കല എല്ലാവർക്കുമുള്ളതാണ്. ഏബിൾ ആയിട്ടുള്ളവർക്ക് വേണ്ടി വർഷാവർഷം കലാമേളകൾ പൊടി പൊടിക്കുമ്പോൾ ഭിന്നശേഷിയുള്ളവരെ നമ്മൾ മറന്നു പോകുന്നുണ്ടോ? ഇല്ല, മറന്നിട്ടില്ല. ‘സമ്മോഹൻ’ വാർത്തകളിൽ ഇതുവരെ ഇടം പിടിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാരുടെ കലാമേള. കേന്ദ്ര ഭിന്നശേഷി ശാക്തീകരണ മന്ത്രാലയത്തിന്റെയും, സാമൂഹിക നീതി വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെ തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്റർ സംഘടിപ്പിക്കുന്ന കലാമേള  2023 ഫെബ്രുവരി 25, 26 തീയതികളിലായി നടക്കും.

ഡിഫറന്റ് ആർട് സെന്ററിലെ വിവിധവേദികളിൽ ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന ആയിരത്തോളം ഭിന്നശേഷിക്കാരായ കലാകാരന്മാരും കലാകാരികളും നിറഞ്ഞാടും. ഡിഫറന്റ്‌ ആർട് സെന്റർ എന്ന ധൗത്യം ഏറ്റെടുത്ത് വൻ വിജയമാക്കിയ അതെ കൈകൾ തന്നെയാണ് ഭിന്നശേഷിക്കാരുടെ കലാമേളയുടെ പിന്നിലും – ഗോപിനാഥ് മുതുകാട് – മജീഷ്യൻ വിത്ത് എ മിഷൻ. സമ്മോഹൻ ചരിത്രമാകും. കലയുടെ കൈരളിയിലെ മറ്റൊരു ചരിത്രം. ചേർത്ത് പിടിക്കലിന്റെ, ഉൾപ്പെടുത്തലിന്റെ ഒരുത്സവമാകട്ടെ ഇക്കുറി സമ്മോഹൻ. നമുക്കും അവിടെ കാണികളാകാം, അവർക്ക് വേണ്ടി കയ്യടിക്കാം. നമ്മുടെ കൂടെ കലയാണ്. നമുക്കെല്ലാവർക്കും കൂടിയുള്ളത്.