കാലുട്രോൺ ഗേൾസ്. ആറ്റംബോംബിന് പിന്നിൽ പ്രവർത്തിച്ച പതിനായിരത്തോളം വരുന്ന പെൺകുട്ടികൾ. എന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നത് എന്നറിയറിയാതെ അവർ യുറേനിയം ഐസോടോപ്പുകൾ വേർതിരിക്കുന്ന ഉപകരണങ്ങൾ മോണിറ്റർ ചെയ്തുകൊണ്ടേയിരുന്നു. ഹൈ സ്കൂൾ പഠനം കഴിഞ്ഞ്, 1940 കളിൽ രഹസ്യസ്വഭാവമുള്ള മാൻഹട്ടൻ പ്രോജെക്ടിൽ ജോയിൻ ചെയ്തവരായിരുന്നു അവർ. ഓക്ക്റിഡ്ജിലെ വൈ-12 ഫാക്ടറിയിൽ യൂറേനിയത്തിന്റെ രണ്ട് വേരിയന്റുകളായ യുറേനിയം 235ഉം 238ഉം വേർതിരിക്കുകയെന്ന ശ്രമകരമായ ജോലിയാണ് ഇവർ ചെയ്തുകൊണ്ടിരുന്നത്.
READ MORE : “ഞാൻ മരണമാകുന്നു, ലോകത്തിന്റെ അന്തകൻ”
ഖനനം ചെയ്‌തെടുക്കുന്ന യൂറേനിയത്തിൽ, യുറേനിയം 238 ഐസോടോപ്പുകളെക്കാൾ മാസ്സ് കുറവുള്ള യുറേനിയം 235 ഐസോടോപ്പുകളുടെ അളവും വളരെ കുറവായിരിക്കും. രണ്ട് വർഷം പരിശ്രമിച്ചാണ് കാലുട്രോൺ ഗേൾസ് ആറ്റംബോംബ് നിർമിക്കാനാവിശ്യമായ 64 കിലോഗ്രാം യുറേനിയം 235 വേർതിരിച്ചെടുത്തത്. അതുപയോഗിച്ചാണ് ലിറ്റിൽ ബോയ് എന്ന ആറ്റം ബോംബ് നിർമിച്ചതും ഹിരോഷിമയിൽ വർഷിച്ചതും. പതിവുപോലെ ഫാക്ടറിയിലെത്തിയ പെൺകുട്ടികൾ തങ്ങളും ഭാഗമായ നശീകരണ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ ചിലർ മൗനമായി വേദനിച്ചും മറ്റ് ചിലർ അമേരിക്കയുടെ നേട്ടത്തിൽ അഭിമാനിച്ചും പിന്നീട് പ്രതികരിച്ചു എന്നും ചരിത്രം.