തിരുവനന്തപുരം: തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഇക്കാര്യം സമൂഹം ഗായരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നോളേജ് ഇക്കോണമി മിഷൻ(KKEM) വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ തൊഴിലരംഗത്തേക്ക് പദ്ധതിയുടെ ഭാഗമായുള്ള ജോബ് ഓഫർ ലെറ്ററുകളുടെ സംസ്ഥാന തല വിതരണോദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി സമൂഹത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ കൂടുതലാണ്. പക്ഷെ തൊഴിൽ രംഗത്തേക്ക് കടക്കുമ്പോൾ സ്ത്രീ പങ്കാളിത്തം കുറയുന്നതായി കാണാം. ഇതിനു പിന്നിലുള്ള സാമ്പത്തിക-സാമൂഹിക കാരണങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് കെ കെ ഇ എമ്മിലൂടെ സർക്കാർ നടത്തുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകളെ കൂടുതലായി എത്തിക്കുന്നതിന് സമൂഹത്തിൽ ബോധവത്കരണം അനിവാര്യമാണ്. അത് കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണം. മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിൽ ചെയ്യാൻ തയാറായിട്ടുള്ള വനിതകളെ അതിന് പ്രാപ്തരാക്കി തൊഴിൽ രംഗത്ത് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ രണ്ടാംഘട്ടമായി 40 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് കെ കെ ഇ എം മുന്നോട്ട് വെക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നേരിടുക എന്ന കെ കെ ഇ എമ്മിന്റെ പ്രാഥമിക ലക്ഷ്യം നേടുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ വ്യവസായ രംഗവുമായി ബന്ധിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുന്നതിനൊപ്പം നൈപുണ്യ പരിശീലനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചിഞ്ചു വി, ആതിര എസ്. എച്ച്, ഹിമ എസ് ആർ, നിത്യ എസ് എന്നിവർക്കു ജോബ് ഓഫർ ലെറ്റർ കൈമാറി. തൊഴില്‍ മേളകളില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിർവ്വഹിച്ചു. ഏറ്റവും കൂടുതൽ തൊഴിൽ അന്വേഷകരെ പങ്കെടുപ്പിച്ച ജില്ല, കൂടുതൽ തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ച ജില്ലാ പ്രോഗ്രാം മാനേജർ,
കൂടുതൽ തൊഴിൽ അന്വേഷകരെ പങ്കെടുപ്പിച്ച കമ്മ്യൂണിറ്റി അംബാസിഡർ, ജോബ് ഓഫർ ലെറ്റർ കൈമാറിയ തൊഴിൽ ദാതാവ് എന്നിവർക്കുള്ള പുരസ്കാരം തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നൽകി.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്. പാളയം വാര്‍ഡ് കൊണ്‍സിലര്‍ പാളയം രാജന്‍, കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല, കേരള നോളജ് ഇക്കണോമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി മധുസൂദനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.