വീട്ടുമുറ്റ വായ്പ പദ്ധതിയായ മുറ്റത്തെ മുല്ല പദ്ധതി വഴി സ്ത്രീകൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കുടുംബശ്രീകൾക്ക് കൂടുതൽ വായ്പാ എന്ന ലക്ഷ്യവുമായാണ് മുറ്റത്തെ മുല്ല പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. ബ്ലേഡ് പലിശക്ക് പണമെടുത്ത് സാമ്പത്തിക നിലവാരവും മാനസിക സന്തുലനവും താളം തെറ്റുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളാണ് ഇതിലൂടെ അഡ്രസ് ചെയ്യപ്പെട്ടത്. പദ്ധതിയിലൂടെ 1000 രൂപ മുതൽ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പയാണ് നൽകി വരുന്നത്. വരും വർഷങ്ങളിൽ വായ്പ തുക വർധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. 2018ൽ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല ആദ്യം നടപ്പാക്കിയത്. പിന്നീട് കേരളം മുഴുവൻ വ്യാപിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ 6000 കോടി രൂപ നൽകിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരായ കൂലിവേലക്കാരെയും ചെറുകിട കച്ചവടക്കാരെയും നിർധന കുടുംബങ്ങളെയും ബ്ലേഡ് പലിശ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കാൻ ഈ പദ്ധതി സഹായകമാണ്. സഹകരണ വകുപ്പ് കുടുംബശ്രീ വഴിയാണ് വായ്പ നടപ്പാക്കുന്നത്. കുടുംബശ്രീക്ക് അത് സംഘങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വായ്പയായി നൽകാം. ഓരോ വാർഡിലെയും ഒന്നു മുതൽ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ ലഘു വായ്പ വീട്ടുമുറ്റത്തെത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
പരമാവധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. കുടുംബശ്രീ യൂണിറ്റുകൾ ഈ വായ്പാ കണക്കുകൾ ഉത്തരവാദിത്തത്തോടെ സൂക്ഷിക്കും. വായ്പ തിരിച്ചടക്കുന്ന കാര്യത്തിൽ 90% കൃത്യതയാർന്ന സമീപനമാണ് സ്ത്രീകൾക്കുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.