കെമിക്കല്‍ ടെക്നോളജിയുടെ ഉപശാഖയാണ് പെയിന്റ് ടെക്‌നോളജി. പെയിന്റ് ടെക്നോളജിയെക്കുറിച്ച് ആളുകള്‍ക്ക് അറിയാത്തതിനാല്‍ വളരെ ചുരുക്കം കോളേജുകളില്‍ മാത്രമേ ഈ കോഴ്സ് പഠിപ്പിക്കുന്നുള്ളു. പെയിന്റ് നിര്‍മ്മാണത്തിലെ വസ്തുക്കളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ഉൾപ്പെടുന്ന രസതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പഠനശാഖയാണിത്. വിവിധ വസ്തുക്കള്‍ പെയിന്റുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിവിധ തരം പെയിന്റുകള്‍, അതിന്റെ ഉത്പാദന രീതി, ഘടന എന്നിവയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.
പോളിമെര്‍, ചായക്കൂട്ട്, ഡൈ, ജൈവലായകങ്ങള്‍, പദാര്‍ത്ഥങ്ങള്‍, ഹൈ സോളിഡ് കൊട്ടിങ്‌സ്, ഇലക്ട്രോ കോട്ടിങ്‌സ് എന്നിവ പെയിന്റ് ടെക്‌നോളജിയില്‍ ഉള്‍പ്പെടുന്ന പ്രധാന ഘടകങ്ങളാണ്. വാഹനനിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ പെയിന്റ് ടെക്‌നോളജിയെ അടിസ്ഥാനപ്പെട്ടുള്ളതാണ്. പെയിന്റ് വ്യവസായത്തിന്റെ വിവിധ മേഖലകളിലും പെയിന്റ് ടെക്‌നോളജിസ്റ്റ് പ്രവര്‍ത്തിക്കുന്നു. പെയിന്റ് നിര്‍മ്മാണ കമ്പനികളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനൊപ്പം ഗുണമേന്മ ഉറപ്പുവരുത്തല്‍, നിര്‍മ്മാണം, വിപണനം എന്നീ രംഗങ്ങളില്‍ തൊഴില്‍ ചെയ്യാവുന്നതാണ്.
പെയിന്റ് നിര്‍മ്മാണ കമ്പനികളിലെ അസംസ്‌കൃത വസ്തുക്കളുടെയും പൂര്‍ത്തിയായ ഉത്പന്നങ്ങളുടെ വിവിധ ഘട്ടങ്ങളുടെയും പരിശോധന, ഗുണമേന്മ ഉറപ്പാക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ശരാശരി 2 ലക്ഷം രൂപവരെ ശമ്പളം പ്രതീക്ഷിക്കാവുന്ന പെയിന്റ് ടെക്‌നൊളജിസ്‌റ് ആകാന്‍ ബി.ടെക് പെയിന്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പെയിന്റ് ആപ്ലിക്കേഷന്‍ ടെക്നോളജി, എം.ടെക് പെയിന്റ് ടെക്‌നോളജി, പെയിന്റ് ആന്‍ഡ് വാര്‍ണിഷ് ടെക്നോളജി, ബി.ടെക് സര്‍ഫസ് കോട്ടിങ് ടെക്നോളജി, എം.ടെക് സര്‍ഫസ് കോട്ടിങ് ടെക്നോളജി എന്നീ കോഴ്സുകള്‍ ചെയ്യാവുന്നതാണ്. വിദൂര പഠനത്തിനായി പെയിന്റ് ആന്‍ഡ് കോട്ടിങ് ടെക്നോളജിയും പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമുമുണ്ട്.
ഹാര്‍കോര്‍ട് ബട്‌ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പുര്‍, യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി ജല്‍ഗാവ്, ലക്ഷ്മി നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാഗ്പുര്‍, ഇൻഡസ്ട്രിയല്‍ റിസേര്‍ച് ലബോറട്ടറി കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ എന്നിവയാണ് ഈ സാങ്കേതികവിദ്യ പഠിക്കാവുന്ന പ്രധാന സ്ഥാപനങ്ങള്‍.