Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

കമ്പനി സെക്രട്ടറി. വർഷം കോടികൾ ശമ്പളം വാങ്ങുന്ന, ഒരു ഒപ്പിനുപോലും വൻ മൂല്യമുള്ള കമ്പനി സെക്രട്ടറിമാർ ഉള്ള നാടാണ് നമ്മുടേത്. വിശ്വാസം വരുന്നില്ലേ? സത്യമാണ്. ഇന്ത്യയിൽ 13 ലക്ഷത്തിലധികം രജിസ്റ്റേർഡ് കമ്പനികളുണ്ട്. പക്ഷെ ഈ 13 ലക്ഷം കമ്പനികൾക്കും കൂടി വേണ്ടി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനി സെക്രട്ടറിമാരുടെ എണ്ണം വെറും 50000 മാത്രമാണ്. ഗാപ് എത്രത്തോളമുണ്ടെന്ന് മനസ്സിലായോ? സി എസ് എന്തുകൊണ്ട് ഡിമാന്റുള്ള കരിയറായി എന്നും മനസിലായി കാണില്ലേ? ഇപ്പൊ തോന്നുന്നുണ്ടോ എനിക്കും എന്തുകൊണ്ട് ഒരു സി എസ് ആയിക്കൂടാ എന്ന്? അങ്ങനെ ആകണമെങ്കിൽ നിങ്ങളറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതെന്തൊക്കെയാണ് എന്ന് നോക്കാം.

Company

ആരാണ് ഒരു കമ്പനി സെക്രട്ടറി? എന്താണ് കമ്പനി സെക്രട്ടറിയുടെ ജോബ് റോൾ? അതറിയണമെങ്കിൽ ആദ്യം കമ്പനി എന്താണ് എന്നറിയണം. കമ്പനീസ് ആക്ട് പ്രകാരമുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളാണ് കമ്പനികൾ. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കമ്പനികളിൽ ഒരു കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണമെന്നത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. അത് ഐ സി എസ് ഐ അഥവാ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്ന സ്റ്റാറ്റിയൂട്ടറി ബോഡി നടത്തുന്ന കമ്പനി സെക്രട്ടറി പരീക്ഷ പാസായ ആളുകളായിരിക്കണം. 

How to become A company Secretary?

Job Role

കമ്പനി സെക്രട്ടറിയുടെ ജോബ് റോളിലേക്ക് കടന്നാൽ, ഒരു കമ്പനിയുടെ നിയമപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് കമ്പനി സെക്രട്ടറിമാരായിരിക്കും. കൂടാതെ കമ്പനിയുടെ ടാക്‌സ് റിലേറ്റഡ് കാര്യങ്ങൾ, റെക്കോർഡ്‌സുകളുടെ കീപ്പിംഗ്, തുടങ്ങി കമ്പനിക്ക് അതാത് സമയം വേണ്ട അഡ്‌വൈസുകൾ നൽകി അഡ്വൈസറായി പ്രവർത്തിക്കുക എന്നതൊക്കെ കമ്പനി സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങളാണ്, അതോടൊപ്പം തന്നെ, കമ്പനി ഇന്ത്യയിയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും കമ്പനി സെക്രട്ടറിയുടെ കടമയാണ്. 

