ഒരേസമയം രണ്ടു ജോലികൾ ഒക്കെ ചെയ്യുന്നവരെ കണ്ടിട്ടില്ലേ? പ്രത്യേകിച്ച് ഐടി മേഖലയിൽ ജോലി ചെയ്യുന്ന പലർക്കും ഇതൊരു പുതിയ സംഭവം ആയിരിക്കില്ല. ആവറേജ് ഇന്ത്യൻ മിഡിൽ ക്ലാസിനു ജീവിച്ചു പോകാൻ ഒറ്റ ജോലിയിലെ ശമ്പളം മതിയാകില്ല എന്നത് കൊണ്ട് തന്നെയാണ് പലരും പാർട്ട് ടൈമായോ ഫ്രീലാൻസ് ആയോ ഒക്കെ ഇത്തരത്തിൽ രണ്ടാമതൊരു ജോലി കൂടി ചെയ്തു രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. ഇതൊക്കെ മിക്കവർക്കും സർവ സാധാരണമായ ഒരു കാര്യമായി തോന്നുമെങ്കിലും ഇന്ത്യൻ ഐടി ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും തലവേദനയുണ്ടാക്കുന്ന ഒരു കാര്യമാണ് മൂൺലൈറ്റിംഗ് അഥവാ ഒരേ സമയം രണ്ടു വള്ളത്തിൽ കാലിടൽ.

വൻകിട കമ്പനികൾ മൂൺലൈറ്റിങ്ങിനിനെതിരെ ഒന്നൊന്നായി രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. അതെ സമയം ഫ്രീ ടൈമിൽ മറ്റു ജോലികൾ ചെയ്യാൻ എംപ്ലോയീസിനെ അനുവദിക്കുന്ന കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്.

Moonlighting

ഒരേ സമയം രണ്ടു ജോലി എന്നത് പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും, കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയും, ഒപ്പം വന്ന വർക്ക് ഫ്രം ഹോം പോളിസികളും ഇത്തരത്തിൽ സെക്കന്റ് ജോബ് ചെയ്യാൻ പലരെയും പ്രേരിപ്പിച്ചു . വീട്ടിലിരുന്ന് തൊഴിൽ ചെയ്താൽ മതി എന്ന സാഹചര്യം വന്നതോടെ രാത്രിയും വീക്കെന്റുമൊക്കെ ആയിട്ട് പലരും മറ്റു കമ്പനികളിലോ  പ്രൊജെക്ടുകളിലോ ഒക്കെ വർക്ക് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കമ്പനികൾ കണ്ണടച്ചെങ്കിലും ഇപ്പൊ പൂട്ടിടാൻ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച മുൻപ് ടെക് ഭീമനായ ഇൻഫോസിസ് തങ്ങളുടെ എംപ്ലോയീസിനയച്ച മെയിൽ തുടങ്ങുന്നത് “നോ ഡബിൾ ലൈവ്‌സ്” എന്ന സബ്ജക്ട് ലൈനോടെയാണ്. ഇതിനു മുന്നേ തന്നെ വിപ്രോ ചെയർമാൻ അസിം പ്രേംജി ഇത്തരത്തിൽ രണ്ടു ജോലികൾ ചെയ്യുന്നതിനെ ചീറ്റിങ്ങ് എന്ന് വിളിച്ചിരുന്നു. 

ഇനി ഈ കമ്പനികളെ  ഒക്കെ ചീത്ത വിളിക്കുന്നതിന്‌ മുൻപ് അവരുടെ ഭാഗത്തു നിന്നുള്ള കുറച്ച് കാര്യങ്ങൾ നോക്കാം. ഒന്നാമതായിട്ടു, ഒരാളെ തൊഴിലിനെടുക്കുമ്പോൾ ഒരു ഹ്യൂമൻ റിസോഴ്സിനാണ് ആ കമ്പനി പേ ചെയ്യുന്നത്, അയാളുടെ മുഴുവൻ കഴിവും പൊട്ടെൻഷ്യലും കമ്പനിക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്ത് വിനിയോഗിക്കുക എന്നതാണ് ഒരു കമ്പനി തീർച്ചയായും എക്സ്പെക്ട് ചെയ്യുന്നത്. പ്രോപ്പർ ആയിട്ട് റെസ്റ്റോ റിഫ്രഷ്‌മെന്റോ കിട്ടാത്ത ഒരു വ്യക്തിക്ക് ഒരിക്കലും തന്റെ കരിയറിൽ എക്സൽ ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും. അത് കൊണ്ട് തന്നെയാണ് എട്ട് മണിക്കൂർ ജോലി എന്നത് നിയമം മൂലം കൊണ്ട് വന്നത്. ബാക്കിയുള്ള പതിനാറു മണിക്കൂർ നിങ്ങൾക്ക് വേണ്ടുന്ന ഉറക്കവും റിലാക്സേഷനും കിട്ടിയില്ലെങ്കിൽ  എന്ത് പറ്റും? ഊഹിക്കാമല്ലോ അല്ലെ. ഇത്തരത്തിൽ റെസ്റ്റ് കിട്ടേണ്ട സമയത്ത് നിങ്ങൾ മറ്റ് ജോലികൾ ചെയ്തിട്ട് അതിൻ്റെ ക്ഷീണത്തിൽ പിറ്റേന്ന് കമ്പനിയിൽ ജോലിക്ക് വന്നാൽ എങ്ങനെയിരിക്കും? ഒരു മൊതലാളിക്കും അത് ഇഷ്ടപ്പെടില്ല അല്ലെ? പല വലിയ കമ്പനികളും തങ്ങളുടെ ജോലിക്കാർക്ക് ഇൻഷുറൻസ് ഉൾപ്പെടെ ഉള്ളവ കൊടുക്കുന്നത് തന്നെ ഈ ഒരു എഫിഷ്യൻസിയെ മുന്നിൽ  കണ്ടു  കൊണ്ട് തന്നെയാണ്.

