ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുക്കളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് റോസെറ്റ സ്റ്റോൺ എന്നറിയപ്പെടുന്ന അതിപുരാതന ശിലാഫലകം. തകർന്ന ഫലകത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇവിടെ ഉള്ളത്. ഇതിൽ ഒരു സന്ദേശം 3 രീതികളിൽ കൊത്തിവച്ചിട്ടുണ്ട്. ചിത്രങ്ങളും അടയാളങ്ങളുമുപയോഗിച്ച് സന്ദേശങ്ങൾ കൈമാറാനുപയോഗിച്ചിരുന്ന പുരാതന ഭാഷയായ ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സ് വായിക്കാൻ ഗവേഷകരെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഈ ശിലാഫലകമായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്, 1799 ൽ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഈജിപ്റ്റ് അധിനിവേശത്തിനിടയിൽ, നെപ്പോളിയന്റെ പട്ടാളക്കാരനാണ് ഫലകം കിട്ടിയത് എന്നാണ് കഥ. മതില് പൊളിക്കുന്നതിനിടയിൽ ഇത് കണ്ട് കിട്ടുകയായിരുന്നു. അന്നുവരെ ഗവേഷകർക്ക് വായിക്കാൻ സാധിക്കാതിരുന്ന ഹൈറോഗ്ലിഫ്സ് വായിക്കാൻ സാധിച്ചു എന്നതാണ് ഫലകം കണ്ടെത്തിയതുകൊണ്ടുണ്ടായ ഗുണം. ഹൈറോഗ്ലിഫ്സിനെ കൂടാതെ മറ്റ് രണ്ട ഭാഷകളിൽ കൂടെ ഫലകത്തിൽ സന്ദേശം കൊത്തിവെച്ചിരുന്നു. അത് പുറത്ത ഗ്രീക്ക് ഭാഷയിലായിരുന്നു.

ഗ്രീക്ക് വായിക്കാൻ ഗവേഷകർക്ക് അറിയാമായിരുന്നത് കൊണ്ട് തന്നെ അതുപയോഗിച്ച് ഗവേഷകർ ഹൈറോഗ്ലിഫ്സ് വായിച്ചു. അത് വലിയൊരു മുന്നേറ്റമായിരുന്നെങ്കിലും ഈ ഫലകത്തിലുള്ള സന്ദേശം അത്ര പ്രാധാന്യമുള്ള ഒന്നായിരുന്നില്ല. അന്നത്തെ ഭരണാധികാരി ആയിരുന്ന ടോളെമി അഞ്ചാമന്റെ കിരീടധാരണത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട ഒരു ഉത്തരവായിരുന്നു അതിലുണ്ടായിരുന്നത്.

ശിലാഫലകം പിന്നീട് ലണ്ടനിലേക്ക് മാറ്റി. നെപ്പോളിയന്‌ തോൽവി നേരിടേണ്ടി വന്നതോടെയാണിത്. അലെക്‌സാൻഡ്രിയ ഉടമ്പടി പ്രകാരം അവിടെ നിന്നും കണ്ടെടുത്ത പുരാവസ്തുക്കളെല്ലാം ബ്രിട്ടന് അവകാശപ്പെട്ടതായിരുന്നു. അക്കൂട്ടത്തിൽ റോസെറ്റ സ്റ്റോണും കടൽ കടന്ന് ലണ്ടനിലേക്ക് എത്തുകയായിരുന്നു.