തൊഴിലാളിയായിരിക്കുക, അധ്വാനിച്ച് പ്രതിഫലം പറ്റുക, എന്നത് വളരെ മനോഹരമായ ഒരു പ്രക്രിയയാണ്. അധ്വാനിക്കുന്ന തൊഴിലാളിവർഗത്തെ ഓർമിപ്പിക്കുന്നതാണ് ഓരോ മെയ് ദിനങ്ങളും. പത്തൊൻപതാം നൂറ്റാണ്ടിൽ തൊഴിലാളി യൂണിയൻ പ്രസ്ഥാനങ്ങളിൽ ആരംഭിച്ച് ഇന്നും ലോകമെമ്പാടും അതേ തീവ്രതയോടെ ഓരോ മെയ് ദിനങ്ങളും ആചരിച്ച് പോരുന്നുണ്ട്. എട്ട് മണിക്കൂർ ജോലി എന്ന തൊഴിലാളികളുടെ ആവിശ്യം അംഗീകരിച്ചതിനെത്തുടർന്ന് മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കണമെന്ന ആശയം ആദ്യമായി ഉയർന്നുകേട്ടത് ഓസ്‌ട്രേലിയയിലായിരുന്നു. പിന്നീട് 1886 ൽ ചിക്കാഗോയിലെ ഹെയ്മർക്കെറ്റിൽ നടന്ന തൊഴിലാളി കൂട്ടക്കൊലയുടെ സ്മരണയും തൊഴിലാളി ദിനത്തിന് പിന്നിലുണ്ട്.

1904 ൽ ആംസ്റ്റർഡാമിൽ വച്ച് നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിൽ മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ തൊഴിലാളി ദിനം ആചരിച്ചുതുടങ്ങുന്നത് 1923 ൽ ചെന്നൈയിലാണ്. എൺപതോളം രാജ്യങ്ങളിൽ മെയ് 1 ദേശീയ അവധി ദിനമാണ്. അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് കൂടിയാണ് ഓരോ മെയ് ദിനങ്ങളും കടന്നുപോകുന്നത്.