ഇനി നിയമത്തിലേക്ക് നോക്കാം. കമ്പനികൾക്ക് നിങ്ങളെ മറ്റു ജോലികൾ ചെയ്യുന്നതിൽ നിന്നും തടയാൻ  അധികാരമുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ഫാക്ടറീസ് ആക്ട് പ്രകാരം ഒരു എംപ്ലോയർക്ക്  തങ്ങളുടെ എംപ്ലോയീസിനെ മറ്റു ജോലികൾ  ചെയ്യുന്നതിൽ നിന്നും തടയാനുള്ള അധികാരം ഇന്ത്യയിൽ ഉണ്ട്. എന്ന് വച്ച് മൂൺലൈറ്റിംഗ് ഒരിക്കലും ഒരു ക്രിമിനൽ ഒഫൻസും ആകുന്നില്ല. പക്ഷെ കമ്പനിക്ക് നിങ്ങളെ ടെർമിനേറ്റ് ചെയ്യാൻ കഴിഞ്ഞേക്കും.

 

പല കമ്പനികളും ഈ തരത്തിൽ പോളിസികൾ സ്ട്രിക്ട് ആക്കി കൊണ്ട് വരുന്നതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. ബാംഗ്ലൂർ പോലുള്ള മെട്രോ സിറ്റികളിലൊക്കെ വർക്ക് ചെയ്യുന്ന ചിലർ ഒരേ സമയം ഏഴും എട്ടും ജോലികൾ വരെ ചെയ്യുന്നതായി കമ്പനികൾ കണ്ടെത്തി. ചിലരാകട്ടെ മുൻപത്തെ ജോലിയിൽ നിന്നും രാജി വെക്കാതെ മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു പഴേ കമ്പനിയിലെ രഹസ്യ രേഖകൾ വരെ ഇമെയിൽ ചെയ്യുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ കമ്പനികളുടെയും എച് ആർമാരുടേയുമൊക്കെ നെഞ്ചിടിപ്പ് കൂട്ടിയ ഒരുപാട് സംഭവങ്ങൾ കണ്ടപ്പോൾ കമ്പനികളെല്ലാം കൂടി കൂട്ടത്തോടെ അങ്ങ് തീരുമാനമെടുത്തു – രണ്ടും കൂടി ഒരുമിച്ച് വേണ്ട. അങ്ങനെ അതും ഗുദാ ഹവാ.

എന്നാൽ ടെക് ലോകം മുഴുവൻ ഇങ്ങനെ രണ്ട് ജോലികൾ ചെയ്യുന്നവരെ കടിച്ച് കീറാൻ നിക്കുവാണെന്ന് വിചാരിക്കണ്ട. ടെക് മഹിന്ദ്ര  സിഇഒ സിപി ഗുർനാനിയുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ രണ്ടു ജോലികൾ ചെയ്യുന്നവർ ഒരു മിനിമം കമ്മിറ്റ്മെന്റ് കാണിക്കുക, രണ്ടാമത്തെ ജോലിയെക്കുറിച്ച് കമ്പനിയോട് വെളിപ്പെടുത്തുക എന്നാണ്. അതെ പോലെ തന്നെ മൂൺലൈറ്റിംഗ്, ജോലിക്കാരുടെ സ്കില്ലുകൾ, പ്രത്യേകിച്ച്  ഏതെങ്കിലും ലാങ്ഗ്വേജീലോ, ഫ്രെയിംവർക്കിലോ, പ്ലാറ്റ്ഫോമിലോ ഒക്കെ ഉള്ള സോഫ്റ്റ് സ്കില്ലുകൾ കൂട്ടാൻ സഹായിക്കും എന്നാണ് ചില എച്ച് ആർ മാർ രഹസ്യമായി അഭിപ്രായപ്പെടുന്നത്. 

എന്തായാലും അമ്മയെ തല്ലിയാൽ രണ്ടു പക്ഷമുള്ള നാട്ടിൽ രണ്ടു ജോലികൾ ചെയ്യുന്നവരെപ്പറ്റിയും പല പല അഭിപ്രായങ്ങൾ തന്നെയാണ് കോർപ്പറേറ്റ് ലോകത്ത്. ഇതിന്റ പോക്ക് എങ്ങോട്ടാണെന്ന് കാത്തിരുന്ന് കാണാം.