ഒരു ജോലി കിട്ടിയിരുന്നേല്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു -കളിയായിട്ടും കാര്യമായിട്ടും പലരും ഇതു പറയാറുണ്ട്. വെറുതെ വീട്ടിയിരിക്കുന്നവനും സ്വപ്‌നം കാണുന്നത് ലീവെടുത്ത് വീട്ടിലിരിക്കുന്ന കാര്യമാണ്. കാരണം വെറുതെയിരിക്കുന്നതും ലീവെടുത്ത് വീട്ടിലിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് -ലീവെടുത്താണ് ഇരിക്കുന്നതെങ്കില്‍ ജോലിയുള്ളയാള്‍ക്ക് അവകാശപ്പെട്ട ശമ്പളം കിട്ടും. ഈ നിലപാട് വളരെ അപകടകരമാണ്.
എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങിയാല്‍ പിന്നെ ഒരു പണിയുമില്ല. അതുകൊണ്ട് ഇപ്പോള്‍ പഠിക്കൂ -മുതിര്‍ന്നവര്‍ പുതിയ തലമുറയോട് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ അദ്ധ്യാപകനോ ആണെങ്കില്‍ പരമസുഖം. ഇതാണ് നമ്മുടെ ധാരണ. ജോലി നേടുന്നതോടെ അവസാനിക്കുന്ന പ്രക്രിയ മാത്രമാണ് നമുക്ക് പഠനം. ഇത് ഇങ്ങനെ മതിയോ? ജോലി കിട്ടുന്നതു വരെ അദ്ധ്വാനിച്ചാല്‍ ജോലി കിട്ടിയ ശേഷം വിശ്രമിക്കാമെന്ന ചിന്താഗതി അങ്ങേയറ്റം സമൂഹവിരുദ്ധമാണ്.
അനുഭവ ജ്ഞാനം ഉണ്ടാവുന്നതാണ് തൊഴില്‍ മേഖലയില്‍ പ്രധാനമായി നാം ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ അത്തരം സങ്കല്പങ്ങള്‍ മാറിതുടങ്ങി. കാര്യങ്ങളെ വ്യത്യസ്തമായി കാണുന്നവരെയും പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മക പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നവരെയുമാണ് ഇന്നത്തെ തൊഴില്‍ മേഖലക്ക് ആവശ്യം. നിരന്തരമായ പഠനവും മനസ്സിലാക്കലും ഇതിനു വേണം. അനുഭവസമ്പത്തുള്ള മുതിര്‍ന്നവര്‍ പോലും പുതിയ കാലത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തക്കവണ്ണം അപ്‌ഡേറ്റ് ആയിരിക്കണം. അതായത് പ്രായഭേദമന്യേ സ്വയം പഠിച്ചുകൊണ്ടിരിക്കാന്‍ ഓരോരുത്തരും ഈ കാലത്ത് തയ്യാറാകണം.
കോര്‍പറേറ്റ് ബിസിനസ്സ് ലോകത്തെ കാര്യം മാത്രമല്ല ഇത്. പണ്ട് സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ സുഖമാണ് എന്ന കരുതിയിടത്ത് ഇന്ന് സ്ഥിതി മാറി. വിവരാവകാശനിയമവും ഈ-ഗവേര്‍ണന്‍സും വാര്‍ത്താചാനലുകളുടെ ഇടപെടലുകളും എല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഭരണനിര്‍വ്വഹണത്തിലെ എല്ലാ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ വേണമെന്ന അവസ്ഥയായി. അതിനും പഠനവും ഗവേഷണവും അത്യാവിശ്യമാണെന്നും വന്നു. എന്തിന് ഏറ്റവും സുഖമുള്ള ജോലി എന്ന നാം വിശേഷിപ്പിച്ചിട്ടുള്ള അദ്ധ്യാപനത്തിനു പോലും നിരന്തര പഠനവും തയ്യാറെടുപ്പും ഇന്ന് ആവശ്യമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ അവസാന ശ്വാസം വരെയും പഠിക്കാന്‍ തയ്യാറാകുന്നവരെയാണ് ജീവിതത്തിനും തൊഴില്‍ മേഖലക്കും ആവശ്യം.