റബ്ബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്ന വ്യവസായങ്ങളിലൊക്കെ റബ്ബര്‍ ടെക്നോളജിസ്റ്റുകള്‍ ഉണ്ടാകും. വിമാനം മുതല്‍ സൈക്കിള്‍ വരെയുള്ള വാഹനങ്ങളുടെ ടയറുകള്‍, റബ്ബര്‍ മാറ്റുകള്‍ മുതല്‍ റബ്ബര്‍ ബാന്‍ഡ് വരെ ഈ മേഖലയില്‍ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് ലാറ്റെക്സും പ്രകൃതിദത്ത റബ്ബറും കൃത്രിമമായി വികസിപ്പിച്ചെടുക്കുന്ന സിന്തറ്റിക്ക് റബ്ബറുമാണ്. ഇവ സംസ്‌കരിച്ചുണ്ടാക്കുന്ന ഉല്‍പനങ്ങള്‍ ദൈന്യംദിന ജീവിതത്തില്‍ വിവിധതരം വ്യവസായങ്ങളുടെ ഭാഗമാകുന്നു.

പ്ലസ് ടുവില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പ്രധാന വിഷയങ്ങളായി എടുത്തവര്‍ക്ക് റബ്ബര്‍ ടെക്നോളജിയില്‍ ഡിപ്ലോമയോ, ബി.ഇ.യോ, ബി.ടെക്കോ എടുക്കാവുന്നതാണ്. റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക് ടെക്നോളജി ചെയ്യുവാനും ബി.ടെക്ക് കോഴ്സുണ്ട്. ബിരുദാനന്തര ബിരുദം ചെയ്യാനായി മേല്‍പറഞ്ഞ ബിരുദങ്ങള്‍ ഉണ്ടെങ്കിലേ സാധിക്കുകയുള്ളു. ബി.ടെക്കിനും, എം.ടെക്കിനും അഡ്മിഷനായി ഗേറ്റ് പോലുള്ള എന്‍ട്രന്‍സ് എക്സാമുകളും കടക്കണം.

ഉപയോഗശൂന്യമായ റബ്ബറിന്റെ റീസൈക്‌ളിങ്, അസംസ്‌കൃത വസ്തുകളുടെ വികസിപ്പിക്കല്‍, കട്ടി കുറഞ്ഞ ടി.പി.വി., ലാറ്റെക്സ് കോമ്പൗണ്ടിങ്, അസംസ്‌കൃത വസ്തുകളെ ഉപയോഗയുക്തമാകാനുള്ള വിവിധ വഴികള്‍, വിവിധ തരം പോളിമര്‍ വികസനം എന്നിങ്ങനെ ‘സ്‌പെഷ്യലൈസും’ ചെയ്യാവുന്നതാണ്.

വ്യാവസായിക റബ്ബര്‍ മേഖലയ്ക്ക് ഇന്ത്യയിലും വിദേശത്തും ഒരുപോലെ പ്രാധാന്യമുണ്ട്. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ജോലി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ടയറുനിര്‍മ്മാണം പോലെയുള്ള വ്യാവസായിക സ്ഥാപനങ്ങളിലും പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്കുപോലും പ്രതിമാസം ശരാശരി 75,000 രൂപ ശമ്പളം ലഭിക്കും. ഇന്ത്യയിലേക്കാള്‍ വിദേശത്താണ് ശമ്പളം അധികം ലഭിക്കുക. പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, ടെസ്റ്റിംഗ് ടെക്നോളജിസ്റ്റ്, എന്‍ജിനീയര്‍ അസിസ്റ്റന്റ്‌റ്, പ്രോസ്സെസ്ഡ് എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്, പോളിമര്‍ സ്‌പെഷ്യലിസ്റ്റ്, ഫെസിലിറ്റീസ് മാനേജര്‍, ക്വാളിറ്റി കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റ്, മോള്‍ഡ് ആന്‍ഡ് ഡൈ ടെക്നോളജിസ്റ്റ് എന്നിങ്ങനെ വിവിധ അവസരങ്ങള്‍ ഈ മേഖലയിലുണ്ട്.

ഗുജറാത്ത് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഗാന്ധിനഗര്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മദ്രാസ് ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടെക്നോളജി ചെന്നൈ, അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ, യൂണിവേഴ്സിറ്റി ഓഫ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കൊല്‍ക്കത്ത, ഹിന്ദുസ്ഥാന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ചെന്നൈ, ഐ.ഐ.ടി. ഖാഗര്‍പൂര്‍ പശ്ചിമ ബംഗാള്‍, എല്‍.ഡി. കോളേജ് ഓഫ് എന്‍ജിനീയറിങ് അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഇതു പഠിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here