READ MORE : എ സി സി എ; അറിയേണ്ടതെല്ലാം, വായിക്കൂ

എവിടെയൊക്കെയാണ് കമ്പനി സെക്രട്ടറിയുടെ ജോലി? ആദ്യം പറഞ്ഞതുപോലെ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ, അതോടൊപ്പം തന്നെ, ബാങ്ക്, ഇൻഷുറൻസ് പോലുള്ള ഫിനാൻസ് സ്ഥാപനങ്ങളിൽ, കൂടാതെ ഗവണ്മെന്റ് കമ്പനികളിൽ, പ്രൈവറ്റ് കമ്പനികളിൽ എന്നിങ്ങനെ ചെറുതും വലുതുമായ ഏത് ബിസിനസ് സ്ഥാപനമെടുത്താലും അവിടെയൊക്കെ കമ്പനി സെക്രട്ടറിക്ക് റോളുണ്ട്. ടാക്‌സ്, പാർട്ണർഷിപ്, ഗവണ്മെന്റ് ലൈസൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ കൺസൾട്ടേഷൻ നടത്താനും ഒരു സി എസിന് കഴിയും. കമ്പനി സെക്രട്ടറിമാർ തന്നെ നടത്തേണ്ടുന്ന ഓഡിറ്റുകളുമുണ്ട്. കമ്പനികൾക്ക് കമ്പനി സെക്രട്ടറിമാരെ സ്ഥിരമായി നിയമിക്കുകയോ അല്ലായെങ്കിൽ സ്വതന്ത്രമായി ജോലി നോക്കുന്ന കമ്പനി സെക്രട്ടറിമാരുടെ സേവനം തേടുകയോ ചെയ്യാം. 

How to become A company Secretary?

How to become a CS?

ഇനി, എങ്ങനെ ഒരു കമ്പനി സെക്രട്ടറി ആവാം? കുറച്ച് പ്രയാസമുള്ള കാര്യമാണ്. പക്ഷെ are you determined ? you can do it. കമ്പനി സെക്രട്ടറി ആവാൻ 3 സ്റ്റേജുകളുണ്ട്. ആദ്യത്തേത് ഒരു എൻട്രൻസ് ടെസ്റ്റ് ആണ്. എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 200 മാർക്കുകൾ, 2 മണിക്കൂർ സമയം. അകെ 100 മാർക്കുകൾ നേടിയാൽ ക്വാളിഫൈഡ് ആവാം. നെഗറ്റീവ് മാർക്കുകൾ ഇല്ല. എൻട്രൻസ് ടെസ്റ്റ് കഴിഞ്ഞാൽ പിന്നെയുള്ളത്, എക്സിക്യൂട്ടീവ് പ്രോഗ്രാം ആണ്. 2 ഗ്രൂപ്പുകളിലായി അകെ 8 പേപ്പറുകൾ. ഓരോ പേപ്പറിനും 3 മണിക്കൂർ വീതം സമയം. പേപ്പറൊന്നിന് 100 മാർക്ക് വീതം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കൊപ്പം തന്നെ ഡിസ്ക്രിപ്റ്റീവും ചേർന്ന ചോദ്യങ്ങൾ, പേപ്പർ ഓരോന്നിനും 40 % വീതവും അകെ ഗ്രൂപ്പിന് 200 മാർക്കും നേടിയാൽ ഗ്രൂപ്പ് ക്ലിയർ ചെയ്യാം. ഇല്ലായെങ്കിൽ വീണ്ടും എഴുതേണ്ടി വരും. എസിക്യൂട്ടീവ് പ്രാഗ്രാം കഴിഞ്ഞാൽ അടുത്ത സ്റ്റേജ് പ്രൊഫെഷണൽ പ്രോഗ്രാം ആണ്. ഇവിടെ ഒരു ഇലെക്റ്റിവ് പേപ്പർ അടക്കം 8 പേപ്പറുകൾ എഴുതിയെടുക്കേണ്ടതുണ്ട്. ഓരോ പേപ്പറിനും 3 മണിക്കൂർ വീതം ലഭിക്കും. ഡിസ്ക്രിപ്റ്റീവ് പരീക്ഷയാണ്. പേപ്പർ ഓരോന്നിനും 100 മാർക്ക് വീതം. 

How to become A company Secretary?

