സമൂഹം കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്നത് പ്രകൃതിയുമായാണ്. അനേയിനം വൃക്ഷങ്ങളും എണ്ണമറ്റ സസ്യങ്ങളും പലതരം ജന്തുജീവജാലങ്ങളും ഈ മരക്കാടുകള്‍ക്കിടയിലുണ്ട്. ഒരു പ്രദേശത്തിന്റെ തന്നെ കാലാവസ്ഥയും ജീവിത ശൈലിയും നിര്‍ണ്ണയിക്കുന്നതില്‍ വനങ്ങള്‍ക്ക് തീര്‍ച്ചയായും പങ്കുണ്ട്. അവയെക്കുറിച്ചുള്ള പഠനമേഖലയാണ് വന-വന്യജീവി പഠനം.

കാടുകളുടെ നിര്‍മ്മാണം, പരിപാലനം, ഉപയോഗം, കേടുപാട് തീര്‍ക്കല്‍ എന്നിവ ഈ ശാസ്ത്ര ശാഖയില്‍ ഉള്‍പ്പെടുന്നു. ജീവശാസ്ത്രപരമായും ഭൗതികപരമായും സാമൂഹികപരമായും രാഷ്ട്രീയപരമായും നിര്‍വ്വഹണപരമായുമുള്ള തത്വങ്ങള്‍ക്ക് അതിഷ്ഠിതമാണ് ഈ രംഗം. വിവിധയിനം ഉല്‍പനങ്ങള്‍ക്കുള്ള തടി, വിറക്, ശുദ്ധജല സംരക്ഷണം, പുനര്‍നിര്‍മ്മാണം, മണ്ണൊലിപ്പ് പോലുള്ള പ്രകൃതിക്ഷോഭങ്ങളെ മികച്ച നടപടികളിലൂടെ ചെറുത്തുനിര്‍ത്തല്‍, എല്ലാത്തിനുമപ്പുറം വനശീകരണം തടയില്‍ തുടങ്ങിയവ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്വങ്ങളാണ്.

പഠനത്തിനൊപ്പം കാടിനൊടും അനുബന്ധ മേഖലകളോടും താല്‍പര്യം ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. ഇതില്‍ ഉള്‍പ്പെടുന്ന വിവിധ മേഖലയില്‍ സ്‌പെഷ്യലൈസേഷനുകള്‍ക്കും സാധ്യതയുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തൃശ്ശൂരിലുള്ള കോളേജ് ഓഫ് ഫോറസ്ട്രിയില്‍ ബി.എസ്സ് സി. ഫോറസ്ട്രി ഹോണേഴ്‌സ് പഠിക്കാവുന്നതാണ്. നാല് വര്‍ഷത്തെ ബിരുദത്തിന് പ്ലസ് ടൂ ആണ് യോഗ്യത. 50 ശതമാനം മാര്‍ക്ക് ജനറല്‍ വിഭാഗത്തിലും എസ്.സി. / എസ്.ടി. വിഭാഗത്തില്‍ 45 ശതമാനവും ഉണ്ടായിരിക്കണം. പ്ലസ് ടു അവസാന വര്‍ഷം എഴുതുന്നവര്‍ക്കും പ്രൊവിഷണല്‍ വഴി ബിരുദത്തിന് അപേക്ഷിക്കാവുന്നതാണ്.

മിക്കവാറും എല്ലാ കോളജുകളിലും അവരവരുടേതായ പ്രവേശന പരീക്ഷ നടത്തും. ഐ.സി.എ.ആറിന്റെ അഖിലേന്ത്യാ പ്രവേശന പരീക്ഷ പാസായവര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. ഡെറാഡൂണിലെ തുലാസ് ഇന്‍സ്റ്റിറ്റ്യൂട്ട്, സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ ആന്‍ഡ് അലൈഡ് സയന്‍സസ്, ബിഫിറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന്‍സ്, ഉത്തരാഞ്ചല്‍ പി.ജി. കോളേജ് ഓഫ് ബയോമെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ഹോസ്പിറ്റല്‍, ഡോള്‍ഫിന്‍ പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ആന്‍ഡ് നാച്ചുറല്‍ സയന്‍സസ്, ദേവ് ഭൂമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, ഡൂണ്‍ ബിസിനസ് സ്‌കൂള്‍, ഹിന്ദ് ഗിരി സി യൂണിവേഴ്‌സിറ്റി, ഡൂണ്‍ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഉത്തരാഖണ്ഡിലെ ഹേംവതി നന്ദന്‍ ബാഹുഗുണ ഗര്‍വാള്‍ യൂണിവേഴ്‌സിറ്റി, ലഖ്‌നൗവിലെ ഇന്റെഗ്രല്‍ യൂണിവേഴ്‌സിറ്റി, ബിലാഫ്പൂരിലെ ഗുരു ഗസിലാസ് വിശ്വവിദ്യാലയ എന്നീ കോളേജുകളില്‍ ഇന്ത്യയില്‍ ഈ ബിരുദം പഠിപ്പിക്കുന്നു.

ജന്തുശാസ്ത്ര പാര്‍ക്കുകള്‍, വന്യമേഖലകള്‍, സ്വകാര്യ പ്‌ളാന്റേഷനുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍, അതിനുകീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് തൊഴില്‍സാദ്ധ്യതയുണ്ട്. വനം വകുപ്പിലും വന്യജീവി വകുപ്പിലും ദേശീയ ഉദ്യാനങ്ങളിലും അസിസ്റ്റന്റ് മാനേജര്‍, നഴ്‌സറി മാനേജര്‍, അഗ്രി ക്രെഡിറ്റ് മാനേജര്‍, ഫാമിംഗ് മാനേജര്‍ എന്നിവയ്‌ക്കൊപ്പം അധ്യാപനവും തൊഴില്‍ അവസരമായുണ്ട്. ഏഴു ലക്ഷം രൂപയോളം വാര്‍ഷിക ശമ്പളം ലഭിക്കുന്ന ഈ മേഖലയില്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറവായതിനാല്‍ ജോലി സാധ്യത ഏറെയാണ്.

Leave a Reply