നിങ്ങള്‍ കാറ്റ് 2018നു വേണ്ടി തയ്യാറെടുക്കുകയാണോ? കാറ്റിലെ ഉയര്‍ന്ന മാര്‍ക്കാണ് ഐ.ഐ.എമ്മുകളില്‍ എം.ബി.എ. പ്രവേശനം ലഭിക്കുമോ എന്ന് നിശ്ചയിക്കുക എന്നാണോ നിങ്ങള്‍ കരുതുന്നത്? എങ്കില്‍ തിരുത്താൻ തയ്യാറായിക്കൊള്ളുക.
ഇന്ത്യയിലെ ഐ.ഐ.എമ്മുകളിലെ സെലക്ഷന്‍ പ്രക്രിയ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് കാറ്റിലെ ഉയര്‍ന്ന സ്‌കോര്‍ അല്ല നിങ്ങള്‍ അകത്തോ പുറത്തോ എന്ന് തീരുമാനിക്കുന്നത് എന്നാണ്. കാറ്റിലെ ഉയര്‍ന്ന സ്‌കോര്‍ നിങ്ങളെ പേഴ്‌സണല്‍ അഭിമുഖം വരെയും എഴുത്തുപരീക്ഷ വരെയും എത്തിച്ചേക്കാം. പക്ഷേ, അതിനപ്പുറത്തേക്കുള്ള ഓരോ മുന്നേറ്റവും മറ്റ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്.
കാറ്റില്‍ ഉയര്‍ന്ന മാര്‍ക്ക് ഉണ്ടെങ്കിലും ബോര്‍ഡ് പരീക്ഷകളില്‍ വേണ്ടത്ര മാര്‍ക്ക് ഇല്ലാതിരിക്കുകയോ പ്രവൃത്തി പരിചയം കുറവാണെങ്കിലോ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി തഴയപ്പെട്ടേക്കാമെന്ന് ഐ.ഐ.എം. ബാംഗ്ലൂര്‍ വ്യക്തമാക്കുന്നു. ഐ.ഐ.എം. ബാംഗ്ലൂരില്‍ കാറ്റ് സ്‌കോര്‍ വെയിറ്റേജ് 25 ശതമാനമാണെങ്കില്‍ ഐ.ഐ.എം. കല്‍ക്കട്ടയില്‍ അത് 30 ശതമാനം മാത്രമാണ്. കൂടുതല്‍ വെയിറ്റേജ് വ്യക്തിഗത അഭിമുഖത്തിനും എഴുത്തു പരീക്ഷക്കുമാണ് നല്‍കുന്നത്.
കാറ്റ് പരീക്ഷ എല്ലാവര്‍ക്കും ഒരു പോലെ ആണെങ്കിലും ഓരോ ഐ.ഐ.എമ്മുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് വ്യത്യസ്തമായിരിക്കും. ഐ.ഐ.എം. ബാംഗ്ലൂര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ അഭിമുഖത്തിന് നല്കുന്നത് 30 മാര്‍ക്കാണ്. അക്കാദമിക പ്രകടനത്തിനും ജോലിയിലെ മുന്‍പരിചയത്തിനുമായി 35 മാര്‍ക്കും എഴുത്തു പരീക്ഷക്ക് 10 മാര്‍ക്കുമാണ് ഐ.ഐ.എം. ബാംഗ്ലൂര്‍ നല്‍കുന്നത്.
ഐ.ഐ.എം. കല്‍ക്കട്ടയില്‍ 40 മാര്‍ക്ക് പത്താം ക്‌ളാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും മാര്‍ക്കിനാണ് നല്‍കുന്നത്. പെണ്‍കുട്ടികളാണെങ്കില്‍ 2 മാര്ക്ക് അധികം ലഭിക്കും.അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ കാറ്റ് സ്‌കോറിന് 50ല്‍ 15 മാര്‍ക്കും അഭിമുഖത്തിന് 24 മാര്‍ക്കും എഴുത്തു പരീക്ഷയ്ക്ക് 5 മാര്‍ക്കും പ്രവൃത്തി പരിചയത്തിന് 4 മാർക്കുമാണ് നല്‍കുന്നത്.