പ്രൊഫെഷണൽ പ്രോഗ്രാം കൂടി കഴിഞ്ഞാൽ പിന്നെയുള്ളത് ആർട്ടിക്കിൾഷിപ്പാണ്. എന്നുവെച്ചാൽ ട്രെയിനിങ്. 21 മാസമാണ് കാലാവധി. ഏതെങ്കിലും രജിസ്റ്റേർഡ് സി എസിന്റെ കീഴിലോ അല്ലെങ്കിൽ ഐ സി എസ് ഐ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലോ നമുക്ക് ആർട്ടിക്കിൾഷിപ്പ് ചെയ്യാം. അങ്ങനെ, ഈ 3 കടമ്പകൾ കടന്നാൽ നിങ്ങളുടെ പേരിനു മുന്നിലും ചേർക്കാം സി എസ് എന്ന രണ്ടക്ഷരം. ഉയർന്ന ശമ്പളം വാങ്ങുന്ന കമ്പനി സെക്രട്ടറി ആയി പവർഫുൾ കരിയറിൽ മുന്നോട്ട് പോവാം. 

READ MORE : എങ്ങനെ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് ആവാം? വായിക്കൂ.

സി എസ് എൻട്രൻസ് ടെസ്റ്റ് എഴുതാനുള്ള യോഗ്യത +2 ആണ്. ഡിഗ്രി കഴിഞ്ഞും എഴുതാം. 2020 വരെ +2 കഴിഞ്ഞ് നേരെ കോഴ്സിലേക്ക് തിരിയുന്നവർ മാത്രമായിരുന്നു എൻട്രൻസ് എക്സാം എഴുതേണ്ടിയിരുന്നത്. പക്ഷെ നിലവിൽ ഡിഗ്രി കഴിഞ്ഞ് സി എസ് മേഖലയിലേക്ക് തിരിയുന്നവരും എൻട്രൻസ് ടെസ്റ്റ് പാസാവേണ്ടതുണ്ട്. 

CS v/s CA & CMA

സി എ, സി എം എ യിൽ നിന്നുമൊക്കെ സി എസിനുള്ള വ്യത്യാസം, ഒരു കമ്പനി സെക്രട്ടറി സ്‌പെഷലൈസ് ചെയ്യുന്നത് ലീഗൽ ആസ്പെക്ടസിലായിരിക്കും. അക്കൗണ്ട്സിനെക്കാൾ കൂടുതലായി നിയമപരമായ കാര്യങ്ങളാണ് കമ്പനി സെക്രട്ടറിയുടെ ഫോക്കസ് പോയിന്റ്. കൃത്യമായി പഠിച്ച് പരീക്ഷ എഴുതി പാസാവുകയാണെങ്കിൽ 3 മുതൽ 3.5 വർഷങ്ങൾകൊണ്ട് സി എസ് കംപ്ലീറ്റ് ചെയ്യാൻ കഴിയും. എക്സിക്യൂട്ടീവ് പ്രോഗ്രാം കംപ്ലീറ്റ് ചെയ്യുന്നതോടെ യു ജി സി അംഗീകരിച്ച ഡിഗ്രി യോഗ്യതയും പ്രൊഫെഷണൽ പ്രോഗ്രാം കഴിയുന്നതോടെ അംഗീകൃത പി ജി യോഗ്യതയും ഒരു സി എസിന് ലഭിക്കും. സാധാരണ അഞ്ച് വർഷം കൊണ്ട് ലഭിക്കുന്ന പി ജി വെറും മൂന്ന്, മൂന്നര വർഷം കൊണ്ട് ലഭിക്കും എന്നർത്ഥം. 

നിയമ കാര്യങ്ങളിൽ താല്പര്യമുള്ള, ഡിസ്ക്രിപ്റ്റീവ് മോഡിൽ കാര്യങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിവുള്ള ആളുകൾക്ക് എന്തുകൊണ്ടും ചേർന്ന കരിയറാണ് സി എസ്. ശമ്പളം കൊണ്ടും റെപ്യൂട്ടേഷൻ കൊണ്ടും ഉയർന്ന പൊസിഷനിലുമാണ് സി എസിന്റെ സ്ഥാനം. ധൈര്യത്തോടെ, ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോയാൽ നിങ്ങൾക്കും നേടാവുന്നതേയുള്ളൂ.