിലും ഫിസിക്സിലുമുള്ള ബിരുദമാണ് എം.എസ് സി. കെമിസ്ട്രി(നാനോസയൻസ് & നാനോടെക്നോളജി), ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി) പ്രോഗ്രാമുകളിൽ പ്രവേശനം നേടാനുള്ള അടിസ്ഥാന യോഗ്യത. കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലാണ് ഈ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നടക്കുന്നത്.